Tag: ആറ്റുകാൽ പൊങ്കാല

  • ആറ്റുകാൽ പൊങ്കാല; തലസ്ഥാനത്ത് ഗതാഗതനിയന്ത്രണം

    ആറ്റുകാൽ പൊങ്കാല; തലസ്ഥാനത്ത് ഗതാഗതനിയന്ത്രണം

    തിരുവനന്തപുരം: നാളെ നടക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്കായി ഭക്തർ  എത്തിത്തുടങ്ങി.ഇന്ന് ഉച്ച മുതൽ നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രമുണ്ട്

    ക്ഷേത്രത്തിലേക്കുള്ള റോഡിന്‍റെ ഇരുവശങ്ങളിലായി പാർക്കിംഗും നിരോധിച്ചിട്ടുണ്ട്. കെഎസ്ആർടിസിയും റെയിൽവേ പ്രത്യേക സർവീസും നടത്തും.

    ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല.

  • ആറ്റുകാല്‍ പൊങ്കാല: ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാൻ

    ആറ്റുകാല്‍ പൊങ്കാല: ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാൻ

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ജില്ലാതല ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

    കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയ്‌ക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

    പൊങ്കാലയുടെ തലേ ദിവസം മുതല്‍ പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങള്‍ മടങ്ങിപ്പോകുന്നതുവരെ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കുന്നതാണ്. എന്തെങ്കിലും ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായാല്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

    തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിനാണ് ഏകോപന ചുമതല. വിവിധ ടീമുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനായി തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നു. ഫെബ്രുവരി 26 വരെ ഈ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം തുടരും. ഇതിന് പുറമെ പൊങ്കാല ദിവസമായ ഫെബ്രുവരി 25ന് ക്ഷേത്ര പരിസരത്ത് ഒരു മെഡിക്കല്‍ ഓഫീസറിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതാണ്.

     

    നഗര പരിധിയിലുള്ള 16 അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകള്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്ന ഫീല്‍ഡ് ഹോസ്പിറ്റലുകളായി പ്രവര്‍ത്തിക്കും. ഫോര്‍ട്ട് താലൂക്ക് ആശുപത്രി, നേമം താലൂക്ക് ആശുപത്രി, ജനറല്‍ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം, 10 സ്വകാര്യ ആശുപത്രികള്‍ എന്നിവ തീവ്രമല്ലാത്ത സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കണ്ടിജന്റ് സെന്ററുകളായി പ്രവര്‍ത്തിക്കും. ഏത് അടിയന്തിര സാഹചര്യവും നേരിടുന്ന സെന്ററായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കും. അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനായി അത്യാഹിത വിഭാഗത്തില്‍ 100 കിടക്കകളും പൊള്ളലേറ്റാല്‍ ചികിത്സയ്ക്കായി വാര്‍ഡ് 26ല്‍ 30 കിടക്കകളും സജ്ജീകരിക്കും.

     

    ഫെബ്രുവരി 26 വരെ ആരോഗ്യ സേവനങ്ങള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 10 വരെ രണ്ട് ഷിഫ്റ്റുകളായി ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, അറ്റന്റമാരുമടങ്ങുന്ന മെഡിക്കല്‍ ടീമും കുത്തിയോട്ടത്തിന് വ്രതം അനുഷ്ഠിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ വൈദ്യസഹായത്തിന് ശിശുരോഗ വിദഗ്ദ്ധര്‍, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ് എന്നിവരടങ്ങിയ മെഡിക്കല്‍ ടീമും പ്രവര്‍ത്തിച്ചു വരുന്നു. ഇതുകൂടാതെ 5 ഡോക്ടര്‍മാരും സ്റ്റാഫ് നേഴ്സുമാരും അടങ്ങിയ ഐഎംഎയുടെ മെഡിക്കല്‍ ടീം ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് പൊങ്കാല ദിവസം വൈദ്യ സഹായം നല്‍കും.

     

    ഫെബ്രുവരി 26 വരെ രണ്ട് കനിവ് 108 ആംബുലന്‍സുകള്‍ ക്ഷേത്ര പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ മറ്റ് വകുപ്പുകളുടെ 10 ആംബുലന്‍സുകളും സ്വകാര്യ ആശുപത്രികളുടെ 7 ആംബുലന്‍സുകളും ഒരുക്കിയിട്ടുണ്ട്. പൊങ്കാലയോടനുബന്ധിച്ച് പോലീസ് വകുപ്പ് നിര്‍ദേശിച്ച 20 അതീവ ജാഗ്രതാ പോയിന്റുകളില്‍ ആരോഗ്യ വകുപ്പിന്റെയും ഇതര വകുപ്പുകളുടെയും സന്നദ്ധ സംഘടനങ്ങളുടെയും ആംബുലന്‍സുകള്‍ 24ന് വൈകുന്നേരം മുതല്‍ സജ്ജമാക്കും.

     

    സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ നേതൃത്വത്തില്‍ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും 3 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങിയ സാനിട്ടേഷന്‍ ടീമും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 7 ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങിയ പബ്ലിക് ഹെല്‍ത്ത് ടീമും പ്രവര്‍ത്തിച്ചു വരുന്നു.

     

    ഇതുകൂടാതെ ആയുര്‍വേദ ഹോമിയോ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്.

     

    ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കണ്‍ട്രോള്‍ റുമൂം ആറ്റുകാലില്‍ സജ്ജമാക്കിയിട്ടുണ്ട്. 5 പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. രജിസ്‌ട്രേഷനോ, ലൈസന്‍സോ ഇല്ലാത്ത ഒരു ഭക്ഷ്യ സ്ഥാപനത്തിനും പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. പൊങ്കാലയോടനുബന്ധിച്ച് താത്ക്കാലിക രജിസ്‌ട്രേഷന്‍ നല്‍കുന്നതിനായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്നദാനം നടത്തുന്ന എല്ലാവര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. കൃത്യമായ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ഇതുവരെ അന്നദാനം നടത്തുന്ന 365 വ്യക്തികളും സ്ഥാപനങ്ങളും താത്ക്കാലിക രജിസ്‌ട്രേഷന്‍ എടുത്തിട്ടുണ്ട്. പരിശോധനയ്ക്കായി മൊബൈല്‍ ലാബിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

  • മതമൈത്രിയുടെ കേരള മാതൃക; ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ആരാധനാ സമയം മാറ്റി തലസ്ഥാനത്തെ പള്ളികള്‍

    മതമൈത്രിയുടെ കേരള മാതൃക; ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ആരാധനാ സമയം മാറ്റി തലസ്ഥാനത്തെ പള്ളികള്‍

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ ദിനമായ ഞായറാഴ്ച, പ്രാര്‍ഥനയുടെ സമയം മാറ്റിയിരിക്കുകയാണ് തിരുവനന്തപുരം നഗരത്തിലെ ക്രിസ്ത്യന്‍ പളളികള്‍.

    പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ പളളിയില്‍ പൊങ്കാലയ്ക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കും.

    പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ പളളിയില്‍ രാവിലെ 10 നും ഉച്ചയ്ക്ക് മൂന്നരയ്ക്കുമുളള കുര്‍ബാനയും വേദപാഠവും ഒഴിവാക്കി.

    ആരാധനാ സമയം മാറ്റി ആദ്യം മാതൃകയായത് പാളയം സിഎസ്ഐ ക്രൈസ്റ്റ് ചര്‍ച്ചാണ്. രാവിലെ ആറു മണിക്കും ഏഴേകാലിനും ഒന്‍പതേമുക്കാലിനുമുളള ആരാധനാ സമയം മാറ്റി വൈകിട്ട് പൊതു ആരാധന നടത്തും.

    പുന്നന്‍ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയന്‍ കത്തീഡ്രലില്‍ ഞായറാഴ്ച ആരാധന ശനിയാഴ്ച വൈകിട്ട് നടത്തും. പാളയം സമാധാന രാജ്ഞി ബസലിക്കയില്‍ രാവിലത്തെ കുര്‍ബാന വൈകിട്ട് അഞ്ചുമണിയിലേയ്ക്കാണ് മാറ്റിയത്.

  • ‘ബുക്ക്ഡ്’; നിരത്തുകൾ നിറഞ്ഞ് പൊങ്കാല കല്ലുകൾ

    ‘ബുക്ക്ഡ്’; നിരത്തുകൾ നിറഞ്ഞ് പൊങ്കാല കല്ലുകൾ

    തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി നാല് ദിവസം ബാക്കിനിൽക്കെ നിരത്തുകളിൽ അടുപ്പുകൂട്ടാൻ ഇടം പിടിച്ച് നേരത്തെ തന്നെ കല്ലുകൾ നിറഞ്ഞു.

    ഇടവഴികളിൽ പോലും പേരെഴുതി ‘ബുക്ക്ഡ്’ എന്നു കുറിച്ച കടലാസുകളും കയറുകളും കാണാം

    ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള വഴികളിലും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലുമെല്ലാം പൊങ്കാലക്കലങ്ങൾ വിൽപനയ്ക്കു നിരന്നു.  25 ന് ആണ് ആറ്റുകാൽ പൊങ്കാല.

  • ആറ്റുകാല്‍ പൊങ്കാല; മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

    ആറ്റുകാല്‍ പൊങ്കാല; മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 25ന് മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ .എറണാകുളം-തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷ്യല്‍ മെമു ഫെബ്രുവരി 25ന് എറണാകുളത്തുനിന്ന് പുലര്‍ച്ചെ 1.45ന് പുറപ്പെട്ട് 6.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും.

    തിരുവനന്തപുരം സെന്‍ട്രല്‍-എറണാകുളം മെമു സ്പെഷ്യല്‍ അന്ന് പകല്‍ 3.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടും. നാഗര്‍കോവില്‍-തിരുവനന്തപുരം സെന്‍ട്രല്‍ മെമു സ്പെഷ്യല്‍ നാഗര്‍കോവില്‍നിന്ന് പുലര്‍ച്ചെ 2.15ന് പുറപ്പെടും. ട്രെയിന്‍ 3.32ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും.

    മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രലിന് (16348) പരവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചു.

  • ആറ്റുകാല്‍ പൊങ്കാല: ഒരുക്കങ്ങള്‍ തൃപ്തികരമെന്ന് മുഖ്യമന്ത്രി

    ആറ്റുകാല്‍ പൊങ്കാല: ഒരുക്കങ്ങള്‍ തൃപ്തികരമെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം:ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ ഒരുക്കങ്ങള്‍ തൃപ്തികരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

    ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആറ്റുകാലിൽ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണ്.

    എല്ലാവരും ഭംഗിയായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐശ്വര്യപ്രദമായ ഉത്സവകാലം ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകള്‍ നടത്തിയ തയ്യാറെടുപ്പുകള്‍ അതത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു.

    യോഗത്തില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍ അനില്‍, ആന്റണി രാജു എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സബ്കളക്ടര്‍ അശ്വതി ശ്രീനിവാസ്, സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു ചകിലം, വിവിധ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ആറ്റുകാല്‍ ട്രസ്റ്റ് ഭാരവാഹികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

    *കനത്ത ചൂട് നേരിടാന്‍ പ്രത്യേക ക്രമീകരണങ്ങള്‍: മന്ത്രി വി. ശിവന്‍കുട്ടി*

    കനത്ത ചൂടിനെ നേരിടാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്കായി വിവിധയിടങ്ങളില്‍ കുടിവെള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൂടിനെ നേരിടാന്‍ ഭക്തരും ജാഗ്രത പാലിക്കണം. പൊങ്കാലയോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ മികച്ചതാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അഭിപ്രായപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി

    ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. കാപ്പുകെട്ട് ചടങ്ങ് പൂര്‍ത്തിയാക്കി. ക്ഷേത്രവും പരിസരവുമെല്ലാം ഉത്സവ ലഹരിയിലേക്ക്.

    മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം ചേർന്നു.

    ക്ഷേത്രത്തിന് മുന്നിലെ ഓലപ്പുരയില്‍ കണ്ണകി ചരിതം ചൊല്ലിയുള്ള തോറ്റംപാട്ടും മുഴങ്ങിത്തുടങ്ങി. ക്ഷേത്രവും പരിസരവുമെല്ലാം ഉത്സവ ലഹരിയിലേക്ക്.

  • ആറ്റുകാല്‍ പൊങ്കാല: ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി വാങ്ങണം

    ആറ്റുകാല്‍ പൊങ്കാല: ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി വാങ്ങണം

    തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ ബന്ധപ്പെട്ട പോലീസ് അധികാരിയുടെ അനുമതി വാങ്ങിയിരിക്കണം.

    ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം ഓരോ പ്രദേശത്തും നിയമപ്രകാരം അനുവദിനീയമായ ശബ്ദപരിധിയില്‍ നിന്നും 10 ഡെസിബലില്‍ കൂടാനും പാടില്ല.

    വ്യാവസായിക മേഖലയില്‍ പകല്‍ പരമാവധി 75 ഡെസിബല്‍, രാത്രിയില്‍ 70 ഡെസിബല്‍, വാണിജ്യ മേഖലകളില്‍ പകല്‍ 65 ഡെസിബല്‍, രാത്രിയില്‍ 55 ഡെസിബല്‍, താമസ മേഖലകളില്‍ പകല്‍ 55 ഡെസിബല്‍, രാത്രിയില്‍ 45 ഡെസിബല്‍, നിശബ്ദ മേഖലയില്‍ പകല്‍ 50 ഡെസിബല്‍, രാത്രി 40 ഡെസിബല്‍ എന്നിങ്ങനെയാണ് നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള ശബ്ദപരിധി.

    ഉച്ചഭാഷിണികളുടെ ഉപയോഗം മൂലമുള്ള ശബ്ദമലിനീകരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട പോലീസ് അധികാരിക്ക് പരാതി നല്‍കാവുന്നതാണെന്നും ആറ്റുകാല്‍ പൊങ്കാല നോഡല്‍ ഓഫീസര്‍ കൂടിയായ സബ് കളക്ടര്‍ അറിയിച്ചു.

  • ആറ്റുകാല്‍ പൊങ്കാല; സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണം തടയാന്‍ പ്രത്യേക നിരീക്ഷണം

    ആറ്റുകാല്‍ പൊങ്കാല; സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണം തടയാന്‍ പ്രത്യേക നിരീക്ഷണം

    തിരുവനന്തപുരം :ഇക്കൊല്ലത്തെ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ആറ്റുകാലിൽ അവലോകന യോഗം ചേര്‍ന്നു.

    പൊങ്കാലയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ നടപ്പാക്കുന്ന പ്രവർത്തനങ്ങള്‍ ഫെബ്രുവരി 17ന് മുമ്പ് പൂര്‍ണമാക്കണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് സൈബര്‍ സെല്ലിന്റെ കർശന നിരീക്ഷണമുണ്ടാകും.

    ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ റോഡരികിൽ മരങ്ങളോ വാഹനങ്ങളോ ഉണ്ടെങ്കിൽ അവ അടിയന്തരമായി നീക്കം ചെയ്യും. എക്‌സൈസ് വകുപ്പിന്റെ നിരീക്ഷണം കര്‍ശനമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

    യോഗത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍, ആന്റണി രാജു എം.എല്‍.എ എന്നിവരും പങ്കെടുത്തു. നഗരത്തില്‍ റോഡ് പണി നടക്കുന്ന സ്ഥലങ്ങളില്‍ ഭക്തര്‍ക്ക് സുരക്ഷിതമായി പൊങ്കാലയിടാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മന്ത്രി ജി.ആര്‍ അനില്‍ നിര്‍ദ്ദേശിച്ചു. ഫെബ്രുവരി 17 മുതല്‍ 26 വരെയാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം. ഫെബ്രുവരി 25നാണ് ആറ്റുകാല്‍ പൊങ്കാല.

    ക്രമസമാധാനം, ഗതാഗതനിയന്ത്രണം, ഭക്തജനങ്ങളുടെ ദര്‍ശനം എന്നിവയ്ക്കായി രണ്ട് ഘട്ട സുരക്ഷാ സംവിധാനമാണ് പോലീസ് ഒരുക്കുന്നത്. പൊങ്കാല ദിവസം 3,500ലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തും. കൂടുതല്‍ നിരീക്ഷണ ക്യാമറകളും വിമണ്‍ കണ്‍ട്രോള്‍ റൂമും സ്ഥാപിക്കും. പാര്‍ക്കിംഗ് ഏരിയകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. അടിയന്തരസാഹചര്യം നേരിടുന്നതിന് ജില്ലാ ദുരന്തനിവാരണവിഭാഗം പൂര്‍ണ സജ്ജമാണ്. അഞ്ച് ജില്ലകളില്‍ നിന്നുള്ള 63 വാഹനങ്ങളും 400ലധികം ഉദ്യോഗസ്ഥരും ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഉത്സവ ദിവസങ്ങളില്‍ ഡ്യൂട്ടിയിലുണ്ടാകും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘങ്ങളും ആംബുലന്‍സുകളുമുണ്ടാകും. കുത്തിയോട്ട വ്രതം ആരംഭിക്കുന്ന ഫെബ്രുവരി 17 മുതല്‍ 24 മണിക്കൂറും ശിശുരോഗവിദഗ്ധരുടെ സേവനമുണ്ടാകും. ഉത്സവ ദിവസങ്ങളിലുള്ള മെഡിക്കല്‍ ടീമിന് പുറമേ പൊങ്കാല ദിവസം പ്രത്യേക മെഡിക്കല്‍ ടീമുകളും കൂടുതൽ 108 ആബുലന്‍സുകളുടെ സേവനവും ആരോഗ്യവകുപ്പ് ക്ഷേത്രപരിസരത്ത് സജ്ജമാക്കും. തിരക്ക് കണക്കിലെടുത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തുകയും റെയില്‍വേ നാല് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. സഞ്ചരിക്കുന്ന ഫുഡ് ടെസ്റ്റിംഗ് ലാബുള്‍പ്പെടെയുള്ള സംവിധാനങ്ങളോടെ ഭക്ഷ്യസുരക്ഷാ വിഭാഗം വിവിധ അന്നദാന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്തും. ഉത്സവ മേഖലകളിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും ഓടകളിലെ പൊട്ടിയ സ്ലാബുകള്‍ മാറ്റുന്നതിനുള്ള പ്രവര്‍ത്തികളും 17ന് മുമ്പ് പൂര്‍ത്തിയാക്കും.

     

    പൂര്‍ണമായും ഹരിത ചട്ടം പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം നടത്തുക. ഉത്സവ മേഖലകളിലെ തെരുവ് വിളക്കുകള്‍ കത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. തെരുവ് നായ ശല്യം പരിഹരിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. പൊങ്കാല ദിവസത്തെ ശുചീകരണത്തിന് തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. കൂടുതല്‍ ജീവനക്കാരെ നിയോഗിച്ച് പൊങ്കാല ദിവസം രാത്രി 10 മണിക്ക് മുമ്പ് തന്നെ നഗരം പൂര്‍ണമായും ശുചീകരിക്കുന്നതിനാണ് നഗരസഭ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അന്നദാനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വിതരണം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് പ്രത്യേക പരിശോധനയുണ്ടാകും. മൊബൈല്‍ ടോയ്ലെറ്റുകള്‍, വാട്ടര്‍ടാങ്കുകള്‍ എന്നിവയ്ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വായുമലിനീകരണ തോത് അളക്കുന്നതിനും ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിനുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നിരീക്ഷണ സംഘം പ്രവര്‍ത്തിക്കും. ഭക്തരെയെത്തിക്കുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വിപുലമായ പാര്‍ക്കിംഗ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

     

    ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാജു, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഗായത്രി ബാബു, സി.എസ് സുജാദേവി, പാളയം രാജന്‍, ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.ഉണ്ണികൃഷ്ണന്‍, ഉത്സവമേഖലകളായ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി എം.ജി രാജമാണിക്യം, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പ്രേംജി സി, ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ നോഡല്‍ ഓഫീസർ കൂടിയായ സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, ഡി.സി.പി നിതിന്‍ രാജ്, ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ വേണുഗോപാല്‍ എസ്, സെക്രട്ടറി കെ.ശരത് കുമാര്‍, പ്രസിഡന്റ് ശോഭ.വി എന്നിവരും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.