തിരുവനന്തപുരം:പഴമയുടെ പ്രൗഢിയും കുളിർമയുമേകി കനകക്കുന്നിലെത്തുന്നവർക്ക് കാഴ്ചയുടെ വേറിട്ട അനുഭവം പകർന്നു നൽകുകയാണ് നാലുകെട്ട് തറവാട്.
ഓണം വാരാഘോഷത്തോടനുബന്ധിച്ച് കൊട്ടാരത്തിന് സമീപത്തെ മഞ്ചാടി മരചുവട്ടിലാണ് തലയെടുപ്പോടെ ഈ തറവാട് ഒരുക്കിയിരിക്കുന്നത്. മുറ്റത്ത് തുളസിത്തറയും വിശാലമായ വരാന്തയിൽ നിരവധി തൂണുകളും, പ്രധാന വാതിലിനു മുന്നിലായി ചാരുകസേരയും വിളക്കും ഒക്കെ കാണിക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
തറവാടിന് മുന്നിൽ നിന്ന് ഫോട്ടോയും റീലുകളും എടുക്കാൻ പ്രായഭേദമന്യേ കേരളത്തിന്റെ തനതു വേഷമണിഞ്ഞ് ഓണം ആഘോഷിക്കാൻ എത്തുന്നവരുടെ തിരക്കാണ്.
കുടുംബസമേതം എത്തുന്നവർക്കും തറവാടിന് പുറത്ത് ഊഞ്ഞാലും പൂക്കളവുമൊക്കെയായി ഗൃഹാതുരുത്വം ഉണർത്തുന്ന അനുഭവമാണ് തറവാട് നൽകുന്നത്. ചിത്രങ്ങൾ എടുക്കുന്നതിനപ്പുറം പഴയ കാലത്തെ ഓണ ഓർമ്മകൾ ഓർത്തെടുക്കാനും അവ കുട്ടികളോട് പങ്കുവയ്ക്കാനും സാധിക്കുന്നു എന്നതാണ് തറവാടിന്റെ പ്രത്യേകത.