തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ കേരളത്തില്‍ പ്രവേശിക്കും. പദയാത്രയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും കെപിസിസിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പാറശാലയില്‍ നിന്നും രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കും. കേരളത്തില്‍ നിന്നുള്ള പദയാത്രികരും യാത്രയ്ക്കൊപ്പം അണിചേരും.സെപ്റ്റംബര്‍ 7ന് കന്യാകുമാരിയില്‍ നിന്നാണ് ജോഡോ യാത്ര ആരംഭിച്ചത്. ഞായറാഴ്ച രാത്രിയോടെ യാത്ര കേരള അതിര്‍ത്തിയായ പാറശാല ചേരുവരകോണത്തെത്തും. സെപ്റ്റംബര്‍ 11ന് രാവിലെ 7ന് പാറശാലയില്‍ നിന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി, പ്രതിപക്ഷനേതാവ് വി.ഡി സതീശന്, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.മുരളീധരന് എംപി, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ ചേര്‍ന്ന് ജാഥയെ സ്വീകരിക്കും.