പൂവത്തൂർ : വളർത്തുനായയുടെ നഖംകൊണ്ടതിനെത്തുടർന്ന് പേവിഷബാധയേറ്റ് സ്‌ത്രീ മരിച്ചു. പൂവത്തൂർ ചരുവിളാകം അനു ഭവനിൽ ജയ്‌നി(44) ആണ് മരിച്ചത്.
ജയ്‌നിയുടെ മകളെ രണ്ടരമാസം മുൻപ് വളർത്തുനായ കടിക്കുകയും ജയ്‌നിയുടെ കൈയിൽ നഖക്ഷതം ഏല്പിക്കുകയും ചെയ്തിരുന്നു.
മകൾക്ക് അന്നുതന്നെ വാക്‌സിൻ എടുത്തു. ഒരുമാസം കഴിഞ്ഞ് ഈ നായ ചത്തു. എന്നാൽ, തന്റെ കൈയിൽ നായയുടെ നഖംകൊണ്ടത് ഇവർ ആരോടും പറയുകയോ വാക്‌സിൻ എടുക്കുകയോ ചെയ്തില്ല.
മൂന്നുദിവസം മുൻപ് ക്ഷീണം അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ ചികിത്സതേടി. പിറ്റേന്ന് അസ്വസ്ഥത കൂടിയപ്പോൾ ഡോക്ടർ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയും പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ മരിച്ചു.