തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം; അഭിനന്ദിച്ച് ആരോഗ്യ മന്ത്രി

IMG-20221026-WA0053

 

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജിലെത്തി മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ചു. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ മലപ്പുറം സ്വദേശി ഹെലന്‍ കുമാറിനേയും (53) കരള്‍ പകുത്ത് നല്‍കിയ സഹോദരി ഭര്‍ത്താവ് ജോണിനേയും (43) മന്ത്രി നേരിട്ട് കണ്ട് സന്തോഷം പങ്കുവച്ചു. വളരെ സന്തോഷമുണ്ടെന്നും എല്ലാവരോടും കടപ്പാടുണ്ടെന്നും ഹെലന്‍കുമാറും ഭാര്യയും പറഞ്ഞു.

 

ഒക്‌ടോബര്‍ ആറാം തീയതിയാണ് മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഹെലന്‍ കുമാറിന് നാഷ് എന്ന അസുഖം മുഖാന്തിരം കരളില്‍ സിറോസിസും കാന്‍സറും ബാധിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്നു. 20 ദിവസത്തെ നിരീക്ഷണത്തിന് ശേഷം ആരോഗ്യനില തൃപ്തികരമായതിനാല്‍ ഹെലന്‍ കുമാറിനേയും ജോണിനേയും ഡിസ്ചാര്‍ജ് ചെയ്തു.

 

കോട്ടയം മെഡിക്കല്‍ കോളേജിന് പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓരോ ഘട്ടത്തിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സേവനങ്ങളെ മന്ത്രി പ്രശംസിച്ചു.

 

സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം ഡോ. രമേഷ് രാജന്‍, ഡോ. ബോണി നടേഷ്, ഡോ. റോബി ദാസ്, ഡോ. അനന്തകൃഷ്ണ, സീനിയര്‍ റസിഡന്റുമാര്‍, അനസ്തീഷ്യ ആന്റ് ക്രിറ്റിക്കല്‍ കെയര്‍ ഡോ. ശോഭ, ഡോ. ജയചന്ദ്രന്‍, ഡോ. അനില്‍ സത്യദാസ്, ഡോ. അന്‍സാര്‍, ഡോ. ഹരി, ഡോ. അരുണ്‍, ഡോ. ശ്രീകാന്ത്, ഡോ. അനീഷ് മെഡിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം ഡോ. കൃഷ്ണദാസ്, ഡോ. ശ്രീജയ, സീനിയര്‍ റസിഡന്റുമാര്‍, റേഡിയോളജി വിഭാഗം ഡോ. ജയശ്രീ, ഡോ. ശ്രീപ്രിയ, ഡോ. പ്രഭാഷ് ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ഡോ. മായ, ഷാനവാസ്, ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം ഡോ. അരവിന്ദ്, കാര്‍ഡിയോളജി വിഭാഗം ഡോ. ശിവപ്രസാദ്, പള്‍മണറി വിഭാഗം ഡോ. ഫത്താഹുദ്ദീന്‍, ഡോ. ജയപ്രകാശ്, മൈക്രോബയോളജി വിഭാഗം ഡോ. മഞ്ജുശ്രീ, ഡോ. സത്യഭാമ, ഡോ. സരിത, പത്തോളജി വിഭാഗം ഡോ. ലൈല രാജി, ഡോ. ലക്ഷ്മി, കെ. സോട്ടോ ഡോ. നോബിള്‍ ഗ്രേഷ്യസ്, നഴ്‌സിംഗ് വിഭാഗം മായ, മഞ്ജുഷ, ജിറ്റ, സിബി, വിഷ്ണു, ശരവണന്‍, നിഷ, ഫ്‌ളോറ, രമ്യ, ശ്രീലേഖ, ബ്ലസി, സ്മിത, സരിത, നീതു, വിനു, അശ്വനി, ഷേര്‍ളി, ശ്രീജ, വിദ്യ, ടെക്‌നീഷ്യന്‍മാരായ റസ്വി, ശ്യാം, ശ്യാംജിത്ത്, ബിജിന്‍, ശരണ്യ, പ്രതീഷ്, ഗോകുല്‍, വിപിന്‍, നിതിന്‍, ബയോമെഡിക്കല്‍ എഞ്ചിനീയര്‍ നിസ, മറ്റ് ജീവനക്കാര്‍ തുടങ്ങിയ 50ല്‍ പരം പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കരള്‍ മാറ്റിവയ്ക്കല്‍ പ്രക്രിയ നടത്താനായത്.

 

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, പ്രിന്‍സിപ്പല്‍ ഡോ. കലാകേശവന്‍, ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദീന്‍, നഴ്‌സിംഗ് ഓഫീസര്‍ സബിത, നഴ്‌സിംഗ് സൂപ്രണ്ട് അനിത, ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രി, എറണാകുളം അമൃത ആശുപത്രി എന്നിവരുടെ സഹകരണവുമുണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular