Tag: ആറ്റുകാൽ പൊങ്കാല

  • ആറ്റുകാല്‍ പൊങ്കാല; അന്നദാനം നടത്തുന്നവര്‍ക്ക് സൗജന്യ രജിസ്ട്രേഷൻ പോര്‍ട്ടൽ

    ആറ്റുകാല്‍ പൊങ്കാല; അന്നദാനം നടത്തുന്നവര്‍ക്ക് സൗജന്യ രജിസ്ട്രേഷൻ പോര്‍ട്ടൽ

    തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കാല വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.

    ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്ക് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേയ്ക്കായുള്ള പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.

    തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്, പൊതുവിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്‍.എസ്, ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗായ്ത്രി ബാബു, നഗരസഭ സെക്രട്ടറി, ഹെല്‍ത്ത് ഓഫീസര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

    ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17 മുതല്‍ 25 വരെ ആഘോഷിക്കുകയാണ്. പൊങ്കാലയോടനുബന്ധിച്ച് വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ അന്നദാന വിതരണം, കുടിവെള്ള വിതരണം എന്നിവ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടിയുള്ള പോര്‍ട്ടലാണ് ഇന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

    ഇത്തരത്തില്‍ പൊങ്കാല ഉത്സവകാലത്ത് ഭക്ഷണം, കുടിവെള്ളം വിതരണം നടത്തുന്നവര്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് ഇത്തരത്തില്‍ പോര്‍ട്ടല്‍ സംവിധാനം ഉണ്ടാക്കിയിട്ടുള്ളത്.

    നഗരസഭ വെബ് സൈറ്റായ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം ആപ്പിലൂടെയോ, smarttvm.tmc.lsg.kerala.gov.in എന്ന ലിങ്ക് വഴിയോ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അനുവദിക്കുന്ന സര്‍ട്ടിഫിക്കറ്റ് അന്നദാനം, കുടിവെള്ള വിതരണം നടത്തുന്നിടത്ത് പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. രജിസ്ട്രേഷന്‍ നടപടികള്‍ ഇന്നുമുതല്‍ ആരംഭിക്കുന്നതാണ്.

     

  • ആറ്റുകാൽ പൊങ്കാലയ്ക്ക് മുമ്പ് 25 റോഡുകൾ പൂർത്തിയാക്കും: മന്ത്രി റിയാസ്

    ആറ്റുകാൽ പൊങ്കാലയ്ക്ക് മുമ്പ് 25 റോഡുകൾ പൂർത്തിയാക്കും: മന്ത്രി റിയാസ്

    തിരുവനന്തപുരം:സ്‌മാർട്ട് സിറ്റി പദ്ധതിയിൽ കെആർഎഫ്ബി നിർമ്മിക്കുന്ന 28 റോഡുകളിൽ 25 എണ്ണവും ആറ്റുകാൽ

    പൊങ്കാലയ്ക്ക് മുൻപ് തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

    പഴവങ്ങാടി–-പടിഞ്ഞാറേക്കോട്ട റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

    25 റോഡുകളും 25 ന് മുമ്പ് തുറക്കും. പറഞ്ഞതിലും 10 ദിവസം മുൻപാണ് നിർമാണം പൂർത്തിയാക്കുന്നത്. പഴവങ്ങാടി–-പടിഞ്ഞാറേക്കോട്ട റോഡിന്റെ നിർമാണം ഞായറാഴ്ച പൂർത്തിയാകും.

    പകലും രാത്രിയും ആയി കഠിനാധ്വാനത്തിലൂടെ ഇത് സാധ്യമായതെന്നും മന്ത്രി പറഞ്ഞു. സ്മാർട്ട് റോഡുകളുടെ പ്രവൃത്തിയും പുരോഗമിക്കുകയാണ്.

    സംസ്ഥാനത്ത് നിർമാണം പരോഗമിക്കുന്ന റോഡുകളുടെയും കെട്ടിടങ്ങളുടെയും പ്രവൃത്തി വിലയിരുത്താൻ മിഷൻ ടീം രൂപീകരിച്ചിട്ടുണ്ട്. 14 ജില്ലകളിലും 45 ദിവസത്തെ ഇടവേളകളിൽ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന ഈ ടീം പരിശോധന നടത്തും.പോരായ്മകൾ കണ്ടെത്തിയാൽ ഉടൻ ഉദ്യോഗസ്ഥർ അക്കാര്യം അറിയിക്കും.

    ഇതിന് പുറമേ മന്ത്രിയുടെയും പൊതുമരാമത്ത് സെക്രട്ടറിയുടെയും നേതൃത്വത്തിലും പരിശോധന നടത്തും.

    വാട്ടർ അതോറിട്ടിയുടെ നിർമാണം നടക്കുന്ന റോഡുകൾ എത്രയും വേഗം പഴയരൂപത്തിലാക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

    പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു , ചീഫ് എൻജിനീയർ അശോക് കുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

  • ബാറും ബിവറേജസും തുറക്കില്ല; ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മദ്യ നിരോധനം

    ബാറും ബിവറേജസും തുറക്കില്ല; ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മദ്യ നിരോധനം

    തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല മഹോത്സവം കണക്കിലെടുത്ത് മദ്യ വില്പനശാലകളുടെ പ്രവർത്തനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.

    പൊങ്കാലയുടെ തലേദിവസമായ ഫെബ്രുവരി 24 വൈകുന്നേരം 6 മണി മുതൽ പൊങ്കാല ദിവസമായ ഫെബ്രുവരി 25 വൈകുന്നേരം 6 മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും ഉള്ള എല്ലാ മദ്യ വില്പനശാലകൾക്കും നിരോധനം ബാധകമാണ്.

  • ആറ്റുകാൽ പൊങ്കാല: നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

    ആറ്റുകാൽ പൊങ്കാല: നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തീര്‍ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദ്ദേശിച്ചു.

    ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസന്‍സിന്റെ/ രജിസ്ട്രേഷന്റെ പകര്‍പ്പ് സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം.

    സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരുടെയും ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് പരിശോധനാ സമയം ഹാജരാക്കണം. സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധി ഉറപ്പു വരുത്തുന്ന സര്‍ട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം. ഭക്ഷ്യസംരംഭകര്‍, പാചകത്തൊഴിലാളികള്‍ എന്നിവര്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ബോധവത്കരണ ക്ലാസ് 13 ന് നടത്തും.

    ഉത്സവ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസംരംഭകര്‍ ക്ലാസില്‍ പങ്കെടുക്കണം. fsonemomcirclee@gmail.com ലേക്ക് ക്ലാസില്‍ പങ്കെടുക്കുന്നവരുടെ പേര്, ഫോണ്‍ നമ്പര്‍, ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ നമ്പര്‍ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം.

    പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതള പാനീയം, ദാഹജല വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷന്‍ മുന്‍കൂറായി എടുക്കണം. അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനുള്ള സംവിധാനം ലഭ്യമാണ്. ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികള്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാം.

  • ആറ്റുകാൽ പൊങ്കാല; 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും

    ആറ്റുകാൽ പൊങ്കാല; 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും

    തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി റവന്യൂ വകുപ്പ് വിപുലമായ സജ്ജീകരണങ്ങളൊരുക്കുമെന്ന് മന്ത്രി കെ.രാജൻ.

    പൊങ്കാലയുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ വിലയിരുത്താൻ ആറ്റുകാലിൽ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

    ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. അഞ്ച് എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിക്കും

    . യോഗത്തൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായി. കളക്ടർ ജെറോമിക് ജോർജ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജെ.അനിൽ ജോസ്, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ എസ്.വേണുഗോപാൽ, സെക്രട്ടറി കെ.ശരത്കുമാർ, പ്രസിഡന്റ് വി.ശോഭ എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 17 മുതൽ 26 വരെയാണ് പൊങ്കാല ഉത്സവം. ഫെബ്രുവരി 25-നാണ് പൊങ്കാല

  • ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്; വിപുലമായ ക്രമീകരണങ്ങളുമായി സർക്കാർ

    ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്; വിപുലമായ ക്രമീകരണങ്ങളുമായി സർക്കാർ

    തിരുവനന്തപുരം:ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനുള്ള തയാറെടുപ്പുകളും ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി.

    പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഹാളിൽ അവലോകന യോഗം ചേർന്നു. ഫെബ്രുവരി 17 മുതൽ 26 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. ഫെബ്രുവരി 25നാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.

    പൂർണമായും ഗ്രീൻപ്രോട്ടോകോൾ പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം നടത്തുക. ഉത്സവ മേഖലകളിലെ റോഡുകളുടെയും തെരുവ് വിളക്കുകളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിന് തിരുവനന്തപുരം നഗരസഭയ്ക്കും പൊതുമരാമത്ത് റോഡുകൾ വിഭാഗത്തിനും കെ.എസ്.ഇ.ബിയ്ക്കും മന്ത്രി നിർദേശം നൽകി.

    തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മൊബൈൽ ടോയ്‌ലെറ്റുകൾ, വാട്ടർടാങ്കുകൾ എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.

    ഡ്രെയിനേജുകളും ഓടകളും വൃത്തിയാക്കുന്നതിനും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും എക്‌സൈസിന്റെയും പരിശോധനകൾ കർശനമാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അടിയന്തരസാഹചര്യം നേരിടുന്നതിന് ദുരന്തനിവാരണവിഭാഗം എല്ലാ വിധത്തിലും സജ്ജമായിരിക്കണമെന്നും മന്ത്രി അറിയിച്ചു.

    മുൻവർഷങ്ങളിലെന്നപോലെ വിപുലമായ ഒരുക്കങ്ങളാണ് ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്നത്. ക്രമസമാധാനം, ഗതാഗതനിയന്ത്രണം, ഭക്തജനങ്ങളുടെ ദർശനം എന്നിവയ്ക്കായി രണ്ട് ഘട്ട സുരക്ഷാ സംവിധാനമാണ് പോലീസ് ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ ഫെബ്രുവരി 17 മുതൽ 23 വരെ, 600 പോലീസുകാരെയും രണ്ടാംഘട്ടമായി ഫെബ്രുവരി 24 മുതൽ 26 വരെ മൂവായിരം പോലീസുകാരെയും വിന്യസിക്കും.

    കുത്തിയോട്ട വ്രതം ആരംഭിക്കുന്ന ഫെബ്രുവരി 17 മുതൽ, 24 മണിക്കൂറും ശിശുരോഗവിദഗ്ധരുടെ സേവനം ക്ഷേത്രത്തിൽ ഉണ്ടായിരിക്കും. ഉത്സവ ദിവസങ്ങളിലുള്ള മെഡിക്കൽ ടീമിന് പുറമേ പൊങ്കാല ദിവസം പത്തംഗ മെഡിക്കൽ ടീമും 108 ആബുലൻസുകളുടെ സേവനവും ആരോഗ്യവകുപ്പ് ക്ഷേത്രപരിസരത്ത് സജ്ജമാക്കും.

    ഉത്സവമേഖലകളിലെ കെ.എസ്.ഇ.ബി ലൈനുകളിൽ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കും. വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയോഗിക്കും. തട്ടുകടകൾക്ക് ലൈസൻസും അന്നദാനം നൽകുന്നതിന് മുൻകൂർ രജിസ്‌ട്രേഷനും നിർബന്ധമായിരിക്കും. കടകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകൾ അടുത്തയാഴ്ച മുതൽ ആരംഭിക്കും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് മൊബൈൽ ലാബ് സജ്ജമാക്കും. ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യുന്നതിനുമായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ മേൽനോട്ടത്തിൽ സർവൈലൻസ് ടീം പ്രവർത്തിക്കും.

    ഉത്സവദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും. ലീഗൽമെട്രോളജി സ്‌പെഷൽ സ്‌ക്വാഡുകൾ രൂപീകരിച്ച് കടകളിൽ പരിശോധനകൾ നടത്തും. ഉത്സവ മേഖലകളിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും ഓടകളിലെ പൊട്ടിയ സ്ലാബുകൾ മാറ്റുന്നതിനുള്ള പ്രവർത്തികളും പുരോഗമിക്കുകയാണ്. അട്ടക്കുളങ്ങര-തിരുവല്ലം റോഡിന്റെ ടാറിങ് ഉടൻ പൂർത്തിയാക്കുമെന്നും പൊതുമരാമത്ത് റോഡുകൾ വിഭാഗം അറിയിച്ചു. നാല് സോണുകളായി തിരിഞ്ഞാണ് അഗ്നിരക്ഷാ സേന സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്. അഞ്ച് ആംബുലൻസുകളുൾപ്പെടെ അഗ്നിരക്ഷാസേനയുടെ പ്രത്യേക ടീം സേവനം ഉറപ്പാക്കും. നൂറ്റമ്പതോളം ജീവനക്കാരും നൂറോളം സന്നദ്ധ പ്രവർത്തകരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ക്ഷേത്രപരിസരത്ത് എക്‌സൈസിന്റെ കൺട്രോൾ റൂം സജ്ജമായിരിക്കും. ഉത്സവത്തിന് ഒരാഴ്ച മുൻപ് തന്നെ പോലീസുമായി ചേർന്ന് ഉത്സവപ്രദേശങ്ങളിൽ പരിശോധനകൾ നടത്താനും യോഗത്തിൽ തീരുമാനമായി. ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വകുപ്പുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി തിരുവനന്തപുരം നഗരസഭയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ തുടർ യോഗങ്ങൾ ചേരും.

     

    തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഗായത്രി ബാബു, ആറ്റുകാൽ വാർഡ് കൗൺസിലർ ആർ.ഉണ്ണികൃഷ്ണൻ, ഉത്സവമേഖലകളായ വാർഡുകളിലെ കൗൺസിലർമാർ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ്.ജെ, ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ നോഡൽ ഓഫീസർ ചുമതലയുള്ള സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ വേണുഗോപാൽ എസ്, സെക്രട്ടറി കെ.ശരത് കുമാർ, പ്രസിഡന്റ് ശോഭ.വി എന്നിവരും വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.