LOADING

Type to search

Uncategorized

പൂജയെടുപ്പിനുശേഷം പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച വേളിമല കുമാരസ്വാമിക്ക് ഭക്തരുടെ ഭക്തിനിർഭരമായ വരവേൽപ്പ്

webdesk 2 weeks ago
Share

തിരുവനന്തപുരം:പൂജയെടുപ്പിനുശേഷം പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച വേളിമല കുമാരസ്വാമിക്ക് ഭക്തരുടെ ഭക്തിനിർഭരമായ വരവേൽപ്പ്. തുടർന്ന് കമനീയമായ കാവടി ഘോഷയാത്രയും നടന്നു. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 5.30-ന് സരസ്വതി മണ്ഡപത്തിലും ബ്രഹ്മസഭാ ഗൃഹത്തിലും വിദ്യാരംഭ ചടങ്ങുകളും ഉണ്ടായിരുന്നു.രാവിലെ 5.30-ന് തുടങ്ങിയ ചടങ്ങുകൾ നാലുമണിക്കൂർ നീണ്ടു. രാവിലെ 9 മണിയോടെ കുമാരസ്വാമിയെ പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. കരമന ജങ്ഷനിൽ താലപ്പൊലി, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ, ബാൻഡ് മേളം, റോളർസ്‌കേറ്റിങ്‌ എന്നിവയുടെ അകമ്പടി യോടെ പൂജപ്പുരയിലേക്കു ആനയിച്ചു. വഴിനീളെ ഭക്തർ നിലവിളക്കും, നിറപറയും, പുഷ്പവൃഷ്ടിയും നടത്തിയാണ് സ്വീകരിച്ചത്. വെള്ളിക്കുതിരയിൽ കുമാരസ്വാമിയെ പൂജപ്പുര മണ്ഡപത്തിൽ 3 പ്രാവശ്യം വലംവച്ചശേഷം ഇറക്കിപ്പൂജ നടത്തി. കേരള പോലീസ് ഗാർഡ് ഓഫ് ഓണർനൽകി. തുടർന്ന് ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത കാവടി ഘോഷയാത്ര ചെങ്കള്ളൂർ മഹാദേവ ക്ഷേത്രത്തിൽനിന്നു ആരംഭിച്ച്‌ പൂജപ്പുര മണ്ഡപത്തിൽ എത്തി കുമാരസ്വാമിയുടെ അഭിഷേകം നടന്നു.വൈകുന്നേരം 4.15-ന് കുമാരസ്വാമിയുടെ പള്ളിവേട്ട ചടങ്ങുകൾ നടന്നു. തുടർന്ന് സായുധ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ക്ഷേത്രത്തിനുമുന്നിൽ തീർത്ത വേട്ടക്കളത്തിൽ കുമാരസ്വാമിയെ മൂന്നു പ്രാവശ്യം വലംവച്ചശേഷം വേട്ടക്കുറുപ്പ് അമ്പെയ്ത് വേട്ട നടത്തി. ഈ സമയത്ത് കതിനാവെടികളും ഭക്തരുടെ വായ്ക്കുരവകളും അന്തരീക്ഷത്തിലുയർന്നു. പള്ളിവേട്ടക്കുശേഷം കുമാരസ്വാമിയുടെ തിരിച്ചെഴുന്നള്ളത്ത് നടന്നതോടെ നവരാത്രി ഉത്സവത്തിനു സമാപനമായി