പോത്തൻകോട് : ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
കണിയാപുരം വാടയിൽമുക്ക് പുത്തൻകടവ് റോഡ് ക്രിസന്റ് ഹൗസിൽ സുലൈമാന്റെയും ഷൈലജയുടെയും മകൻ സുധി എസ്.സുലൈ (28) ആണ് മരിച്ചത്.രണ്ടു മാസം മുൻപാണ് സുധിയുടെ വിവാഹം കഴിഞ്ഞത്. ബൈക്ക് ഓടിച്ച സുഹൃത്ത് പറമ്പിൽപാലം സ്വദേശി ഹാഷിറിന്റെ (26) കാലിനു ഗുരുതരമായി പരുക്കേറ്റു.
ഹാഷിറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പോത്തൻകോട്– വെട്ടുറോഡ് റോഡിൽ മേലെ ചന്തവിളയിൽ ഇന്നലെ പുലർച്ചെ 1ന് ആയിരുന്നു അപകടം. അടുത്ത സുഹൃത്തുക്കളോടൊപ്പം സൽക്കാരത്തിൽ പങ്കെടുത്തശേഷം വെട്ടുറോഡിൽ നിന്നു പോത്തൻകോട് ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും. അമിത വേഗം കാരണം ബൈക്കിന്റെ നിയന്ത്രണംവിട്ട് എതിരെ വന്ന വാനിൽ ഇടിക്കുകയായിരുന്നു.
മിൽമയ്ക്കു വേണ്ടി പാൽ എടുക്കാൻ വന്ന വാൻ തലകീഴായി മറിഞ്ഞെങ്കിലും ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികരെ പൊലീസ് എത്തി ആംബുലൻസിൽ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധിയെ രക്ഷിക്കാനായില്ല.
കഴിഞ്ഞ നവംബർ 23ന് ആയിരുന്നു സുധിയും അടൂർ സ്വദേശി അഷ്ന എസ്.അലിയും തമ്മിലുള്ള വിവാഹം.