LOADING

Type to search

Uncategorized

ലക്ഷദീപം പ്രമാണിച്ച് ‘ശ്രീപത്മനാഭം’ പുരസ്‌കാരം ഈ വര്‍ഷം മുതല്‍

webdesk 2 weeks ago
Share

തിരുവനന്തപുരം: മുറജപം ലക്ഷദീപത്തോടനുബന്ധിച്ച് ശ്രീപത്മനാഭ ഭസ്വാമിയുടെ നാമത്തില്‍ ശ്രീപത്മനാഭം പുരസ്‌കാരം ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തും. ഗുരുവായൂര്‍ ദേവസ്വത്തിലെ ചെമ്പൈ പുരസ്‌കാരത്തിന് സമാനമായി കലാസാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഇക്കൊല്ലം വേദശാസ്ത്ര രംഗത്തെ മികവിന് നല്‍കും. പുരസ്‌കാരം പിന്നാലെ പ്രഖ്യാപിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി രതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി രണ്ട് മുതല്‍ അഞ്ച് വരെ ദേശീയ വേദ സമ്മേളനം പാഞ്ചജന്യം കല്യാണമണ്ഡപത്തില്‍ നടക്കും. ഓരോ ദിവസവും ഋക്, യജുര്‍, സാമം, അഥര്‍വ വേദങ്ങളെ അധികരിച്ചു കേരളത്തിനകത്തും പുറത്തുമുള്ള പണ്ഡിതര്‍ പ്രബന്ധങ്ങളും പ്രഭാഷണവും അവതരിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷനാവും.

വരും വര്‍ഷങ്ങളില്‍ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് ദേശീയ നൃത്തസംഗീതമേള, വേദസമ്മേളനം എന്നിവ നടക്കും. ശ്രീപത്മനാഭം പുരസ്‌കാര സമര്‍പ്പണവും ഈ വേദിയില്‍ നടത്തും. മുറജപത്തില്‍ പങ്കെടുക്കാന്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളെയും മറ്റ് വൈദികരെയും നാളെ തിരുനാവായയില്‍ പോയി ക്ഷണിക്കും. സാധാരണ രാജാവാണ് ഇവരെ ക്ഷണിക്കാറുള്ളത്. മതിലകം ഓഫീസില്‍ നിന്ന് നേരത്തെ കത്തയച്ചിരുന്നു. മുറജപത്തിന്റെ അവസാനമുറയിലാണ് ഇവര്‍ എത്താറുള്ളത്. ഇക്കുറിയും അതുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു