തിരുവനന്തപുരം: മാസങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിക്കപ്പെട്ട നിരാലംബരും നിരാശ്രയരുമായ 21 പേരെ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആര്‍.ബിന്ദുവിന്റെ നേതൃത്വത്തില്‍ പത്തനാപുരം ഗാന്ധിഭവന്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് പുനരധിവസിപ്പിച്ചു.
സാമൂഹ്യനീതി വകുപ്പിന്റെ വയോരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മെഡിക്കൽ കോളേജിൽ നിന്നും കിടപ്പു രോഗികളായ 17 പുരുഷന്മാരും 4 സ്ത്രീകളുമുള്‍പ്പെടുന്ന 21 പേരെ മന്ത്രി ആർ.ബിന്ദു നേരിട്ടെത്തി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നിരവധി ആംബുലന്‍സുകളിലായി പത്തനാപുരം ഗാന്ധിഭവനിലേയ്ക്ക് മാറ്റിയത്. ഇവരില്‍ ഭൂരിഭാഗവും തീര്‍ത്തും കിടപ്പുരോഗികളാണ്.
ബന്ധുക്കളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലാത്തവരും അന്യസംസ്ഥാനക്കാരും ഉള്‍പ്പെടെയുള്ള ഇവരില്‍ പലര്‍ക്കും സ്വന്തം പേരോ നാടോ പോലും ഓര്‍മ്മയില്ലാത്ത അവസ്ഥയാണ്.
ഉറ്റവര്‍ പോലും തിരിഞ്ഞു നോക്കാതിരുന്ന തങ്ങള്‍ക്ക് തല ചായ്ക്കാന്‍ ഇടവും കഴിക്കാന്‍ അന്നവും ഉടുക്കാന്‍ വസ്ത്രവും നല്‍കി പരിചരിച്ച മെഡിക്കല്‍ കോളേജ് ജീവനക്കാരോട് രോഗികള്‍ യാത്ര പറയല്‍ ചുറ്റും കൂടി നിന്നവരുടെ കണ്ണുകള്‍ ഈറന്‍ അണിയിച്ചു.ഇത്രയും നാൾ രോഗികളെ പരിചരിച്ച ആശുപത്രിയെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.