തിരുവനന്തപുരം : ഓണം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് 59 ഫ്ലോട്ടുകളും 91 കലാരൂപങ്ങളുമായി ഒരുക്കുന്ന ഘോഷയാത്ര ഇന്ന് (സെപ്റ്റംബർ 9) നടക്കും.
ഘോഷയാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിലയിരുത്തി. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അദ്ദേഹം അറിയിച്ചു. പോലീസിന്റെയും വോളന്റിയേഴ്സിന്റെയും പ്രത്യേക യോഗം ചേർന്നു. വിവിഐപി പവലിയനും മന്ത്രി സന്ദർശിച്ചു.
സുരക്ഷയ്ക്ക് മുൻതൂക്കം നൽകി എല്ലാവർക്കും ഘോഷയാത്ര കാണുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ഫ്‌ളോട്ടുകൾ തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നാനാത്വത്തിൽ ഏകത്വം’ എന്ന പ്രമേയം മുൻനിർത്തി ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള
ഇന്ത്യൻ ഗ്രാമീണ കലാരൂപങ്ങളും ഘോഷയാത്രയിൽ ഒത്തുചേരും. പൂക്കാവടി, ഓണപ്പൊട്ടൻ, ശിങ്കാരിമേളം, ചെണ്ടമേളം, ആഫ്രിക്കൻ ബാൻഡ്, കിവി ഡാൻസ്, മുയൽ ഡാൻസ്, ഗൊപ്പിയാള നൃത്തം, അലാമിക്കളി, മുറം ഡാൻസ്, ഡ്രാഗൺ തെയ്യം, ഫിഷ് ഡാൻസ് തുടങ്ങിയ കലാരൂപങ്ങളും മിഴിവേകും.
കേരളീയ പൈതൃകവും സിനിമയും സാഹിത്യവും സ്ത്രീശാക്തീകരണവും സ്ത്രീ സുരക്ഷയും ആരോഗ്യശീലങ്ങളും ശാസ്ത്ര സാങ്കേതികവിദ്യയും ജീവ സുരക്ഷാ സന്ദേശങ്ങളും ഫ്ലോട്ടുകൾക്ക് ജീവൻ പകരും.
ആനുകാലിക പ്രാധാന്യമുള്ളതും കഴിയുന്നത്ര കൃത്രിമത്വം ഒഴിവാക്കിയുള്ളതുമായ ഫ്‌ളോട്ടുകളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.