കല്യാണ വീട്ടിൽ കവർച്ച; മോഷണം പോയ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കാട്ടാക്കട: മാറനല്ലൂരില്‍ വിവാഹവീട്ടില്‍നിന്നു മോഷണം പോയ സ്വര്‍ണം ദിവസങ്ങള്‍ക്കു ശേഷം വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് 17.5 പവന്‍ സ്വര്‍ണം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയില്‍ ഇന്നു രാവിലെ വീടിനു സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

14ന് മാറനല്ലൂര്‍ പുന്നൂവൂരില്‍ ഗില്ലിന്‍ എന്നയാളുടെ വീട്ടിലാണ് വിവാഹത്തിനിടെ മോഷണം നടന്നത്. വിവാഹശേഷം വരനും വധുവും ബന്ധുവീട്ടില്‍ വിരുന്നിനു പോയ ശേഷം രാത്രി തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഗില്ലിന്റെ ഭാര്യയുടെ ആഭരണങ്ങളാണ് നഷ്ടമായത്.

30 പവന്‍ സ്വര്‍ണം വച്ചിരുന്ന ബാഗില്‍നിന്ന് 17.5 പവന്‍ ആണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തി സംശയമുള്ളവരെ ചോദ്യം ചെയ്യുകയും വിരലടയാളം ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇന്നു രാവിലെ മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ പൊതിഞ്ഞ നിലയില്‍ ആരോ വീടിനു സമീപത്തെ വഴിയില്‍ ഉപേക്ഷിച്ചത്.