Tag: കല്ലറ

  • കല്ലറയിൽ എൻസിസി പരിശീലനകേന്ദ്രം യാഥാർത്ഥ്യമായി

    കല്ലറയിൽ എൻസിസി പരിശീലനകേന്ദ്രം യാഥാർത്ഥ്യമായി

    കല്ലറ:എൻസിസിക്ക് രാജ്യത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരള സർക്കാർ മുൻപന്തിയിലാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു.

    കല്ലറയിൽ എൻസിസി പരിശീലന കേന്ദ്രത്തിൽ ഹെലിപാഡ് ഉൾപ്പെടെയുള്ള പരേഡ് ഗ്രൗണ്ടിന്റെ ഉദ്ഘാടനവും, രണ്ടാം ഘട്ടമായ മെയിൻ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

    ജില്ലയിൽ എൻസിസിയിൽ അണിനിരക്കുന്ന പതിനയ്യായിരത്തോളം കേഡറ്റുകൾക്ക് സ്ഥിരമായ ഒരു പരിശീലന കേന്ദ്രം ഇല്ലാത്ത അവസ്ഥ പരിഹരിക്കാനാണ് ഈ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിലെ കേഡറ്റുകൾക്ക് പുറമെ കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകൾക്കും ഇവിടെ പരിശീലനം നൽകുമെന്നും മന്ത്രി അറിയിച്ചു.

    പരേഡ് ഗ്രൗണ്ടിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള ഹെലിപാഡും താമസ സൗകര്യങ്ങളും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി സർക്കാരിനും ജില്ലാ ഭരണകൂടത്തിനും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് പൊതുമരാമത്ത് വകുപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എൻസിസിയുടെ ദേശീയനിലവാരത്തിലുള്ള പരിശീലനകേന്ദ്രവും ഹെലിപാഡും വാമനപുരം നിയോജകമണ്ഡലത്തിലെ കല്ലറയിലാണ് പൂർത്തിയാവുന്നത്. മുന്നുഘട്ടമായാണ് നിർമാണം നടക്കുന്നത്. രണ്ടുകോടി രൂപ ചെലവഴിച്ചാണ് ഒന്നാംഘട്ടത്തിൽ ഹെലിപാഡിൻ്റെയും പരേഡ് ഗ്രൗണ്ടിന്റെയും നിർമാണം പൂർത്തിയാക്കിയത്.

     

    രണ്ടാംഘട്ടത്തിൽ ക്യാമ്പ് ഓഫീസ് സമുച്ചയം, കിച്ചൻ, സ്റ്റോർ റൂം എന്നിവയും മൂന്നാംഘട്ടത്തിൽ ഡൈനിങ് ഹാൾ കം കോൺഫറൻസ് റൂo, മെഡിക്കൽ റൂം, ഇൻസ്പെക്ഷൻ റും, ക്ലാസ് റൂം, താമസ സൗകര്യം, ഫയറിങ് റേഞ്ച് എന്നിവയാണ് നിർമ്മിക്കുന്നത്.

     

    ട്രെയിനിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ ഡി.കെ മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജിത ബി.എൽ, പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി സിമി, എൻ.സി.സി അഡീഷണൽ ഡയറക്ടർ അരുൺ സി. ജി, പി.ഡബ്യൂ.ഡി ചീഫ് എഞ്ചിനീയർ ദിപു എസ് തുടങ്ങിയവർ പങ്കെടുത്തു.

  • കല്ലറ സ്ക്കൂളിൽ പുതിയ ബഹുനില മന്ദിരം തുറന്നു;എജ്യൂകെയർ പ്രോഗ്രാമിനും തുടക്കമായി

    കല്ലറ സ്ക്കൂളിൽ പുതിയ ബഹുനില മന്ദിരം തുറന്നു;എജ്യൂകെയർ പ്രോഗ്രാമിനും തുടക്കമായി

    കല്ലറ:യുനെസ്കോയുടെ ആധുനിക വിദ്യാഭ്യാസ റിപ്പോർട്ടിൽ പ്രത്യേക പരാമർശം നേടാൻ കേരളത്തിനായത്,നമ്മുടെ സ്കൂൾ വിദ്യാഭ്യാസം ആധുനിക കാലഘട്ടത്തോടു ചേർന്നു പോകുന്നതു കൊണ്ടാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

    അതുപോലെ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയതും ഇത്തരത്തിൽ കാലഘട്ടത്തിനനുസരിച്ചുള്ള പരിഷ്ക്കരണങ്ങൾ നമ്മുടെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കൊണ്ടു വന്നതിനാലാണന്നും മന്ത്രി.

    കല്ലറ ഗവ:വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഒരു കോടി രൂപ ചെലവഴിച്ചു നിർമിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം,എം എൽ എ എജ്യൂകെയർ പ്രോഗ്രാം,പ്രതിഭാ സംഗമം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.ഓരോ വിദ്യാർഥിയുടേയും സമഗ്രമായ വളർച്ച ഉറപ്പാക്കാനും അതു മോണിറ്റർ ചെയ്യാനും എം എൽ എ എജ്യൂകെയർ പദ്ധതിയിലൂടെ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വി എച്ച് എസ് ഇ വിഭാഗത്തിലെ ഒരു കോടി രൂപ പ്ലാൻ ഫണ്ട് ചെലവഴിച്ച് നിർമിച്ച പുതിയ ബഹുനില മന്ദിരത്തിൽ അത്യാധുനിക സംവിധാനങ്ങളുള്ള രണ്ടു വലിയ ക്ലാസ് മുറികൾ,വലിയ ഹാൾ,സ്‌റ്റേജ്,ആധുനിക സംവിധാനങ്ങളോടു കൂടിയ എട്ടു ശുചി മുറികൾ എന്നിവയുൾപ്പെടുന്നു.പരിപാടിയുടെ ഭാഗമായി, സ്കൂളിലെ പൂർവ വിദ്യാർഥിയും പി എസ് സി മെമ്പറുമായ വിജയകുമാരൻ നായർ സ്കൂൾ ലൈബ്രറി പുനരുദ്ധാരണത്തിനായി നൽകിയ 50,000 രൂപയുടെ ചെക്കും കൈമാറി.ഡി.കെ.മുരളി എം എൽ എ യു നേതൃത്വത്തിലുള്ള എം എൽ എ എജ്യൂകെയർ പ്രോഗ്രാം ഈ മേഖലയിലെ ഒരു പുതിയ ചുവടുവയ്പ്പു കൂടിയാണ്.

    സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ഡി.കെ.മുരളി എം എൽ എ അധ്യക്ഷനായി. എ.എ.റഹിം എം പി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ,സ്കൂൾ പ്രിൻസിപ്പാൾ മാലി ഗോപിനാഥ്,ഹെഡ്മാസ്റ്റർ കെ.ഷാജഹാൻ,നാട്ടുകാർ,വിദ്യാർഥികൾ തുടങ്ങിയവരും പങ്കെടുത്തു.

  • കല്ലറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ച് നിര്‍ത്താതെ പോയ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

    കല്ലറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ച് നിര്‍ത്താതെ പോയ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

    കല്ലറ: കല്ലറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ച് നിര്‍ത്താതെ പോയ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍.കല്ലറ പാങ്ങല്‍കുന്ന് മഹേഷി(32)നെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്.

    20ന് രാത്രി 9.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്ലറ ഹൈസ്‌ക്കൂളിന് സമീപം സ്‌കൂട്ടറില്‍ രണ്ട് കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത കുടുംബത്തെ എതിര്‍ദിശയില്‍ വന്ന ഓട്ടോ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോകുകയായിരുന്നു.തുടര്‍ന്ന് ശ്രീകാന്ത് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്.

    സംഭവത്തില്‍ ബൈക്ക് യാത്രികരായിരുന്ന ഭരതന്നൂര്‍ സ്വദേശി ശ്രീകാന്തിനും രണ്ട് മക്കള്‍ക്കും പരിക്കേറ്റിരുന്നു. ഇവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.