കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 8വർഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ചു.
വിളപ്പിൽശാല നെടുങ്കുഴി ആഴാന്തകുഴിവിള പുത്തൻവീട്ടിൽ കണ്ണൻ(30)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേശ് കുമാർ ശിക്ഷിച്ചത്.പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം 5മാസം അധികതടവ് അനുഭവിക്കണമെന്നും വിധിയിൽപറയുന്നു.
2023ലാണ് കേസിനാസ്പദമായ സംഭവം.11 വയസുകാരിയായ പെൺകുട്ടിയെ ഫോൺനമ്പർ നൽകി പരിചയപ്പെട്ട പ്രതി പെൺകുട്ടിയുടെ വീടിന് പുറകുവശമെത്തി പ്രതിയുടെ അമ്മയെ കാണിക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടിൽ നിന്നും വിളിച്ചിറക്കുകയായിരുന്നു.വീടിനടുത്തുള്ള മതിലിന് സമീപമെത്തിച്ച പെൺകുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിച്ചു.കുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ മലയിൻകീഴ് പൊലീസിൽ പരാതി നൽകി.ഇതിനിടയിൽ കുട്ടിയുടെ സഹോദരൻ പ്രതിക്കൊപ്പം കുട്ടിയെ കാണുകയും തിരികെ വീട്ടിൽ കൊണ്ടുവരികയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
പൊലീസ് കുട്ടിയിൽ നിന്നും മൊഴിയെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകൾ ഹാജരാക്കുകയും ചെയ്തു.