Search
Close this search box.

ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങള്‍ക്ക് തുടര്‍പിന്തുണാ പദ്ധതി വരുന്നു

IMG-20220929-WA0051

 

 

തിരുവനന്തപുരം: ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങള്‍ക്ക് ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്കും വികാസത്തിനും പിന്തുണ നല്‍കുന്ന തുടര്‍പിന്തുണാ പദ്ധതി ഈ വര്‍ഷം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഇത്തരം കുട്ടികള്‍ക്ക് കൂടുതല്‍ പിന്തുണ ആവശ്യമാണ്. അതിന്റെ ഭാഗമായി ആര്‍ബിഎസ്‌കെ നഴ്‌സുമാരെക്കൂടി ഉള്‍പ്പെടുത്തി ഡിസ്ട്രിക് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകളുടെ കൂടി സഹായത്തോടെ സമൂഹത്തില്‍ ഇടപെട്ടുകൊണ്ട് കുഞ്ഞുങ്ങളുടെ വളര്‍ച്ചയും പുരോഗതിയും ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി ശിശുഹൃദയ വിഭാഗം സംഘടിപ്പിച്ച ലോക ഹൃദയ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

കുഞ്ഞുങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കുന്ന ഈ പദ്ധതി നടപ്പിലാക്കുന്നതിന് ഒരു മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം കുഞ്ഞുങ്ങള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും സാധാരണ കുഞ്ഞുങ്ങളെപ്പോലെ ജീവിതം ഏറ്റവും മനോഹരമായി കൊണ്ടുപോകാന്‍ കഴിയുന്ന തുടര്‍ പിന്തുണയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജന്മനാ ഗുരുതര ഹൃദയ വൈകല്യമുള്ള 100 കുട്ടികള്‍ക്കും തുടര്‍ന്ന് ഹൃദ്യം പദ്ധതിയുടെ കീഴില്‍ വരുന്ന എല്ലാ കുട്ടികള്‍ക്കും ഈ സേവനം ലഭ്യമാകും.

 

വളരെ വലിയ സേവനം നല്‍കുന്ന വിഭാഗമാണ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം. ഈ സര്‍ക്കാരിന്റെ കാലത്താണ് പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന സൗകര്യങ്ങളോടു കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചത്. പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിന് ഒരു സമര്‍പ്പിത പീഡിയാട്രിക് കാത്ത് ലാബും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായ പീഡിയാട്രിക് കാര്‍ഡിയാക് ഓപ്പറേഷന്‍ തിയേറ്ററുമുണ്ട്. ഈ സൗകര്യങ്ങളുള്ള ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാണിത്. ഇതുവരെ ജന്മനാ ഹൃദ്രോഗമുള്ള 300ലധികം കുട്ടികള്‍ക്ക് കാത്ത്‌ലാബ് ചികിത്സ നല്‍കിയിട്ടുണ്ട്. ജന്മനാ ഹൃദ്രോഗമുള്ള 50ലധികം കുട്ടികള്‍ക്ക് വിജയകരമായി സര്‍ജറി നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ മുഖേന എല്ലാ ചികിത്സകളും സൗജന്യമാണ്. ചൊവ്വ, ശനി, ദിവസങ്ങളില്‍ ആഴ്ചയില്‍ 2 തവണ കാര്‍ഡിയോളജി ഒ.പി വിഭാഗം പ്രവര്‍ത്തിക്കുന്നു.

 

ഗര്‍ഭസ്ഥ ശിശു, നവജാത ശിശു, കുട്ടികളുടെ എക്കോ കാര്‍ഡിയോഗ്രഫി എന്നിവ കൃത്യമായി നടന്നു വരുന്നു. ഓരോ മാസവും ശരാശരി 350 കുട്ടികളുടെ എക്കോ കാര്‍ഡിയോഗ്രഫിയും 200 ഗര്‍ഭസ്ഥ ശിശുക്കളുടെ എക്കോ കാര്‍ഡിയോഗ്രഫിയും നടത്താന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെഡിക്കല്‍ കോളേജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, പ്രിന്‍സിപ്പല്‍ ഡോ. കലാ കേശവന്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു, നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഡി.ആര്‍. അനില്‍, എന്‍.എച്ച്.എം. പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. എസ്. ലക്ഷ്മി, കാര്‍ഡിയോ തൊറാസിക് വിഭാഗം പ്രൊഫസര്‍ ഡോ. സി.വി. വിനു എന്നിവര്‍ പങ്കെടുത്തു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ കൂട്ടായ്മയിലും മന്ത്രി പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!