LOADING

Type to search

Uncategorized

‘ആന്തൂർ’ ആവർത്തിക്കാതിരിക്കട്ടെ.., ഭിന്നശേഷിക്കാരന്റെ കടമുറിക്ക് അനുമതി നൽകാതെ നഗരൂർ പഞ്ചായത്ത്.

webdesk 2 months ago
Share

തിരുവനന്തപുരം:ആന്തൂർ നഗരസഭയുടെ കണ്ണിൽച്ചോരയില്ലാത്ത നടപടിക്കു സമാനമായി ഭിന്നശേഷിക്കാരന്റെ കടമുറിക്ക് അനുമതി നൽകാതെ നഗരൂർ പഞ്ചായത്ത്. വികലാംഗ ക്ഷേമ കോർപറേഷൻ നൽകിയ വായ്പയിൽ പണിത കടമുറിയാണ് പഞ്ചായത്തിന്റെ എതിർപ്പുമൂലം ഒരു വർഷമായി തുറക്കാനാവാതെ കിടക്കുന്നത്.

ഈഞ്ചവിള സ്വദേശിയായ ഭാസിയോടാണു പഞ്ചായത്തിന്റെ ക്രൂരത. 90 ശതമാനവും ഭിന്നശേഷിയുള്ളയാളാണ് ഭാസി. കൈകളുപയോഗിച്ച് ഇഴഞ്ഞാണു നടത്തം. റോഡ് പുറമ്പോക്കിൽ തട്ടിക്കൂട്ടിയ ചെറിയ കടയിലെ വരുമാനം കൊണ്ടാണ് ഭാസിയും ഭാര്യയും ഏഴാംക്ലാസുകാരനായ മകനും ജീവിക്കുന്നത്. നാട്ടുകാരാണ് ഭാസിയെ വികലാംഗക്ഷേമ കോർപറേഷനിലെത്തിച്ചത്.

സ്വന്തമായുള്ള 2 സെന്റ് ഭൂമിയിൽ കട പണിയാൻ 1.9 ലക്ഷം രൂപ വായ്പ അനുവദിച്ചു. ഈ പണം ഉപയോഗിച്ച് പ്രീ ഫാബ്റിക്കേറ്റഡ് കടമുറി തയാറാക്കി. പക്ഷേ, കടയിലേയ്ക്ക് റോഡിൽ നിന്ന് 3 മീറ്ററിനു പകരം 2.6 മീറ്റർ മാത്രമെ അകലമുള്ളൂ എന്നതിനാൽ കെട്ടിട നമ്പർ നൽകാനാവില്ലെന്നായിരുന്നു പ​ഞ്ചായത്തിന്റെ നിലപാട്. പലവട്ടം പഞ്ചായത്തിനെ സമീപിച്ചെങ്കിലും അനുകൂലമറുപടിയുണ്ടായില്ല.

ഇപ്പോൾ വായ്പ തിരിച്ചടവു തുടങ്ങി. രണ്ടാം ഗഡു കിട്ടിയിട്ടുമില്ല. കടയും റോഡും തമ്മിൽ 3 മീറ്റർ അകലമുണ്ടെന്നാണ് ഭാസി പറയുന്നത്. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വികലാംഗക്ഷേമ കോർപറേഷൻ എംഡി കത്തെഴുതിയിട്ടുപോലും നഗരൂർ പ‍ഞ്ചായത്ത് അധികൃതർ സഹായിച്ചില്ലെന്നും ഭാസി പറയുന്നു.