Tag: ആമയിഴഞ്ചാൻ തോട്

  • ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യനീക്കത്തിനായി റോബോട്ടിക് സംവിധാനം

    ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യനീക്കത്തിനായി റോബോട്ടിക് സംവിധാനം

    തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യനീക്കത്തിനായി എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ജി – സ്‌പൈഡർ കനാൽ ക്ലീനിംഗ് റോബോട്ടിക് സംവിധാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

    ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടയിൽ ജോയ് എന്ന തൊഴിലാളി മരിച്ച സാഹചര്യം ഒഴിവാക്കാൻ മനുഷ്യ ഇടപെടലില്ലാത്ത സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു.

    ഇതിന്റെ അടിസ്ഥാനത്തിൽ ശുചിത്വ മേഖലയിൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനമായ ജെൻ റോബോട്ടിക്‌സ് തിരുവനന്തപുരം നഗരസഭയ്ക്ക് വേണ്ടി പുതിയ സംവിധാനം വികസിപ്പിക്കുകയായിരുന്നു. മാലിന്യമുക്ത നവകേരളത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ നവീന പദ്ധതിയെന്നും കനാൽ ക്ലീനിംഗ് റോബോട്ടിക് സംവിധാനം മറ്റു സ്ഥലങ്ങളിലും സ്ഥാപിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

    മാലിന്യ സംസ്‌കരണത്തിൽ കേരളം മികച്ച മാതൃക സൃഷ്ടിക്കുകയാണ്. സംസ്ഥാനത്ത് സാനിറ്ററി മാലിന്യ സംസ്‌കരണത്തിനായി നാല് പുതിയ പ്ലാന്റുകളുടെ നിർമ്മാണം അടുത്താഴ്ച ആരംഭിക്കും. ആറ് മാസത്തിനുള്ളിൽ കേരളത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന മുഴുവൻ സാനിറ്ററി മാലിന്യങ്ങളും സംസ്‌കരിക്കാനുള്ള ശേഷി സംസ്ഥാനം കൈവരിക്കും.

    ഹരിതകർമസേന വഴിയുള്ള മാലിന്യ ശേഖരണം 37 ശതമാനത്തിൽ നിന്ന് 98.5 ശതമാനമായി ഉയർത്താൻ സാധിച്ചതായും ഈ മാതൃകയ്ക്ക് ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചതായും മന്ത്രി പറഞ്ഞു.

    ബ്രഹ്‌മപുരം മാലിന്യസംസ്‌കരണത്തിൽ വലിയ പുരോഗതി കൈവരിക്കാൻ സാധിച്ചു. ഒൻപത് ലക്ഷം മെട്രിക് ടൺ മാലിന്യത്തിൽ 90 ശതമാനവും നിലവിൽ നീക്കം ചെയ്തു. ബ്രഹ്‌മപുരത്ത് നിർമ്മിച്ച 100 കോടി രൂപയുടെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് ഫെബ്രുവരി 28-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിനു പുറമെ കൊല്ലം, കോഴിക്കോട്, പാലക്കാട്, തൃശൂർ, ചങ്ങനാശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലും കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു.

    ജോയിയുടെ കുടുംബത്തിന് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റിയതായി മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ സ്ഥലത്ത് കോർപ്പറേഷൻ വീട് നിർമ്മിച്ചു നൽകി. കൂടാതെ സംസ്ഥാന സർക്കാർ 10 ലക്ഷം രൂപയുടെ ധനസഹായവും ജോയിയുടെ അമ്മയ്ക്ക് കൈമാറി.

    ആമയിഴഞ്ചാൻ തോട്ടിലെ സംവിധാനത്തിന്റെ പൂർണ്ണ ചെലവ് ജെൻ റോബോട്ടിക്‌സാണ് വഹിക്കുന്നത്. സംവിധാനം സ്ഥാപിക്കുന്നതും മറ്റ് തുടർപ്രവർത്തനങ്ങളും തിരുവനന്തപുരം കോർപ്പറേഷൻ നിർവഹിക്കും.

    ചടങ്ങിൽ മേയർ അഡ്വ. വി വി രാജേഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ ജി എസ് ആശാ നാഥ്, കൗൺസിലർ ഹരികുമാർ, കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി, ജെൻ റോബോട്ടിക്‌സ് സി ഇ ഒ വിമൽ ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.

  • ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനിടെ മരിച്ച ജോയിയുടെ അമ്മയ്ക്ക് വീടൊരുങ്ങി

    ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനിടെ മരിച്ച ജോയിയുടെ അമ്മയ്ക്ക് വീടൊരുങ്ങി

    നെയ്യാറ്റിൻകര : ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടയിൽ മുങ്ങിമരിച്ച ജോയിയുടെ അമ്മയ്ക്കായി നിർമിച്ച വീടിന്റെ പാലുകാച്ചൽ നടന്നു.

    താക്കോൽ കൈമാറൽ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ജോയിയുടെ മരണമെന്നും ദുരന്തവേളയിൽ ജോയിയുടെ കുടുംബത്തിന് സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചതായും മന്ത്രി പറഞ്ഞു.

    തറക്കല്ലിടൽ നടത്തി 200 ദിവസത്തിനുള്ളിൽ വീട് നിർമിച്ച് കൈമാറാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

     

  • ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേ ടണല്‍ വൃത്തിയാക്കി, പണി അവസാന ഘട്ടത്തിലേക്ക്

    ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേ ടണല്‍ വൃത്തിയാക്കി, പണി അവസാന ഘട്ടത്തിലേക്ക്

    തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ (പഴവങ്ങാടി തോട്) റെയില്‍വേ ട്രാക്കിന് അടിയിലെ ടണല്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയാക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

    ടണലിനു പുറത്ത് ശേഷിക്കുന്ന 65 മീറ്റര്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

    63 ലക്ഷം രൂപ മുടക്കി ജലസേചന വകുപ്പ് നടത്തിയ ഡീസില്‍റ്റേഷന്‍ അടക്കമുള്ള പ്രവര്‍ത്തികളാണ് ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു വരുന്നത്. നഗര വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിയില്‍നിന്ന് പണം ചെലവാക്കിയാണ് പ്രവര്‍ത്തി നടപ്പാക്കുന്നത്.

    കഴിഞ്ഞ ഒക്ടോബറിലാണ് ശുചീകരണം ആരംഭിച്ചത്. ഇടയ്ക്കിടെ പെയ്ത മഴ പിന്നെയും തടസ്സം സൃഷ്ടിച്ചെങ്കിലും കഴിഞ്ഞയാഴ്ചയോടെ ടണലിനടിയിലെ മാലിന്യം ഏറെക്കുറേ പൂര്‍ണമായി നീക്കിയതായും മന്ത്രി അറിയിച്ചു.

    റെയില്‍വേ ടണലിന് അടിയിലൂടെയുള്ള തോടിന്റെ 117 മീറ്ററില്‍ 1200 ഘന മീറ്റര്‍ മാലിന്യം നീക്കം ചെയ്തു. പവര്‍ഹൗസ് റോഡിനു സമീപം ടണല്‍ അവസാനിക്കുന്ന ഭാഗം വഴി ജെസിബി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഇറക്കിയാണ് ദുഷ്‌കരമായ ജോലികള്‍ പൂര്‍ത്തിയാക്കിയതെന്ന് ജലസേചന വകുപ്പ് അറിയിച്ചു.

     

  • ആമയിഴഞ്ചാന്‍ തോട്ടില്‍ സംരക്ഷണഭിത്തി; 12 കോടി രൂപ അനുവദിച്ചു

    ആമയിഴഞ്ചാന്‍ തോട്ടില്‍ സംരക്ഷണഭിത്തി; 12 കോടി രൂപ അനുവദിച്ചു

    തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ സംരക്ഷണഭിത്തികെട്ടുന്നതിന് 12 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

    ആനയിറയ്ക്കടുത്ത് നെല്ലിക്കുഴി പാലം മുതല്‍ താഴേക്കാണ് തകര്‍ന്നു കിടക്കുന്ന സംരക്ഷണ ഭിത്തി പുനര്‍ നിര്‍മിച്ച് ഇരുകരകളും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കുക.

    കഴിഞ്ഞ ദിവസം പഴവങ്ങാടി തോട് സംരക്ഷണത്തിനായി വേലി കെട്ടുന്നതിനായി ജലസേചന വകുപ്പ് 5.54 കോടി രൂപ അനുവദിച്ചിരുന്നു

  • ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കും ; ശുചീകരണത്തിന് സ്ഥിരം സമിതി തീരുമാനം

    ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കും ; ശുചീകരണത്തിന് സ്ഥിരം സമിതി തീരുമാനം

    തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കാന്‍ തീരുമാനം.

    റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് റെയിൽവേ ശുചിയാക്കും. ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള സ്ഥലം ഇറിഗേഷൻ വകുപ്പും നഗരസഭക്ക് കീഴിലെ സ്ഥലങ്ങൾ നഗരസഭയും ശുചിയാക്കാനാണ് തീരുമാനമായിരിക്കുന്നത്.

    ആമയിഴഞ്ചാൻ തോട് ശുചീകരണത്തിന് സബ് കളക്ടർ അധ്യക്ഷനായ സ്ഥിരം സമിതി ഉണ്ടാക്കാനും തീരുമാനമായി.

    നഗരസഭ, റെയിൽവേ, ഇറിഗേഷന്‍ വകുപ്പ് പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാകും. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

  • ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ വീടുവെച്ച് നൽകും: മേയർ ആര്യ രാജേന്ദ്രൻ

    ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ വീടുവെച്ച് നൽകും: മേയർ ആര്യ രാജേന്ദ്രൻ

    തിരുവനന്തപുരം:  ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം ന​ഗരസഭ വീടുവെച്ച് നൽകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ.

    ന​ഗരസഭാ പരിധിക്ക് പുറത്താണ് ജോയിയുടെ വീടെങ്കിലും സംസ്ഥാന സർക്കാറിന്റെ പ്രത്യേക അനുമതി സ്വീകരിച്ചുകൊണ്ട് ജോയിയുടെ അമ്മയ്ക്ക് വീടുവെച്ച് നൽകും.

    വരുന്ന ദിവസം ന​ഗരസഭാ കൗൺസിൽ ഔദ്യോ​ഗികമായി തീരുമാനം അം​ഗീകരിച്ച് സർക്കാറിനെ അറിയിക്കും. വീടിന് സ്ഥലം കണ്ടെത്തുന്നതിനായുള്ള എല്ലാ സഹായവും സ്ഥലം എംഎൽഎ സി.കെ ഹരീന്ദ്രനും പഞ്ചായത്തും നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി..

    നേരത്തെ പത്തുലക്ഷം രൂപയുടെ ധനസഹായം സംസ്ഥാന സർക്കാർ ജോയിയുടെ കുടുംബത്തിന് കൈമാറുമെന്ന് പ്രഖ്യാപിച്ചിരുന്നു.

  • ജോയിയുടെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ

    ജോയിയുടെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ

    തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ജോയിയുടെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ.

    കൊച്ചിയിലെ ബ്രഹ്മപുര മാലിന്യ പ്രശ്നം പരിശോധിച്ച അമിക്കസ് ക്യൂറിയോട് തിരുവനന്തപുരത്തെത്തി ആമയിഴഞ്ചാൻ തോട് ദുരന്തം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

    പ്രതിഫലമായി അമിക്കസ് ക്യൂറിയ്ക്ക് 1.5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും മുനിസിപ്പൽ കോര്‍പറേഷനും റെയിൽവേയും ചേര്‍ന്ന് ഈ മാസം 19 ന് മുൻപ് നൽകണമെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.

    സംഭവത്തിൽ വിശദാംശങ്ങൾ അറിയിക്കണമെന്ന് തിരുവനന്തപുരം മുനിസിപ്പൽ കോര്‍പറേഷനും ഹൈക്കോടതി നിര്‍ദ്ദേശം നൽകി.

  • ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

    ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

    തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.

    പഴവങ്ങാടി തകരപറമ്പ്-വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്.

    കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കനാലിൽ പൊങ്ങിയത്

    റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ് ജോയിയെ കാണാതായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെയാണ് തെരച്ചിൽ നടത്തിയിരുന്നത്.

    റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം ജോയിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു

  • ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്കായുള്ള തിരച്ചിൽ രണ്ടാം ദിവസത്തിലേക്ക്

    ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്കായുള്ള തിരച്ചിൽ രണ്ടാം ദിവസത്തിലേക്ക്

    തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി എൻ.ജോയിക്കായുള്ള തിരച്ചിൽ രണ്ടാം ദിവസത്തിലേക്ക്.

    ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) 30 അംഗ സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

    തിരച്ചിലിനായി റോബട്ടിന്റെ സേവനവും ഉപയോഗിക്കുന്നു. മാലിന്യം നീക്കിയശേഷം മാത്രമേ തിരച്ചിൽ നടത്താൻ കഴിയൂ എന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.

    റെയിൽവേസ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാൻ തോടിലെ മാലിന്യം വൃത്തിയാക്കുന്നതിനിടെ ഇന്നലെ രാവിലെ 11 മണിക്കാണ് മാരായമുട്ടം സ്വദേശിയായ ജോയിയെ (47) കാണാതായത്.