LOADING

Type to search

News

ഇതര സംസ്ഥാനക്കാരോടുള്ള പെരുമാറ്റത്തിലും സൗഹൃദത്തിലും കേരളം തന്നെ നം.1

webdesk 3 weeks ago
Share

ഇതരസംസ്ഥാനക്കാരോട് സൗഹാര്‍ദപരമായി പെരുമാറുകയും നയപരമായ തീരുമാനങ്ങളിലൂടെ സുരക്ഷയൊരുക്കുകയും ചെയ്യുന്നതില്‍ കേരളം മുന്നിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം തൊഴിലാളികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി ജോലി ചെയ്യുന്നത്. ഈ സംസ്ഥാനങ്ങളില്‍ മുംബൈ ആസ്ഥാനമായുള്ള ഇന്ത്യ മൈഗ്രേഷന്‍ നൗ എന്ന സംഘടന സര്‍വേ നടത്തി തയ്യാറാക്കിയ ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് പോളിസി ഇന്‍ക്‌സ് (ഇംപെക്‌സ് 2019) പ്രകാരം  62 സ്‌കോര്‍ നേടിയാണ് കേരളം ഒന്നാമതെത്തിയത്. സാമൂഹ്യ സാമ്പത്തിക നിലവാരം, ജനങ്ങളില്‍ നിന്നും ദേശങ്ങളില്‍ നിന്നുമുള്ള നേട്ടങ്ങള്‍ തുടങ്ങിയകാര്യങ്ങളാണ് സര്‍വേയ്ക്ക് വിധേയമാക്കിയത്.

പഠനവിധേയമാക്കിയ സംസഥാനങ്ങളുടെ മൊത്തം സ്ഥിതിയെടുത്ത് ശരാശരി കണക്കാക്കിയപ്പോള്‍ 41 ആയിരുന്നു സ്‌കോര്‍. അവിടെയാണ് 62 സ്‌കോര്‍ നേടി കേരളം ഒന്നാമത് നില്‍ക്കുന്നത്. പട്ടികയിലുള്ള ഏഴ് സംസഥാനങ്ങളില്‍ കേരളമൊഴികെ ഒന്നുപോലും 50 ന് മുകളില്‍ സ്‌കോര്‍ നേടിയില്ലെന്നതും ശ്രദ്ധേയമാണ്. ഡല്‍ഹി, ഗുജറാത്ത് എന്നിവയാണ് യഥാക്രമം 33, 35 സ്‌കോര്‍വീതം നേടി ഏറ്റവും പിറകിലുള്ളത്.

മഹാരാഷ്ട്ര 42, പഞ്ചാബ് 40, ഹരിയാന 38, തമിഴ്‌നാട് 37 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ സ്‌കോര്‍ നില. സംസ്ഥാനത്തെ ജനങ്ങളും ഇതര സംസ്ഥാനക്കാരും തമ്മില്‍ തൊഴില്‍ നയങ്ങള്‍, ശിശുസംരക്ഷണം, ഭവനം, സാമൂഹ്യ സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യപരിപാരലനം, രാഷ്ട്രീയ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളില്‍ സമഭാവനയാണോ നിലനില്‍ക്കുന്നത് എന്ന കാര്യമാണ് സര്‍വേ പ്രധാനമായും അന്വേഷിച്ചത്.

ഏറ്റവുമധികം ഇതര സംസ്ഥാനതൊഴിലാളികള്‍ ജീവിക്കുന്ന സംസ്ഥാനങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ കേരളത്തിന്റെ സമീപനങ്ങള്‍ വേറിട്ടുനില്‍ക്കുന്നുവെന്ന് സര്‍വേ കണ്ടെത്തി. ഇതര സംസ്ഥാനതൊഴിലാളികള്‍ക്കുള്ള തൊഴില്‍ ക്ഷേമ പദ്ധതികള്‍, ശിശുക്ഷേമ നയങ്ങള്‍ എന്നിവ കേരളത്തിലെല്ലായിടത്തും വ്യാപകമായി പരിപാലിക്കപ്പെടുന്നുണ്ട്. വിദ്യാഭ്യാസം, ക്ഷേമ – സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനായി വ്യക്തിഗത തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും പ്രത്യേകതയാണ്. നിയമപരമായി ക്ഷേമപദ്ധതി ആവിഷ്‌കരിച്ച സംസ്ഥാനവുമാണ് കേരളം.

അതിഥി തൊഴിലാളികള്‍ എന്നാണ് കേരളത്തില്‍ പരക്കെ ഇതര സംസ്ഥാന തൊഴിലാളികളെ സംബോധന ചെയ്യുന്നതെന്നും കണ്ടെത്തുകയുണ്ടായി. തൊഴില്‍ സൗഹൃദപരമായ രാഷ്ട്രീയ – സ്ഥാപന അന്തരീക്ഷമാണ് കേരളത്തില്‍ ഇതരസംസ്ഥാനക്കാരോട് ഈ മനോഭാവം ഉണ്ടാക്കുന്നതിന് പ്രധാന പങ്ക് വഹിച്ചത്. ഒപ്പം ലക്ഷക്കണക്കിന് കേരളീയര്‍ ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും തൊഴില്‍ തേടി പോകേണ്ടി വരുന്ന സാഹചര്യവും ഈയൊരു മനോഭാവം സൃഷ്ടിക്കുന്നതില്‍ നിര്‍ണ്ണായകാണെന്ന് സര്‍വേ റിപ്പോര്‍ട്ടിലുണ്ട്.