കഴക്കൂട്ടം:പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം കഴക്കൂട്ടം അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം പൊതുമരാമത്ത് വകുപ്പ് സബ് ഡിവിഷണൽ ഓഫീസായി ഉയർത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിന് സമീപം പുതുതായി പ്രവർത്തനം ആരംഭിച്ച പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം കഴക്കൂട്ടം അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രന്റെ അഭ്യർത്ഥനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴക്കൂട്ടത്ത് കോടിക്കണക്കിന് രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ആണ് പുരോഗമിക്കുന്നത് എന്നും അവ സമയബന്ധിതമായി പൂർത്തിയാക്കാൻ വകുപ്പിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും ഈ സ്ഥലത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുവാൻ എല്ലാവിധ സൗകര്യങ്ങളോടും കൂടി ഒരു ഓഫീസ് കോംപ്ലക്‌സ് നിർമിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ് എന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പൊതുമരാമത്ത് വർക്കുകൾ നടക്കുന്ന മണ്ഡലമാണ് കഴക്കൂട്ടം എന്നും അതിനാൽ ഈ ഓഫീസ് സബ്ഡിവിഷണൽ ഓഫീസ് ആയി ഉയർത്തണമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച എംഎൽഎ കടകംപള്ളി സുരേന്ദ്രൻ അഭ്യർഥിക്കുകയായിരുന്നു. ഉദ്ഘാടന ചടങ്ങിൽ കൗൺസിലർമാരായ നാജ, സ്റ്റാൻലി ഡിക്രൂസ്, കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ ബീന, സൂപ്രണ്ടിംഗ് എഞ്ചിനീയർ ലൈജു, എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
