വർക്കല : വിവാഹപ്രായം തികയാത്ത പെൺകുട്ടിയെ വിവാഹം ചെയ്തയാളെ പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം സ്വദേശിയായ 24 വയസ്സുള്ള യുവാവിനെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. വർക്കല സ്വദേശിനിയായ 17 വയസ്സുള്ള പെൺകുട്ടിയെയാണ് ഇയാൾ വിവാഹം കഴിച്ചത്.
ആറുമാസം മുൻപ് പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. പെൺകുട്ടിയുടെ വയസ്സ് മറച്ചുവെച്ച് വിവാഹം നടത്തിയതിന് പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരേയും അയിരൂർ പോലീസ് കേസെടുത്തു.
വിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ പെൺകുട്ടി ഗർഭിണിയായി. തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന വിവരം ഡോക്ടർ തിരിച്ചറിയുന്നത്.
ഡോക്ടർ വിവരം പോലീസിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അയിരൂർ പോലീസ് നിയമനടപടികൾ സ്വീകരിക്കുകയായിരുന്നു. അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു.