തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ നിന്നും കഞ്ചാവ് പിടികൂടി. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ഹസറത്ത് നിസാമുദീൻ തിരുവനന്തപുരം ട്രെയിനിന്റെ പുറകിലുള്ള ജനറൽ കോച്ചിനുള്ളിൽ സീറ്റിനടിയിലായി സൂക്ഷിച്ച 4 പൊതികളിലായി 8.215 കിലോഗ്രാം കഞ്ചാവാണു പിടിച്ചെടുത്തത്. ക്രിസ്തുമസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സിഐ ബി.എൽ. ഷിബു, റെയിൽവേ സംരക്ഷണ സേന എസ്ഐ പി.ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണു കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്തികൊണ്ട് വന്ന പ്രതിയെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.