തിരുവനന്തപുരം:ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം വിളംബരജാഥയ്ക്ക് ലഭിച്ചത് വൻ വരവേൽപ്പ്.
രാവിലെ 9.30ന് കനകക്കുന്ന് പാലസിന് മുന്നിൽ നിന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് വിളംബരജാഥ പുറപ്പെട്ടത്.
വി.കെ പ്രശാന്ത് എംഎൽഎ വിളംബര ജാഥയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്തു. വിപുലമായ പരിപാടികളോടെ അതിഗംഭീരമായാണ് ഇത്തവണ ഓണം എത്തുന്നതെന്നും നഗരത്തിലെ വൃദ്ധസദനങ്ങളിലുള്ളവർക്കും വിദേശ ടൂറിസ്റ്റുകൾക്കും സമാപന ദിവസത്തെ ഘോഷയാത്ര കാണുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കുമെന്നും എംഎൽഎ പറഞ്ഞു. കോർപ്പറേഷൻ കൗൺസിലർ എസ്.എം ബഷീർ, ചലച്ചിത്രതാരം പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.
വിളംബരജാഥയ്ക്ക് കളക്ടറേറ്റിലും ലഭിച്ചത് വലിയ സ്വീകരണമാണ്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പ്രവേശിച്ചത് മുതൽ ജീവനക്കാർ ചുറ്റിലും തടിച്ചു കൂടി. ജാഥയ്ക്ക് പകിട്ടേകിയ അർജുന നൃത്തവും കൃഷ്ണനാട്ടവും കണ്ടതോടെ സെൽഫി എടുക്കാനും ജീവനക്കാരുടെ തിരക്കായി.
കളക്ടർ അനു കുമാരി കൂടി എത്തിയതോടെ ആഘോഷം ഇരട്ടിയായി. കളക്ടർക്കൊപ്പം ഫോട്ടോ എടുത്തും വിശേഷങ്ങൾ പങ്കുവെച്ചതിനും ശേഷമാണ് ടീം മടങ്ങിയത്.
സ്റ്റാച്യു, പേരൂർക്കട, പത്മനാഭ സ്വാമി ക്ഷേത്രം, വികാസ് ഭവൻ, കേശവദാസപുരം, കരമന, പുത്തരിക്കണ്ടം, കുടപ്പനക്കുന്ന് എന്നിവിടങ്ങളിൽ സഞ്ചരിച്ചശേഷം വൈകിട്ട് ആറ് മണിയോടെ കനകക്കുന്നിൽ എത്തിയാണ് വിളംബര ജാഥ സമാപിച്ചത്.
തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിലാണ് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചത്. സെപ്റ്റംബർ മൂന്ന് മുതൽ ഒൻപത് വരെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്.