LOADING

Type to search

Uncategorized

തിരുവനന്തപുരം ക്യാപ്പിറ്റോൾ തിയേറ്ററിൽ വിഗതകുമാരന്റെ പ്രദർശനം നടന്നിട്ട് 91 വർഷം തികഞ്ഞു.

webdesk 5 days ago
Share

തിരുവനന്തപുരം:മലയാളത്തിലെ ആദ്യ സിനിമ ‘വിഗതകുമാരൻ’ തിയേറ്ററിൽ എത്തിയിട്ട് 91 വർഷം തികഞ്ഞു. 1928 നവംബർ ഏഴിനാണ് തിരുവനന്തപുരം ക്യാപ്പിറ്റോൾ തിയേറ്ററിൽ (ഇന്നത്തെ ഏജീസ് ഓഫീസ്) മലയാളി നിർമിച്ച ആദ്യ സിനിമയുടെ പ്രദർശനം നടന്നത്.ജെ.സി.ഡാനിയേൽ എന്ന മനുഷ്യന്റെ സ്വപ്നസാഫല്യം ഒറ്റ പ്രദർശനത്തോടെ അവസാനിച്ചു. ചിത്രത്തിൽ ഒരു സ്ത്രീതന്നെ സ്ത്രീവേഷം കെട്ടിയതായിരുന്നു പ്രദർശനം തടസ്സപ്പെടുത്തിയതിനു കാരണമായത്. ക്ഷേത്രകലകളിലും നാടകങ്ങൾ അടക്കമുള്ള സ്റ്റേജ് കലാപരിപാടികളിലും സ്ത്രീവേഷം പുരുഷന്മാർ കെട്ടുന്ന കാലത്ത് ഒരു സിനിമയിൽ ഒരു സ്ത്രീ അഭിനയിച്ചത് സമൂഹത്തിനു സഹിക്കാവുന്നതായിരുന്നില്ല. ഈ സാമൂഹിക യാഥാർഥ്യം നന്നായറിയാവുന്ന ഡാനിയേൽ ഒരു നടിക്കായി ബോംബേയിൽ പലവട്ടം പോയതാണ്. ഒരാളെ നിശ്ചയിച്ചതുമാണ്. പക്ഷേ, തന്റെ മനസ്സിലുള്ള കഥാപാത്രത്തിന് ഇണങ്ങാത്തതായി തോന്നി. അവസാനമാണ് ആ അന്വേഷണം റോസിയിലെത്തിയത്.

 

തിരുവിതാംകൂറിൽ റാണി സേതു ലക്ഷിഭായി ഭരിക്കുന്ന കാലമാണ്. റോസിക്കും കുടുംബത്തിനും നേരേ ആക്രമണം ഉണ്ടാകും എന്നറിഞ്ഞ് പോലീസിന്റെ സംരക്ഷണം പോലും അവർ നൽകി.വിഗതകുമാരൻ തിരുവനന്തപുരത്ത് ഒറ്റ പ്രദർശനത്തിൽ അവസാനിപ്പിച്ചുവെങ്കിലും പിന്നീട് ആലപ്പുഴയിൽ ഒരാഴ്ചയോളം പ്രദർശിപ്പിച്ചു. അവിടെനിന്നാണ് നാഗവള്ളി ആർ.എസ്‌.കുറുപ്പ് സിനിമ കണ്ടതെന്ന് ചരിത്രം പറയുന്നു. പ്രദർശനത്തിനിടയിൽ വൈദ്യുതി പോയപ്പോൾ എണീറ്റ പ്രേക്ഷകരോട് കഥ പറയുന്നയാൾ ‘മലയാളിയുടെ സിനിമയല്ലേ കുറ്റവും കുറവും കാണും, നിങ്ങൾ ഇരുന്ന് സഹകരിക്കണം’ എന്ന കോളാംബിയിലൂടെയുള്ള അഭ്യർഥന പ്രേക്ഷകർ അംഗീകരിച്ച കാര്യവും നാഗവള്ളി പറയുന്നുണ്ട്. വിഗതകുമാരന്റെ പ്രദർശന ദിവസത്തെപ്പറ്റി ഇടയ്ക്ക് വിവാദം ഉണ്ടാക്കാനുള്ള ശ്രമം നടന്നിരുന്നു. ജീവിച്ചിരിക്കുമ്പോൾ ജെ.സി.ഡാനിയേലിനെ കണ്ടിട്ടുള്ള ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ, ഇടമറുക്, മണർക്കാട് മാത്യു, കുന്നുകുഴി മണി എന്നിവരുടെ സാക്ഷ്യപ്പെടുത്തൽ വിഗതകുമാരൻ 1928 നവംബർ 7-ന് പ്രദർശിപ്പിച്ചുവെന്നാണ്