തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ 30 വർഷത്തോളം പഴക്കമുള്ള വിശ്വക്സേന വിഗ്രഹത്തിന്റെ പുനരുദ്ധാരണത്തോടനുബന്ധിച്ചുള്ള ദാരുപരിഗ്രഹം,മൃത്പരിഗ്രഹം എന്നിവ നടത്തുന്നതിനാവശ്യമായ കരിങ്ങാലി തടികളും,മറ്റു ദ്രവ്യങ്ങളും ശിവഗംഗ ജില്ലയിലെ തൃക്കോഷ്ടിയൂർ ഗ്രാമത്തിൽ നിന്നും ശില്പി തൃക്കോഷ്ടിയൂർ മാധവന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെത്തിച്ചു. ക്ഷേത്ര ഭരണസമിതി അംഗങ്ങളായ പ്രൊഫ.പി.കെ.മാധവൻ നായർ,കുമ്മനം രാജശേഖരൻ,എക്സിക്യൂട്ടീവ് ഓഫീസർ ബി.സുരേഷ്കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, ക്ഷേത്രഭരണസമിതി അംഗമായ ആദിത്യവർമ്മ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
