തിരുവനന്തപുരം: വണ്ടിത്തടം സ്വദേശി ഷഹന ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർതൃമാതാവ് സുനിത, ഭർത്താവ് നൗഫൽ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
കാട്ടക്കടയിൽനിന്നാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. ഏറെ നാളായി ഒളിവിലായിരുന്നു.
വണ്ടിത്തടം ക്രൈസ്‌റ്റ് നഗർ റോഡിൽ വാറുവിള പുത്തന്‍ വീട് ഷഹ്‌ന മൻസിലിൽ ഷാജഹാൻ സുൽഫത്ത് ദമ്പതിമാരുടെ മകൾ ഷഹന (23) ഡിസംബർ അവസാന വാരമാണ് മരിച്ചത്.
ഭർത്താവിന്റെ പീഡനത്തെ തുടർന്ന് സ്വന്തം വീട്ടിലായിരുന്നു ഷഹന. ഒന്നര വയസുള്ള മകളും ഒപ്പമുണ്ടായിരുന്നു. വീട്ടിൽനടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഷഹനയെയും മകളെയും കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് എത്തിയിരുന്നു. എന്നാൽ ഒപ്പം ചെല്ലാൻ ഷഹന തയാറായില്ല. കുട്ടിയെ കൂട്ടി ഭർത്താവ് പോയതിനു പിന്നാലെ ഷഹന മുറിയിൽ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു.