തിരുവനന്തപുരം: ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീർ (61) ആണ് മരിച്ചത്.
ദേശീയ പാതയിൽ കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന സ്ഥലത്ത് ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.
വിഴിഞ്ഞം പനത്തുറയിൽ നിന്നും കൊല്ലം ഭാഗത്തേക്ക് ആനയെ കയറ്റി പോകുകയായിരുന്ന ലോറി നസീർ ഓടിച്ചിരുന്ന ബൈക്കിൽ തട്ടുകയായിരുന്നു. ലോറിയുടെ പിൻചക്രം നസീറിന്റെ തലയിലൂടെ കയറിയിറങ്ങുകയും ഹെൽമറ്റ് പൂർണമായും തകരുകയും ചെയ്തു. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.