തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി എട്ടു മുതൽ 17 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ തോമസ് മാത്യു നിർവഹിച്ചു.
ആഘോഷ പരിപാടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷം ആശുപത്രിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാരെ അനുമോദിക്കുന്നതിനൊപ്പം ജീവനക്കാരുടെ വിവിധ കലാകായിക പരിപാടികളും സംഘടിപ്പിക്കും.
വ്യാഴം രാവിലെ 10 ന് ആശുപത്രി മെയിൻ ഗേറ്റിനു മുന്നിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീൻ, എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ എസ് ബിന്ദു, ചീഫ് നേഴ്സിംഗ് ഓഫീസർ സബിത, ലേ സെക്രട്ടറി അനിൽകുമാർ, അക്കൗണ്ട്സ് ഓഫീസർ രതീഷ്, സ്റ്റാഫ് വെൽഫെയർ കമ്മറ്റി കൺവീനർ രാജീവ് എന്നിവർ സംസാരിച്ചു.