തിരുവനന്തപുരം:ഓണം വാരാഘോഷത്തിന്റെ ആറാം ദിവസം കനകക്കുന്നിലെത്തിയരെ കൗതുകത്തിലാഴ്ത്തി പാങ്ങോട് മിലിട്ടറി സ്റ്റേഷന്റെ ആയുധ പ്രദർശനം.
കനകക്കുന്ന് കൊട്ടാരത്തിന് സമീപം പ്രത്യേകമായി തയ്യാറാക്കിയ പ്രദേശത്താണ് പ്രദർശനം നടക്കുന്നത്. കഴിഞ്ഞ ദിവസം മുതലാണ് പ്രദർശനം ഒരുക്കിയത്.
വെപ്പൺ ആൻഡ് എക്യുപ്മെന്റസ് ഡിസ്പ്ലേ ഓഫ് ഇന്ത്യൻ, ആർമി ഡെമോൺസ്ട്രേറ്റിംഗ് ദി മൈറ്റ് ഓഫ് ആർമി എന്ന പേരിലാണ് പ്രദർശനം. പാങ്ങോട് മിലിറ്ററി സ്റ്റേഷനിലെ മുപ്പതോളം ജവാൻമാരാണ് കാണികൾക്ക് ആയുധങ്ങളെ പറ്റി വിശദീകരണം നൽകുന്നത്.
ആന്റി ടാങ്ക് ഗെയ്ഡഡ് മിസൈൽ, ഓട്ടോമാറ്റിക് ഗ്രനേഡ് ലോഞ്ചർ, മൾട്ടിപ്പിൾ ഗ്രനേഡ് ലോഞ്ചർ, സിഗ്സോർ അസോൾട്ട് റൈഫിൾസ്, ലൈറ്റ് മെഷീൻ ഗൺസ്, റോക്കറ്റ് ലോഞ്ചർ എന്നിവയാണ് പ്രദർശനത്തിലുള്ളത്. തോക്കുകൾ കയ്യിലെടുക്കാനും ഫോട്ടോ എടുക്കാനും കാണികൾക്കും അവസരമുണ്ട്.
പ്രദർശനത്തിൽ എത്തുന്നവർക്കായി മിലിറ്ററി ബാന്റിന്റെ പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. വാരാഘോഷത്തിന്റെ അവസാന ദിവസമായ ഇന്ന് വൈകിട്ട് 6.30 വരെ പ്രദർശനം ഉണ്ടാകും.