Tag: തിരുവനന്തപുരം

  • സംസ്ഥാനത്തെ മികച്ച കളക്ടറേറ്റ് തിരുവനന്തപുരം; മികച്ച സബ്കളക്ടറും ജില്ലയ്ക്ക് സ്വന്തം

    സംസ്ഥാനത്തെ മികച്ച കളക്ടറേറ്റ് തിരുവനന്തപുരം; മികച്ച സബ്കളക്ടറും ജില്ലയ്ക്ക് സ്വന്തം

    തിരുവനന്തപുരം:ഇത്തവണത്തെ റവന്യൂ അവാർഡിൽ ഇരട്ടി മധുരമാണ് തിരുവനന്തപുരം ജില്ലയ്ക്ക്.

    മികച്ച കളക്ടറേറ്റിനൊപ്പം സംസ്ഥാനത്തെ മികച്ച സബ്കളക്ടറായി തിരഞ്ഞെടുക്കപ്പെട്ടത് ജില്ലയുടെ സബ്കളക്ടറായ ആൽഫ്രഡ് ഒ വിയാണ്.

    സംസ്ഥാനത്തെ മികച്ച കളക്ടറേറ്റായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെടുമ്പോൾ ശ്രദ്ധിക്കപ്പെടുന്നത് ഭരണനിർവ്വഹണമികവിനൊപ്പം കളക്ടർ അനു കുമാരിയുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടത്തിന്റെ വിവിധ മേഖലകളിലെ മികച്ച ഇടപെടലുകൾ കൂടിയാണ്.

    കളക്ടറേറ്റിലെ മുഴുവൻ ജീവനക്കാർക്കുമായി ഈ അവാർഡ് സമർപ്പിക്കുകയാണെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. തലസ്ഥാനജില്ല എന്നതിനാലുണ്ടാകുന്ന ഒട്ടേറെ ജോലിതിരക്കുകൾക്കിടയിലും ജനങ്ങളുടെ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാനാകുന്നത് സമയകാലവ്യത്യാസമില്ലാതെ അർപ്പണബോധത്തോടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ പൂർണ്ണമായ പിന്തുണ കൊണ്ടാണെന്നും കളക്ടർ പറഞ്ഞു .

    ജില്ലയിലെ വിവിധ വിഭാഗം ജനങ്ങളുടെ സാമൂഹിക സംസ്‌കാരിക സാമ്പത്തിക ഉന്നമനത്തിനായി പതിനഞ്ചോളം നൂതന പദ്ധതികളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കി വരുന്നത്. ജീവനക്കാരിൽ തൊണ്ണൂറുശതമാനം പേരും പങ്കാളികളായ അവയവദാന പദ്ധതി ജീവൻദാനം അതിൽ ഏറെ പ്രധാനമാണ്. ഭൂഗർഭജല റീചാർജ്ജിംഗ് പദ്ധതിയായ ജലശ്രീ മുഖേന ജില്ലയിലെ ആറു ബ്ലോക്കുകളിലായി 112 ഇടങ്ങളിലാണ് റീചാർജ്ജിംഗ് പൂർത്തിയാക്കിയത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ശാക്തീകരിക്കുന്ന പ്രോജക്ട് എറൈസ്- സൂപ്പർ 100, കൗമാരക്കാർക്കിടയിൽ പോസിറ്റീവായ മനോഭാവം വളർത്തിയെടുക്കുന്ന തരത്തിൽ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള പ്രോജക്ട് എക്സ്, യുവാക്കളിലെ സമ്മർദ്ദം, ഉത്കണ്ഠ, അക്കാദമിക് സമ്മർദ്ദം, സോഷ്യൽ മീഡിയ സ്വാധീനം, വൈകാരിക ഒറ്റപ്പെടൽ എന്നിവയുമായി ബന്ധപ്പെട്ട വിഷയ ങ്ങളിൽ പരിഹാരം നൽകുന്ന അൺഫിൽറ്റേഡ്, പൊതുജനങ്ങളെ ഡിജിറ്റൽ ആസക്തിയിൽ നിന്ന് അകറ്റി പൊതുഇട കേന്ദ്രീകൃതമായ കൂട്ടായ്മകളിലൂടെ സന്തോഷകരമായ നഗരജീവിതം ഉറപ്പാക്കുന്ന ഹാപ്പി ട്രിവാൻഡ്രം, ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് ക്രിസ്മസിനും ന്യൂ ഇയറിനും സമ്മാനങ്ങളടക്കം ലഭ്യമാക്കുന്ന പ്രോജക്ട് പുഞ്ചിരി,ജില്ലാ ഭരണകൂടവുമായി വിദ്യാർഥികളെ ബന്ധിപ്പിക്കുന്ന കളക്ടേഴ്സ് ക്യാമ്പസ് കണക്ട്,ഓക്‌സിജൻ പാർക്കുകൾ തുടങ്ങിയവ അവയിൽ ചിലതാണ്.

     

    പട്ടയ, വനാവകാശരേഖാവിതരണത്തിലും ഭൂമിസംബന്ധമായ കേസുകളുടെ തീർപ്പാക്കലിലും മികച്ച പ്രകടനമാണ് ജില്ല കാഴ്ചവെച്ചിട്ടുള്ളത്. പട്ടയ അപേക്ഷകളിൽ 90.5 ശതമാനവും വനാവകാശരേഖാ അപേക്ഷകളിൽ 100ശതമാനവും തീർപ്പാക്കി. പോക്കുവരവുമായി ബന്ധപ്പെട്ട് 81470 അപേക്ഷകളാണ് തീർപ്പാക്കിയത്. താലൂക്ക്തല അദാലത്തുകൾ സംഘടിപ്പിച്ച് 6066 പരാതികൾക്ക് പരിഹാരം കണ്ടു.

    റെയിൽവേ, റോഡ്, തുറമുഖം , പാലം, മറ്റ് അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട 114 ഭൂമി ഏറ്റെടുക്കൽ പ്രോജക്ടുകളാണ് നടപ്പിലാക്കി വരുന്നത്. അതിൽ 73 പദ്ധതികളും സമയബന്ധിതമായിപൂർത്തിയാക്കി.സ്ഥലമുടമകൾക്ക്727 കോടി രൂപയാണ് നഷ്ടപരിഹാരമായി വിതരണം ചെയ്തത്.

    കളക്ട്രേറ്റും പരിസരവും വൃത്തിയായി പരിപാലിക്കുന്നതിനൊപ്പം ഓഫീസുകൾക്കുള്ളിൽ ഉദ്യോഗസ്ഥർ ഹരിത ചട്ടം പാലിക്കുന്നുണ്ട്.പൊതുജനങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കുന്നതിനും വൃത്തിയുള്ള ശുചിമുറി സംവിധാനം ഉറപ്പാക്കുന്നതിനും തിരുവനന്തപുരം കളക്ടറേറ്റ് മാതൃകയായി. കളക്ടറേറ്റും പരിസരവും പൂർണമായും ഭിന്നശേഷി സൗഹൃദമാക്കി എന്നതും ജില്ലാ ഭരണകൂടത്തിന്റെ മികച്ച നേട്ടങ്ങളിൽ ഒന്നാണ് . പ്രവർത്തന മികവിന് പുരസ്‌കാരം ലഭിച്ച സബ് കളക്ടർ ആൽഫ്രഡ് ഒ വിയും അസി കളക്ടർ ഡോ ശിവശക്തിവേലും എ ഡി എം വിനീത് ടി കെയും മറ്റു ഡപ്യൂട്ടി കളക്ടർമാരുമടങ്ങുന്ന ടീമാണ് മിന്നുന്ന ഈ വിജയത്തിനു പിന്നിൽ ജില്ലാ കള ക്ടർക്കൊപ്പം പ്രവർത്തിച്ചത്.

  • കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും; പ്രധാനമന്ത്രി

    കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും; പ്രധാനമന്ത്രി

    തിരുവനന്തപുരം: കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

    കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനെ സംബന്ധിച്ച് വികസനത്തിന് പുതിയ ദിശാബോധം വന്ന ദിവസമാണ് ഇന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

    അമൃത് ഭാരത്, പാസഞ്ചർ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഹൃത്തുക്കളേയെന്ന് മലയാളത്തിൽ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഓരോ പദ്ധതികളെ കുറിച്ചും പറഞ്ഞത്.

    ‘കേരളത്തിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് ഇന്ന് ഒരു പുതിയ ദിശാബോധം കൈവന്നു. രാജ്യത്തെ വലിയ സ്റ്റാർട്ടപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിനായുള്ള ആദ്യ ചുവട് ഇന്നുണ്ടാകും.

    വികസിത കേരളത്തിൽ കൂടി മാത്രമേ വികസിത ഭാരതം പൂർത്തിയാക്കാനാകൂ. കേരളത്തിലെ ജനങ്ങൾക്കൊപ്പം കേന്ദ്ര സർക്കാർ ഉണ്ടാകും. രാജ്യത്തെ മുഴുവൻ പാവപ്പെട്ടവരുടെയും ഉന്നമനത്തിന് നടപ്പാക്കുന്ന ഒരു മഹത്തായ സംരഭത്തിനും തിരുവനന്തപുരത്ത് തുടക്കമായിട്ടുണ്ട്.കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും.

    തിരുവനന്തപുരത്ത് ബിജെപിയുടെ വിജയം ഐതിഹാസികമാണ്. ഈ വിജയം കേരളത്തിൽ മാത്രമല്ല രാജ്യത്താകമാനം അലയടിക്കുകയാണ്. വികസിത കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുള്ള വിജയമാണിത്. ഇടതുവലത് പാർട്ടികളുടെ അഴിമതി ഭരണത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കും.ദരിദ്ര വിഭാഗങ്ങളുടെ വൈദ്യുതി ബിൽ കുറയ്‌ക്കുന്നതിന് പ്രത്യേക പദ്ധതികൾ നടപ്പാക്കി. 12 ലക്ഷത്തോളം വാർഷിക വരുമാനത്തിന് ആദായനികുതി ഒഴിവ് നൽകി.

    ഇതിലൂടെ കേരളത്തിലെ മദ്ധ്യവർഗക്കാർക്കും ശമ്പളം വാങ്ങുന്നവർക്കും പ്രയോജനം ലഭിച്ചു. മുൻപ് തെരുവിൽ കച്ചവടം ചെയ്യുന്നവരുടെ കാര്യം വലിയ കഷ്ടമായിരുന്നു. 100 രൂപയെങ്കിലും വായ്പയ്‌ക്ക് വലിയ പലിശയാണ് നൽകേണ്ടി വന്നത്.പിഎം സ്വ നിധി ഇതിനൊരു പരിഹാരമാണ്. ലക്ഷക്കണക്കിന് തെരുവ് കച്ചവടക്കാർക്ക് വായ്പ ലഭിക്കാൻ തുടങ്ങിയത് ഈ പദ്ധതി വഴിയാണ്. ഇന്ന് ഭാരത് സർക്കാർ പി എം സ്വ നിധി ക്രെഡിറ്റ് കാർഡുകളും നൽകി. തിരുവനന്തപുരത്തുനിന്ന് മാത്രം 6,000 പേർക്ക് ഈ ആനുകൂല്യം ലഭിച്ചു. ധനികർക്ക് മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ് ഉണ്ടായിരുന്നത്. ഇന്ന് തെരുവ് കച്ചവടക്കാരുടെ കൈയിലും സ്വാനിധി ക്രെഡിറ്റ് കാർഡ് ഉണ്ട്’- മോദി പറഞ്ഞു

  • പ്രധാനമന്ത്രിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം, പാർക്കിങ് ഇങ്ങനെ..

    പ്രധാനമന്ത്രിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം, പാർക്കിങ് ഇങ്ങനെ..

    തിരുവനന്തപുരം :പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഗതാഗതക്രമീകരണം ഏർപ്പെടുത്തി.

    ഇന്നും നാളെയും ശംഖുമുഖം എയർപോർട്ട് , പുത്തരിക്കണ്ടം കിഴക്കേകോട്ട ഭാഗങ്ങൾ താൽക്കാലിക റെഡ് സോണായി പ്രഖ്യാപിച്ചു.

    ഇന്നും നാളെയും ഈ ഭാഗങ്ങളിൽ 2 കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ, ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നതും പട്ടം, ബലൂണുകൾ എന്നിവ പറത്തുന്നതും ലേസർബീം ലൈറ്റുകൾ ഉപയോഗിക്കുന്നതും നിരോധിച്ചു. നാളെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ഗതാഗതക്രമീകരണം ഏർപ്പെടുത്തി.

    രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ഡൊമസ്‌റ്റിക് എയർപോർട്ട് , ശംഖുമുഖം, ഓൾസെയിന്റ്സ്, ചാക്ക, പള്ളിമുക്ക്, പാറ്റൂർ,ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, രക്തസാക്ഷി മണ്ഡപം, വിജെടി മെയിൻ ഗേറ്റ്, സ്റ്റാച്യു, പുളിമൂട്, ആയുർവേദ കോളജ്, ഓവർബ്രിജ്, മേലെപഴവങ്ങാടി, പവർഹൗസ് ജംക്‌ഷൻ, ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും പാർക്കിങ് അനുവദിക്കില്ല.

    ശംഖുംമുഖം,ഡൊമസ്റ്റിക് എയർ പോർട്ട്, വലിയതുറ, പൊന്നറപ്പാലം, കല്ലുംമൂട്, അനന്തപുരി ഹോസ്പിറ്റൽ, ഈഞ്ചയ്ക്കൽ, മിത്രാനന്ദപുരം, എസ്പി ഫോർട്ട്, ശ്രീകണ്ഠേശ്വരം പാർക്ക്, തകരപ്പറമ്പ് മേൽപ്പാലം , പവർഹൗസ് ജംക്‌ഷൻ വരെയും, ചാക്ക,അനന്തപുരി ഹോസ്പിറ്റൽ റോഡിന്റെയും ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.

    രാവിലെ 10 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ 1 വരെയും ഗതാഗതം വഴി തിരിച്ചു വിടും. ഡൊമസ്റ്റിക് എയർപോർട്ട് ഭാഗത്ത് നിന്നു ശംഖുമുഖം വഴി പോകുന്ന വാഹനങ്ങൾ വലിയതുറ പൊന്നറ പാലം കല്ല് മൂട് വഴിയും വെട്ടുകാട്, വേളി ഭാഗങ്ങളിൽ നിന്നും ഓൾസെയിൻസ് വഴി പോകുന്ന വാഹനങ്ങൾ മാധവപുരം, വെൺപാലവട്ടം വഴിയും പോകണം.

    കഴക്കൂട്ടത്ത് നിന്ന് ചാക്ക വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ വെൺപാലവട്ടം, കുമാരപുരം, പട്ടം, കവടിയാർ വഴിയും പിഎംജിയിൽ നിന്ന് പാളയം വഴി പോകുന്ന വാഹനങ്ങൾ എൽഎംഎസ് പബ്ലിക് ലൈബ്രറി,പഞ്ചാപുര വഴിയും വെള്ളയമ്പലം ഭഗത്ത് നിന്നും പാളയം വഴി പോകുന്ന വാഹനങ്ങൾ വഴുതയ്ക്കാട്,

    വിമൻസ് കോളജ്,തൈക്കാട് വഴിയും പോകണം.തമ്പാനൂർ നിന്നും ഓവർബ്രിജ്‌ വഴി കിഴക്കേകോട്ട പോകേണ്ട വാഹനങ്ങൽ ചുരയ്ക്കാട്ട് പാളയം,കിള്ളിപാലം, അട്ടക്കുളങ്ങര വഴി പോകണം.അട്ടക്കുളങ്ങര ഭാഗത്ത് നിന്നും കിഴക്കേകോട്ട വഴി പോകുന്ന വാഹനങ്ങൾ കിള്ളിപ്പാലം വഴിയോ ഈഞ്ചയ്ക്കൽ വഴിയോ പോകണം.വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള വരുന്നവർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം.ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ലൈ ഓവർ, ഈഞ്ചക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും രാജ്യാന്തര ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ലൈഓവർ, ഈഞ്ചക്കൽ, കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകണം.

     

    പാർക്കിങ് ഇങ്ങനെ

    നാളെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ വാഹനങ്ങളിൽ എത്തുന്ന പ്രവർത്തകരെ കിള്ളിപ്പാലം, അട്ടകുളങ്ങര, ശ്രീകണ്ഠേശ്വരം പാർക്ക് ഭാഗങ്ങളിൽ ഇറക്കണം. വലിയ വാഹനങ്ങൾ ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട്, ഹോമിയോ കോളജ് ഗ്രൗണ്ട്, ചാല സ്കൂൾ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ട് എന്നിവിടങ്ങളിലും ചെറിയ വാഹനങ്ങൾ ഫോർട്ട് സ്കൂൾ ഗ്രൗണ്ട്, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, അട്ടക്കുളങ്ങര ഗവ. സെൻട്രൽ സ്കൂൾ ഗ്രൗണ്ട്, വെള്ളയമ്പലം ജലഅതോറിറ്റി ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

  • തൈപ്പൊങ്കൽ ആഘോഷം:തിരുവനന്തപുരം ഉൾപ്പെടെ 6 ജില്ലകളിൽ വ്യാഴാഴ്ച അവധി

    തൈപ്പൊങ്കൽ ആഘോഷം:തിരുവനന്തപുരം ഉൾപ്പെടെ 6 ജില്ലകളിൽ വ്യാഴാഴ്ച അവധി

    തിരുവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ 6 ജില്ലകള്‍ക്ക് ജനുവരി 15ന് (വ്യാഴം) പ്രാദേശിക അവധി പ്രഖ്യാപിച്ചു.

    തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇത്.

  • പുതുവർഷത്തിൽ തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ ‘പൗർണ്ണ’ എത്തി

    പുതുവർഷത്തിൽ തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ ‘പൗർണ്ണ’ എത്തി

    തിരുവനന്തപുരം:പുതുവൽസരത്തിൻ്റെ പുത്തൻ പ്രതീക്ഷകളുമായി അമ്മക്കൂടണയാൻ അവളെത്തി.

    2026 ൽ പ്രഥമയായി തിരുവനന്തപുരം അമ്മത്തൊട്ടിലിൽ സർക്കാർ സംരക്ഷണയ്ക്കെത്തിയ പെൺ കരുത്തിന് പത്ത് ദിവസം പ്രായം വരും.

    1965 കിഗ്രാം ഭാരവും.ശനിയാഴ്ച രാത്രി 8 മണിക്കാണ് അമ്മത്തൊട്ടിലിൽ അതിഥി എത്തിയത്.പുതുവർഷത്തിലെ നവാഗതയ്ക്ക്  “പൗർണ്ണ”എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. അരുൺ ഗോപി അറിയിച്ചു.

  • തിരുവനന്തപുരം ഇന്ത്യയിലെ ഏറ്റവും ശാന്തമായ തലസ്ഥാനങ്ങളിലൊന്ന്; ഉപരാഷ്ട്രപതി

    തിരുവനന്തപുരം ഇന്ത്യയിലെ ഏറ്റവും ശാന്തമായ തലസ്ഥാനങ്ങളിലൊന്ന്; ഉപരാഷ്ട്രപതി

    തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം.

    ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും പാരമ്പര്യവും സ്വാഭാവിക സൗന്ദര്യവും പ്രകൃതി മനോഹരമായ കാഴ്ചകളും കേരളത്തെ ലോകത്തിന് മുന്നില്‍ മാതൃകയാക്കുന്നു.

    പ്രത്യേകിച്ച് തിരുവനന്തപുരം. പാരമ്പര്യവും വികസനവും ഒരേസമയം കൈകോർത്തുനില്‍ക്കുന്ന ഇന്ത്യയിലെ അപൂര്‍വ്വ തലസ്ഥാനങ്ങളിലൊന്നാണ് തിരുവനന്തപുരം. ഇന്ന് ഇന്ത്യയിലെ ഏറ്റവും ശാന്തമായ തലസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം മാറിയിരിക്കുകയാണെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു.

    ശക്തമായ സാമൂഹിക മൂല്യങ്ങളും സാംസ്‌കാരിക ബോധവും സഹവര്‍ത്തിത്വവും കേരളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാളയം എല്‍.എം.എസ്. ഹാളില്‍ നടന്ന ട്രിവാന്‍ഡ്രം ഫെസ്റ്റിന്റെ ‘സ്നേഹസംഗമം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

    ആശയങ്ങളിലും വിശ്വാസങ്ങളിലും ദര്‍ശനങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും വികസനത്തിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബൗദ്ധികവും കൂട്ടായതുമായ ഉത്തരവാദിത്വമാണ് ഒരു സമൂഹത്തിന്റെ പുരോഗതിക്ക് അടിത്തറ. ക്രിസ്തുമസ് ഒരു മതവിഭാഗത്തിന്റേതു മാത്രമുള്ള ആഘോഷമല്ല; നല്ലതും സജീവവുമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പങ്കാളിയാകാവുന്ന ആഘോഷമാണെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. ‘ട്രിവാന്‍ഡ്രം ഫെസ്റ്റ്’ പോലുള്ള ആഘോഷങ്ങള്‍ സമൂഹത്തില്‍ വലിയ പങ്ക് വഹിക്കുന്നതായും കേരളത്തിന്റെ സാമൂഹിക ഘടനയുടെ ശക്തമായ പ്രതിഫലനമാണ് ഇത്തരം വേദികളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    ചടങ്ങില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സ്നേഹസന്ദേശം നല്‍കി. ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ സമൂഹത്തിന് എക്കാലവും അമൂല്യനിധിയാണെന്നും അവ സഹവര്‍ത്തിത്വത്തോടെ പിന്തുടരുന്നുവെന്നത് അഭിമാനകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

    ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ ആമുഖപ്രഭാഷണം നടത്തി. മന്ത്രി എം.ബി. രാജേഷ്, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, സി.എസ്.ഐ. ദക്ഷിണകേരള മഹായിടവക വൈസ് ചെയര്‍മാന്‍ ഡോ. പ്രിന്‍സ്റ്റണ്‍ ബെന്‍, സാജന്‍ വേളൂര്‍ എന്നിവര്‍ സംസാരിച്ചു.

    ചടങ്ങില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറല്‍ മോണ്‍. ഡോ. ജോണ്‍ തെക്കേക്കര, ആക്ട്സ് പ്രസിഡന്റ് ബിഷപ്പ് ഉമ്മന്‍ ജോര്‍ജ്, സി.എസ്.ഐ. കൊല്ലം–കൊട്ടാരക്കര മഹായിടവക ബിഷപ്പ് ജോസ് ജോര്‍ജ്, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനിയോസ്, ബിഷപ്പ് ഡോ. മോഹന്‍ മാനുവല്‍, സി.എസ്.ഐ. ദക്ഷിണകേരള മഹായിടവക പാസ്റ്ററല്‍ ബോര്‍ഡ് സെക്രട്ടറി ഡോ. ജെ. ജയരാജ്, ട്രിവാന്‍ഡ്രം ഫെസ്റ്റ് മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ബേബി മാത്യൂ സോമതീരം എന്നിവര്‍ മഹനീയ സാന്നിധ്യമായി.

    ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഉപരാഷ്ട്രപതിയെ വരവേറ്റു. ചടങ്ങുകള്‍ക്കു ശേഷം വേദിയില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. ഇന്ന് (30/12/2025) രാത്രി 8 മണിക്ക് സ്റ്റീഫന്‍ ദേവസ്സിയുടെ സംഗീതസന്ധ്യ നടക്കും.

    ഫോട്ടോ: കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ ‘സ്നേഹസംഗമം’ പരിപാടി ഉദ്ഘാടനം ചെയ്യുന്നു. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, മന്ത്രി എം.ബി. രാജേഷ്, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, ട്രഷറര്‍ സാജന്‍ വേളൂര്‍ എന്നിവര്‍ വേദിയില്‍.

  • തിരുവനന്തപുരത്ത് സ്വതന്ത്രനെ ഒപ്പംകൂട്ടി ബിജെപി; മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഇന്ന്

    തിരുവനന്തപുരത്ത് സ്വതന്ത്രനെ ഒപ്പംകൂട്ടി ബിജെപി; മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഇന്ന്

    തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിൽ മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിനു മണിക്കൂറുകൾ ശേഷിക്കേ കേവല ഭൂരിപക്ഷത്തിനു വേണ്ട 51 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കി ബിജെപി.

    കണ്ണമ്മൂല വാർഡിൽനിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയാണ് ബിജെപി ഉറപ്പാക്കിയത്.

    ഇതോടെ 101 സീറ്റുകളുള്ള കോർപറേഷനിൽ 51 അംഗസംഖ്യയോടെ ബിജെപി നില സുരക്ഷിതമാക്കി.

    ദിവസങ്ങൾ നീണ്ട ചർച്ചയ്ക്കൊടുവിലാണ് സ്വതന്ത്രന്റെ പിന്തുണ ബിജെപി ഉറപ്പിച്ചത്. തുടർന്ന് സംസ്ഥാന അധ്യക്ഷനെ നേരിട്ടു കണ്ടാണ് പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ പ്രഖ്യാപിച്ചത്.

  • തിരുവനന്തപുരത്ത് പ്രവാസി കമ്മീഷന്‍ അദാലത്ത് സംഘടിപ്പിച്ചു

    തിരുവനന്തപുരത്ത് പ്രവാസി കമ്മീഷന്‍ അദാലത്ത് സംഘടിപ്പിച്ചു

    തിരുവനന്തപുരം:പ്രവാസി മലയാളികളുടെ പരാതികള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഹാരം കാണുന്നതിനായി സംസ്ഥാന പ്രവാസി കമ്മീഷന്റെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിച്ചു. പ്രവാസി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സോഫി തോമസ് നേതൃത്വം നല്‍കി.

    കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 85 കേസുകള്‍ പരിഗണിച്ചു. പ്രധാനമായിട്ടും നോര്‍ക്ക റൂട്സ് വെല്‍ഫെയര്‍ ബോര്‍ഡ് എതിര്‍കക്ഷികളായിട്ടുള്ള പെന്‍ഷന്‍ സംബന്ധമായിട്ടുള്ള പരാതികളും വിവിധ പ്രശ്‌നങ്ങളുമാണ് അദാലത്തിൽ പരിഗണിച്ചതെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

    ഡിസംബര്‍ 16, 17 തീയതികളില്‍ തൈക്കാട് നോര്‍ക്ക സെന്ററിലെ പ്രവാസി കമ്മീഷന്‍ ഓഫീസിലാണ് അദാലത്ത് നടന്നത്. കമ്മീഷന്‍ സെക്രട്ടറി ജയറാം കുമാര്‍ ആര്‍, അംഗങ്ങളായ പി.എം. ജാബിര്‍, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നയീം, ജോസഫ് ദേവസ്യ പൊന്‍മാങ്കല്‍ എന്നിവര്‍ പങ്കെടുത്തു.

  • തിരുവനന്തപുരത്ത് പതിനെട്ടുകാരനെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്ന സംഭവം; രണ്ടു പേർ അറസ്റ്റിൽ

    തിരുവനന്തപുരത്ത് പതിനെട്ടുകാരനെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്ന സംഭവം; രണ്ടു പേർ അറസ്റ്റിൽ

    തിരുവനന്തപുരം : ഫുട്‌ബോള്‍ മത്സരത്തിലെ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പതിനെട്ടുകാരനെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്ന സംഭവത്തില്‍ രണ്ടു പേരെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തു.

    നിരവധി കേസുകളില്‍ പ്രതിയായ സന്ദീപ്, അഖില്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തമ്പാനൂര്‍ അരിസ്റ്റോ തോപ്പില്‍ ഡി 47ല്‍ താമസിക്കുന്ന നെട്ടയം സ്വദേശി അലന്‍ (18) ആണ് തൈക്കാട് എംജി രാധാകൃഷ്ണന്‍ റോഡില്‍ വച്ച് തിങ്കളാഴ്ച വൈകിട്ട് കുത്തേറ്റു മരിച്ചത്.

    ഒരു മാസം മുന്‍പ് 2 പ്രാദേശിക ക്ലബ്ബുകളുടെ ഫുട്‌ബോള്‍ മത്സരത്തിലുണ്ടായ തര്‍ക്കമാണു കത്തിക്കുത്തില്‍ കലാശിച്ചത്.