LOADING

Type to search

Uncategorized

25 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം; ചാവർകോട് സി.എച്ച്.എം.എം. കോളേജ് അടച്ചു

webdesk 6 days ago
Share

വർക്കല:വിദ്യാർഥികളിൽ മഞ്ഞപ്പിത്തബാധ കണ്ടെത്തിയതിനെത്തുടർന്ന് ചാവർകോട് സി.എച്ച്.എം.എം. കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് അടച്ചു. കോളേജിലെ 25 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കോളേജിലെ കാന്റീൻ ജീവനക്കാരനു മഞ്ഞപ്പിത്തം കണ്ടെത്തിയതിനെത്തുടർന്ന് കാന്റീനും അടച്ചു. വിദ്യാർഥികൾ വർക്കലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചത്. പരീക്ഷകൾ മാത്രമാണ് ഇപ്പോൾ കോളേജിൽ നടക്കുന്നത്.പകർച്ചവ്യാധിയുണ്ടായാൽ ഉറവിടം കണ്ടെത്തുന്നതുവരെ സ്ഥാപനം അടച്ചിടണമെന്നതിന്റെ അടിസ്ഥാനത്തിലാണ് കോളേജിന് ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് വിദ്യാർഥികളിൽ കൂട്ടത്തോടെ മഞ്ഞപ്പിത്തബാധയുണ്ടായത്. രണ്ടും മൂന്നുംപേർക്കു വീതമാണ് ആദ്യം മഞ്ഞപ്പിത്തം കണ്ടെത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം വർധിച്ചതോടെയാണ് ആരോഗ്യവകുപ്പ് ഇടപെട്ടത്. മണമ്പൂർ സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ പി.അനിൽകുമാർ, വർക്കല ബ്ലോക്ക് റൂറൽ ഹെൽത്ത് ഓഫീസർ പി.കെ.സതീശൻ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കോളേജിലെത്തി പരിശോധന നടത്തി.