തിരുവനന്തപുരം:ഓണാഘോഷങ്ങളുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മെഗാ ഡ്രോൺ ഷോ കാണികളിൽ ഒരേസമയം കൗതുകവും വിസ്മയവും പടർത്തി.
ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി അവതരിപ്പിച്ച 20 മിനിറ്റ് ദൈർഘ്യമുള്ള വിസ്മയാവിഷ്‌ക്കാരം തലസ്ഥാന വാസികൾ ആവേശത്തോടെയാണ് കണ്ടുനിന്നത്.
കേരളത്തിന്റെ പൈതൃകവും ഓണത്തിന്റെ ആത്മാവും അവതരിപ്പിക്കുന്ന വിധത്തിലാണ് ആയിരക്കണക്കിന് ഡ്രോണുകൾ ഒരുമിച്ച് ആകാശത്ത് ഷോ ഒരുക്കിയത്. നൃത്തരൂപങ്ങളും കഥകളിയും ജഡായു പാറയും മുഖ്യമന്ത്രിയുടെ ഓണാശംസയും ഒന്നിന് പിറകെ ഒന്നായി മാനത്ത് നിറഞ്ഞു.
ബോട്ട് ലാബ് ഡൈനാമിക്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഡ്രോൺ ഷോ അവതരിപ്പിച്ചത്. ഇന്നും നാളെയും( ശനി, ഞായർ) ഷോ തുടരും. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന്റെ പരിസരത്ത് എത്താൻ സാധിക്കാത്തവർക്ക് നാല് കിലോമീറ്റർ ചുറ്റളവിൽ നിന്നും വീടുകളുടെ ടെറസിൽ നിന്നും ഡ്രോൺ ഷോ വീക്ഷിക്കാം.
കേരളത്തിന്റെ വികസന പുരോഗതിയുടെ ചെറു ചിത്രമാണ് ഇതെന്നും ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടിയത് ഡ്രോൺ ഷോയാണെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ അദ്ദേഹത്തോടൊപ്പം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ എന്നിവരും ഷോ കാണാൻ എത്തിയിരുന്നു.