Tag: തിരുവനന്തപുരം

  • ശിശുദിന റാലി ; തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

    ശിശുദിന റാലി ; തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം: ശിശുദിന റാലിയോടനുബന്ധിച്ച് 14.11.2025 -ാം തീയതി രാവിലെ 08.30 മണി മുതല്‍ 11 .00 മണി വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളതാണ്.

    • വെളളയമ്പലം ഭാഗത്ത് നിന്നും മ്യൂസിയം വഴി പോകുന്ന വലിയ വാഹനങ്ങള്‍ വെളളയമ്പലം -ശ്രീമൂലം ക്ലബ് ജംഗ്ക്ഷന്‍ -വഴുതയ്ക്കാട് -വിമന്‍സ് കോളേജ് വഴിയും ചെറിയ വാഹനങ്ങള്‍ വെളളയമ്പലം -മ്യൂസിയം -നന്ദാവനം വഴിയും പോകേണ്ടതാണ്.

    • എല്‍ എം എസ് ഭാഗത്ത് നിന്നും മ്യൂസിയം വഴി പോകുന്ന വാഹനങ്ങള്‍ കോര്‍പ്പറേഷന്‍ ഓഫിസ്- നന്ദന്‍കോട് – ദേവസ്വം ബോര്‍ഡ് -ടി ടി സി വഴി പോകേണ്ടതാണ്.

    • റാലിയില്‍ പങ്കെടുക്കുന്ന കുട്ടികളെയും കൊണ്ട് വരുന്ന വലിയ വാഹനങ്ങള്‍ കുട്ടികളെ നിയമാസഭാ ബില്‍ഡിംഗിന് മുന്‍വശം റോഡില്‍ ഇറക്കിയതിന് ശേഷം എല്‍ എം എസ് പാര്‍ക്കിംഗ് ഗ്രൌണ്ട് , വെളളയമ്പലം വാട്ടര്‍ അതോറിറ്റി കോമ്പൌണ്ട് , ജിമ്മി ജോര്‍ജ്ജ് പാര്‍ക്കിംഗ് ഗ്രൌണ്ട് , തൈക്കാട് പോലീസ് ട്രയിനിംഗ് കോളേജ് ഗ്രൌണ്ട്, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ ഗ്രൌണ്ട് , ജി വി രാജ മുതല്‍ നിയമസഭ വരെയുളള റോഡിന്റെ ഇടത് വശം, ജവഹര്‍ നഗര്‍ റോഡ് മുതല്‍ കവടിയാര്‍ വരെയുളള റോഡിന്റെ ഇടത് വശം , പി എം ജി മുതല്‍ ലോ കോളേജ് വരെയുളള റോഡിന്റെ ഇടത് വശവും ഗതാഗതത്തിന് തടസ്സമില്ലാത്ത വിധത്തില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

  • അതിദരിദ്രരില്ലാത്ത ജില്ലയാകാനൊരുങ്ങി തിരുവനന്തപുരം

    അതിദരിദ്രരില്ലാത്ത ജില്ലയാകാനൊരുങ്ങി തിരുവനന്തപുരം

    തിരുവനന്തപുരം:നവംബർ ഒന്നിന് സംസ്ഥാനം അതിദാരിദ്ര്യമുക്തമാകാൻ ഒരുങ്ങുമ്പോൾ ജില്ലയിലും നടപടികൾ പുരോഗമിക്കുകയാണ്.

    അതിദരിദ്രരായി കണ്ടെത്തിയവരിൽ 94.86 ശതമാനം കുടുംബങ്ങളെയും ഇതിനകം അതിദാരിദ്ര്യമുക്തമാക്കാൻ സാധിച്ചത് ജില്ല കൈവരിച്ച പ്രധാന നേട്ടമാണ്.

    നിലവിൽ 24 തദ്ദേശസ്ഥാപനങ്ങൾ അതിദാരിദ്ര്യമുക്തമായിട്ടുണ്ട്. അവശേഷിക്കുന്നവയെ ഉടൻ പ്രഖ്യാപിക്കും. ഒക്ടോബർ മാസത്തിൽ സമ്പൂർണമായും അതിദരിദ്രരില്ലാത്ത ജില്ലയായി തിരുവനന്തപുരം മാറും.

    മൈക്രോപ്ലാൻ പ്രകാരം ജില്ലയിൽ അതിദരിദ്രരായി കണ്ടെത്തിയ 6250 കുടുംബങ്ങളിൽ 5929 കുടുംബങ്ങളെ അതിദാരിദ്ര്യമുക്തമാക്കി. പട്ടികയിൽ ഷെൽട്ടർ ഘടകം മാത്രം ആവശ്യമുള്ള 1219 കുടുംബങ്ങളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. ഇതിൽ വീട് മാത്രം ആവശ്യമുണ്ടായിരുന്ന 332 കുടുംബങ്ങൾക്കും വീട് ഉറപ്പാക്കി. ഭവന പുനരുദ്ധാരണം ആവശ്യമുണ്ടായിരുന്ന 505 കുടുംബങ്ങൾക്ക് അതും പുരോഗമിക്കുകയാണ്. അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാവാൻ വസ്തുവും വീടും ആവശ്യമുള്ളതായി ജില്ലയിൽ കണ്ടെത്തിയ 284 കുടുംബങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾ മുഖേനയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ മുഖേനയും ഭൂമി ലഭ്യമാക്കി ഭവന നിർമ്മാണം പുരോഗമിക്കുകയാണ്. അവശേഷിക്കുന്ന കുടുംബങ്ങൾക്ക് റവന്യൂ ഭൂമിയിൽ പട്ടയവും നൽകുന്നുണ്ട്.

     

    ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലയിലെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത്. ഈ കുടുംബങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഭക്ഷണം, മരുന്നുകൾ, സാന്ത്വന ചികിത്സ, ആരോഗ്യ സഹായ ഉപകരണങ്ങൾ എന്നിങ്ങനെയുള്ള സേവനങ്ങൾ ലഭ്യമാക്കി. ജില്ലയിൽ 2658 കുടുംബങ്ങൾക്ക് ഭക്ഷണം, 2891 കുടുംബങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ, 343 കുടുംബങ്ങൾക്ക് കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതി മുഖേനയും സേവനം നൽകിയിട്ടുണ്ട്. അടിസ്ഥാന രേഖകളില്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങി 13ൽപ്പരം രേഖകൾ ഉറപ്പാക്കിയിട്ടുണ്ട്.

     

    അതിദരിദ്ര കുടുംബങ്ങളിലെ പത്താം ക്ലാസ് വിജയിച്ച കുട്ടികൾക്ക് വീടിനടുത്ത് തന്നെ തുടർപഠനത്തിന് അവസരം നൽകുകയും കുട്ടികൾക്ക് സൗജന്യ ബസ് പാസ്, പഠനോപകരണങ്ങൾ എന്നിവ തദ്ദേശ സ്ഥാപനങ്ങൾ വഴി നൽകുകയും ചെയ്യുന്നുണ്ട്.

     

    *അതിദാരിദ്ര്യമുക്തമായ തദ്ദേശസ്ഥാപനങ്ങൾ*

     

    അണ്ടൂർക്കോണം

    ആര്യനാട്

    ആര്യങ്കോട്

    ബാലരാമപുരം

    ചെങ്കൽ

    ചിറയിൻകീഴ്

    ഇലകമൺ

    കല്ലറ

    കരകുളം

    കരവാരം

    കരുംകുളം

    കാട്ടാക്കട

    കിളിമാനൂർ

    കോട്ടുകാൽ

    മാണിക്കൽ

    മുദാക്കൽ

    നെല്ലനാട്

    പൂവാർ

    തിരുപുറം

    ഉഴമലക്കൽ

    വെള്ളനാട്

    വെങ്ങാനൂർ

    വെട്ടൂർ

    വിളവൂർക്കൽ

  • നവരാത്രി ഘോഷയാത്ര; തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

    നവരാത്രി ഘോഷയാത്ര; തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:നവരാത്രി ഘോഷയാത്രയോടനുബന്ധിച്ച് 22.9.2025 തീയതി രാവിലെ 11.00 മണി മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

    നവരാത്രി ഉത്സവത്തോടനുബന്ധിച്ച് 22.9.2025 തീയതിയിൽ നവരാത്രി വിഗ്രഹങ്ങൾ ഘോഷയാത്രയായി തിരുവനന്തപുരം സിറ്റി നഗരാതിർത്തിയായ പള്ളിച്ചലിൽ രാവിലെ 11.00 മണിയോടുകൂടി എത്തിച്ചേരുന്നതും തുടർന്ന് നേമത്തുനിന്നും ഉച്ചയോടെ തിരിച്ച് രാത്രി 8.00 മണിയോടുകൂടി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും എത്തിച്ചേരുന്നു.

    നവരാത്രി ഘോഷയാത്ര കടന്നുപോകുന്ന സമയങ്ങളിൽ തിരുവനന്തപുരം നഗരാതിർത്തിക്കുള്ളിലെ പള്ളിച്ചൽ മുതൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വരെയുള്ള റോഡിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ റോഡുകളിൽ രാവിലെ 11.00 മണി മുതൽ രാത്രി 8.00 മണി വരെ ആവശ്യമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ്.

    കിള്ളിപ്പാലം മുതൽ പള്ളിച്ചൽ വരെ ഉള്ള ട്രാക്കിൽ ഒരു വാഹനങ്ങളും പാർക്ക് ചെയ്യുവാൻ പാടില്ലാത്തതാണ്. ടി റോഡിൽ ഏതെങ്കിലും തരത്തിലുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുകയാണെങ്കിൽ റിക്കവറി ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്.

    ഘോഷയാത്ര സിറ്റി നഗരാതിർത്തിയായ പള്ളിച്ചൽ മുതൽ കരമന എത്തുന്നതുവരെയും കിള്ളിപ്പാലം ഭാഗത്തുനിന്നും പള്ളിച്ചലേക്കും പള്ളിച്ചൽ ഭാഗത്തുനിന്നും കരമന ഭാഗത്തേക്കുള്ള വാഹനങ്ങൾ ഒരു ട്രാക്ക് വഴി കടത്തിവിടുന്നതിനാൽ ഡ്രൈവർമാർ ശ്രദ്ധയോടെ വേഗത കുറച്ച് വാഹനം ഓടിച്ചു പോകേണ്ടതാണ്.

    ബാലരാമപുരം, പള്ളിച്ചൽ ഭാഗത്തുനിന്ന് സിറ്റിയിലേക്ക് വരുന്ന വാഹനങ്ങൾ പ്രത്യേകിച്ചും ആംബുലൻസ്, എയർപോർട്ട്, എമർജൻസി വാഹനങ്ങൾ പരമാവധി പള്ളിച്ചൽ കിള്ളിപ്പാലം ഒഴിവാക്കി ബൈപ്പാസ് വഴി പോകേണ്ടതാണ്. ടിപ്പർ ഉൾപ്പെടെയുള്ള ചരക്ക് വാഹനങ്ങൾ യാതൊരു കാരണവശാലും ഈ റൂട്ടിൽ അനുവദിക്കുന്നതല്ല.

    ഘോഷയാത്ര കരമന ഭാഗത്ത് എത്തിക്കഴിഞ്ഞാൽ നേമം, പാപ്പനംകോട് ഭാഗത്തുനിന്നും ഈസ്റ്റ് ഫോർട്ട് ഭാഗത്തേക്ക് പോകാനുള്ള ചെറിയ വാഹനങ്ങൾ കൈമനം – മരുതൂർക്കടവ് – കാലടി -ചിറപ്പാലം -ചിറമുക്ക് -മണക്കാട് വഴി പോകേണ്ടതാണ്.

    ഘോഷയാത്ര കരമന ഭാഗത്തുനിന്നും തിരിക്കുന്ന സമയം നേമം, പാപ്പനംകോട് ഭാഗത്തുനിന്നും കരമന-തമ്പാനൂർ ഭാഗത്തേക്ക് പോകാനുള്ള എല്ലാ വാഹനങ്ങളും കരമന- കുഞ്ചാലുംമൂട് -പൂജപ്പുര – ജഗതി – മേട്ടുകട – തൈക്കാട് വഴി പോകേണ്ടതാണ്.

    കരമന ഭാഗത്ത് നിന്നും കിള്ളിപ്പാലം ഭാഗത്തേക്ക് ഘോഷയാത്ര തിരിക്കുന്ന സമയം മുതൽ പൂജപ്പുര ഭാഗത്ത് നിന്നും കുഞ്ചാലുംമൂട് കരമന ഭാഗത്തേക്ക് ഒരു വാഹനങ്ങളും കടത്തിവിടുന്നതല്ല കരമന ഭാഗത്തേക്ക് പോകുവാനുള്ള ചെറിയ വാഹനങ്ങൾ പൂജപ്പുര – മേലാറന്നൂർ – സിഐടി റോഡ് – പി ആർ എസ് -വഴി കരമന ഭാഗത്തേക്കും വലിയ വാഹനങ്ങൾ പൂജപ്പുര – ജഗതി – മേട്ടുകട – ഫ്ലൈ ഓവർ – കിളളിപ്പാലം കരമന വഴിയും നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകാനുള്ള വലിയ വാഹനങ്ങൾ തിരുമല – മങ്കാട്ട് കടവ്- മലയിൻകീഴ് വഴിയോ ചെറിയ വാഹനങ്ങൾ തിരുമല -തൃക്കണ്ണാപുരം -സ്റ്റുഡിയോ റോഡ് -വെള്ളയാണി വഴിയോ പോകേണ്ടതാണ്.

    ഘോഷയാത്രയുടെ മുൻവശം പി ആർ എസ് ഹോസ്പിറ്റൽ കടന്നു കഴിഞ്ഞാൽ അട്ടക്കുളങ്ങര ഭാഗത്ത് നിന്നും കിള്ളിപ്പാലം ഭാഗത്തേക്ക് ടൂവീലർ ഉൾപ്പെടെയുള്ള ഒരു വാഹനങ്ങളും കടത്തിവിടുന്നതല്ല വലിയ വാഹനങ്ങൾ മണക്കാട് തിരുവല്ലം ബൈപ്പാസ് വഴിയും ചെറിയ വാഹനങ്ങൾ ഈസ്റ്റ് ഫോർട്ട് തമ്പാനൂർ വഴിയും പോകേണ്ടതാണ്

    തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽ പറഞ്ഞ ഗാതാഗത ക്രമീകരണങ്ങളോട് പൊതു ജനങ്ങൾ സഹകരിക്കേണ്ടതാണ്.

    പൊതുജനങ്ങൾക്ക് പരാതികളും നിർദ്ദേശങ്ങളും താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കാവുന്നതാണ്- -9497930055, 0471-2558731

     

  • തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം

    തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം

    തിരുവനന്തപുരം:നഗരം മുൻപ് കാണാത്ത ജനസാഗരത്തെ സാക്ഷിയാക്കി ഓണം വാരാഘോഷത്തിന് നിശാഗന്ധിയിൽഗംഭീര സമാപനം.

    ഓണാഘോഷം റിയൽ കേരള സ്റ്റോറി ആണെന്നും അഭൂതപൂർവമായ ജനപങ്കാളിത്തം കൊണ്ട് ഇത്തവണത്തെ ഓണാഘോഷം ശ്രദ്ധേയമായെന്നും സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു.

    10 വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇത്തവണ ഓണം കാണാൻ എത്തി. ലോകത്തിലെ 50 ടൂറിസം കേന്ദ്രങ്ങൾ എടുത്താൽ അതിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. കണ്ണിലെ കൃഷ്ണമണി പോലെ ക്രമസമാധാനം കാത്ത കേരള പോലീസിനും ഓണവും ആഘോഷങ്ങളും മാറ്റി വെച്ച് ഓണം വാരാഘോഷത്തിനായി ഒന്നിച്ച ഉദ്യോഗസ്ഥർക്കും വോളന്റിയേഴ്സിനും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഏവർക്കും ഓണാശംസകൾ നേർന്നു.

    ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിദേശ പ്രതിനിധി ലൂക്കാസ് മാർട്ടിനസ് മെയെർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഏറെ സന്തോഷത്തോടെ ഓണാശംസകൾ നേർന്നാണ് അദ്ദേഹവും മ‌‌ടങ്ങിയത്.

     

    അത്തപ്പൂക്കളം, തിരുവാതിരക്കളി, വൈദ്യുത ദീപാലങ്കാരം, ഘോഷയാത്രയിൽ പങ്കെടുത്ത മികച്ച ഫ്ലോട്ടുകൾ തുടങ്ങിയവയ്ക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസും വി.ശിവൻകുട്ടിയും ചേർന്ന് വിതരണം ചെയ്തു. വൈദ്യുത ദീപാലങ്കാരത്തിൽ കേരള സർക്കാർ വകുപ്പിന് കീഴിൽ ഒന്നാം സ്ഥാനം കേരള നിയമസഭ സ്വന്തമാക്കി. പൊതുമേഖല തദ്ദേശസ്ഥാപന വിഭാഗത്തിൽ കെൽട്രോണും സർക്കാർ ഇതര സ്ഥാപന വിഭാഗത്തിൽ കാനറ ബാങ്കും ഒന്നാം സ്ഥാനം നേ‌ടി.

     

    എംഎൽഎമാരായ ഡി.കെ മുരളി, ഐ.ബി സതീഷ്, വി.ജോയ്, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ‌ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

  • ഓണാഘോഷം: കണ്ണും മനസ്സും നിറച്ച് തിരുവനന്തപുരത്ത് ഡ്രോൺ ഷോ

    ഓണാഘോഷം: കണ്ണും മനസ്സും നിറച്ച് തിരുവനന്തപുരത്ത് ഡ്രോൺ ഷോ

    തിരുവനന്തപുരം:ഓണാഘോഷങ്ങളുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മെഗാ ഡ്രോൺ ഷോ കാണികളിൽ ഒരേസമയം കൗതുകവും വിസ്മയവും പടർത്തി.

    ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി അവതരിപ്പിച്ച 20 മിനിറ്റ് ദൈർഘ്യമുള്ള വിസ്മയാവിഷ്‌ക്കാരം തലസ്ഥാന വാസികൾ ആവേശത്തോടെയാണ് കണ്ടുനിന്നത്.

    കേരളത്തിന്റെ പൈതൃകവും ഓണത്തിന്റെ ആത്മാവും അവതരിപ്പിക്കുന്ന വിധത്തിലാണ് ആയിരക്കണക്കിന് ഡ്രോണുകൾ ഒരുമിച്ച് ആകാശത്ത് ഷോ ഒരുക്കിയത്. നൃത്തരൂപങ്ങളും കഥകളിയും ജഡായു പാറയും മുഖ്യമന്ത്രിയുടെ ഓണാശംസയും ഒന്നിന് പിറകെ ഒന്നായി മാനത്ത് നിറഞ്ഞു.

    ബോട്ട് ലാബ് ഡൈനാമിക്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഡ്രോൺ ഷോ അവതരിപ്പിച്ചത്. ഇന്നും നാളെയും( ശനി, ഞായർ) ഷോ തുടരും. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന്റെ പരിസരത്ത് എത്താൻ സാധിക്കാത്തവർക്ക് നാല് കിലോമീറ്റർ ചുറ്റളവിൽ നിന്നും വീടുകളുടെ ടെറസിൽ നിന്നും ഡ്രോൺ ഷോ വീക്ഷിക്കാം.

    കേരളത്തിന്റെ വികസന പുരോഗതിയുടെ ചെറു ചിത്രമാണ് ഇതെന്നും ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടിയത് ഡ്രോൺ ഷോയാണെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

    ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ അദ്ദേഹത്തോടൊപ്പം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ എന്നിവരും ഷോ കാണാൻ എത്തിയിരുന്നു.

  • ജില്ലാ വികസന സമിതി യോഗം ചേർന്നു

    ജില്ലാ വികസന സമിതി യോഗം ചേർന്നു

    തിരുവനന്തപുരം:ജില്ലാ വികസന സമിതിയുടെ ആഗസ്റ്റ് മാസത്തെ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ ചേർന്നു.

    തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭാ മണ്ഡലങ്ങളിലെയും വട്ടിയൂർക്കാവ്, വർക്കല, ആറ്റിങ്ങൽ നിയമസഭ മണ്ഡലങ്ങളിലെയും വികസന പ്രവർത്തനങ്ങളുടെ നിലവിലെ പുരോഗതി യോഗത്തിൽ വിലയിരുത്തി.

    ഓണക്കാലത്തോടനുബന്ധിച്ച് ലഹരി പരിശോധന കർശനമാക്കേണ്ടതുണ്ടെന്നും ലഹരി കേസുകളിൽപ്പെടുന്ന കടകളുടെ ലൈസൻസുകൾ റദ്ദാക്കുന്ന നടപടി തുടരണമെന്നും വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് പറഞ്ഞു.

    നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വട്ടിയൂർക്കാവ് റവന്യൂ ടവറിലെ വില്ലേജ് ഓഫീസ് നിർമ്മാണം, തിരുവനന്തപുരം കോർപ്പറേഷനിലെ വെൻഡിങ് സോൺ, മേലേക്കാവ് ടൂറിസം പദ്ധതി, പട്ടം ഫ്ലൈ ഓവർ, പേരൂർക്കട മേൽപ്പാലം തുടങ്ങിയ വിഷയങ്ങളുടെ നിർമ്മാണ പുരോഗതിയും പ്രശാന്ത് എംഎൽഎ വിലയിരുത്തി. വട്ടിയൂർക്കാവ് മണ്ഡലത്തിലെ എംഎൽഎ റോഡ്, ഉദിയന്നൂർ റോഡ് എന്നിവിടങ്ങളിലെ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുന:സ്ഥാപിച്ചതായും അറിയിച്ചു.

    ആറ്റിങ്ങൽ മണ്ഡലത്തിൽ മുതലപ്പൊഴി ഹാർബറിൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി ഡ്രഡ്ജിങ്, സോയിൽ പൈപ്പിംഗ് പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കണമെന്നും അതിനുള്ള സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്നും സാങ്കേതിക പ്രശ്നം കാരണം അപകടങ്ങൾ ഉണ്ടാകരുതെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.

    പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന വഴിയുള്ള റോഡ് പണി പാതിവഴിയിൽ നിർത്തി വെക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും മഴമൂലം വൈകിയ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

    ഓണക്കാലത്തോടനുബന്ധിച്ച് റോഡ് അപകടങ്ങൾ വർദ്ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത്  മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെന്നും ഔട്ടർ റിംഗ് റോഡിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്തവർക്കുള്ള ധനസഹായം അടിയന്തരമായി ലഭ്യമാക്കണമെന്നും ശശി തരൂർ എംപിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.

    വർക്കല മണ്ഡലത്തിൽ പിറവം-വർക്കല ശിവഗിരി കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനസ്ഥാപിക്കുക, ഇടവ വില്ലേജ് ഓഫീസ് നിർമാണം വേഗത്തിലാക്കുക, വർക്കല താലൂക്ക് ആശുപത്രി ഗേറ്റിനു മുന്നിലുള്ള മരം മുറിച്ചു മാറ്റുക, വർക്കല മൈതാനം റെയിൽവേ അണ്ടർ പാസേജ് നടയറപ്പാലം ഓപ്പൺ എന്നിവ സൗന്ദര്യവൽക്കരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉന്നയിക്കപ്പെട്ടു.

    ആറ്റിങ്ങൽ മണ്ഡലത്തിൽ കടലുകാണി ടൂറിസം പദ്ധതി, പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് അടുത്തുള്ള കെഎസ്ആർടിസി ബസ് സ്റ്റോപ്പ് പുന ക്രമീകരിക്കൽ തുടങ്ങിയവയും ചർച്ച ചെയ്തു.

    സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയ്യാറാക്കിയ ജില്ലയിലെ പുഷ്പകൃഷിയെ  കുറിച്ചുള്ള റിപ്പോർട്ട് ‘പൂവിളി’ വി.കെ പ്രശാന്ത് എം എൽ എ കളക്ടർ അനു കുമാരിക്ക് നൽകി പ്രകാശനം ചെയ്തു.

    യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ ശക്തിവേൽ, എംഡിഎം വിനീത് ടി.കെ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻ ചാർജ് കലാമുദ്ദീൻ എം, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

  • 500 ല്‍ പരം ഒഴിവുകള്‍; തിരുവനന്തപുരത്ത് മിനി തൊഴില്‍മേള

    500 ല്‍ പരം ഒഴിവുകള്‍; തിരുവനന്തപുരത്ത് മിനി തൊഴില്‍മേള

    തിരുവനന്തപുരം:തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 23ന് ‘നിയുക്തി 2025’ മിനി തൊഴില്‍ മേള സംഘടിപ്പിക്കും.

    നെയ്യാര്‍ ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മന്റില്‍ വച്ചാണ് തൊഴില്‍ മേള നടത്തുന്നത്.

    ഐ.ടി, ഓട്ടോമൊബൈല്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയ രംഗങ്ങളിലുള്ള 20ല്‍ പരം പ്രമുഖ തൊഴില്‍ ദായകര്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് ട്രാവല്‍ ആന്‍ഡ് ടൂറിസം തുടങ്ങിയ യോഗ്യതയുള്ളവർക്കായി 500 ല്‍ പരം ഒഴിവുകള്‍ ഉണ്ട്.

    പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അതേദിവസം സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്ത് തൊഴില്‍ മേളയില്‍ പങ്കെടുക്കാവുന്നതാണ്. https://tinyurl.com/NIYUKTHI എന്ന ലിങ്ക് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ദായകരുടെയും തൊഴിലിന്റെയും സമ്പൂര്‍ണവിവരം ലഭ്യമാകും.

    കൂടുതല്‍ വിവരങ്ങള്‍ക്ക് : 8921916220, 0471-2992609

  • തിരുവനന്തപുരത്ത് കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്

    തിരുവനന്തപുരത്ത് കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്

    തിരുവനന്തപുരം: ജനറല്‍ ആശുപത്രിക്ക് സമീപം  കാര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറി അഞ്ച് പേര്‍ക്ക് പരിക്ക്. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്.

    ഉച്ചക്ക് 12.30-ഓടെയാണ് സംഭവം. നിയന്ത്രണംവിട്ട കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലും കാര്‍ ഇടിച്ചു.വട്ടിയൂര്‍ക്കാവ് സ്വദേശി എ.കെ വിഷ്ണുനാഥാണ് (25) കാര്‍ ഓടിച്ചിരുന്നത്.

    അപകടത്തില്‍ നടപ്പാതയില്‍ നിന്നിരുന്ന ഓട്ടോ ഡ്രൈവര്‍മാരായ കുറ്റിച്ചല്‍ സ്വദേശി സുരേന്ദ്രന്‍ (50), ആയിരുപാറ സ്വദേശി കുമാര്‍ (42), അഴീക്കോട് സ്വദേശി ഷാഫി (40) എന്നിവര്‍ക്കും ആശുപത്രിയില്‍നിന്ന് ഓട്ടോയില്‍ കയറാനെത്തിയ ഒരു സ്ത്രീക്കും പുരുഷനുമാണ് പരിക്കേറ്റത്.

    അമിത വേഗത്തിലെത്തിയ കാര്‍ ആളുകളേയും ഓട്ടോറിക്ഷകളും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ നാലു പേരെയും ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ശ്രുശ്രൂഷകള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

     

  • തിരുവനന്തപുരം ജില്ലാ വികസന സമിതിയോഗം ചേർന്നു

    തിരുവനന്തപുരം ജില്ലാ വികസന സമിതിയോഗം ചേർന്നു

    തിരുവനന്തപുരം:ജില്ലാ വികസന സമിതിയോഗം എഡിഎം വീനീത് ടി.കെയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.

    തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലേയും വാമനപുരം, വർക്കല, ആറ്റിങ്ങൽ മണ്ഡലങ്ങളിലേയും വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതിയും പുരോഗതിയും യോഗം വിലയിരുത്തി.

    തീരദേശത്ത് അടിഞ്ഞ കപ്പൽ കണ്ടെയ്നറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ദിവസേന നീക്കം ചെയ്യുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

    മഴക്കെടുതി മൂലം വീടുകൾ നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാര തുക നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ ഇതുവരെ 302 അപേക്ഷകളാണ് നഷ്ടപരിഹാരത്തിനായി ലഭിച്ചത്. ഇതിൽ 26 എണ്ണം ആറ്റിങ്ങൽ മണ്ഡലത്തിലാണ്.

    തിരുവനന്തപുരം വിമാനത്താവളത്തിന് മുന്നിലെ തകർന്ന വെയ്റ്റിംഗ് ഷെഡ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. പാളയം മാർക്കറ്റ് നവീകരണ പ്രവർത്തനങ്ങളുടെ നിലവിലെ പുരോഗതിയും യോഗം വിലയിരുത്തി. പാളയം മാർക്കറ്റിൽ ഉപയോഗശൂന്യമായ 139 കടമുറികൾ പൊളിച്ചുനീക്കിയെന്നും പുനരധിവാസത്തിനായി നിർമ്മിച്ച പുതിയ കടകളിലേക്ക് മാറുന്നതിന് കച്ചവടക്കാർക്ക് നിർദ്ദേശം നൽകിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

    വാമനപുരം മണ്ഡലത്തിലെ പെരിങ്ങമല സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം, പെരിങ്ങമല പ‍ഞ്ചായത്തിലൂടെയുള്ള മലയോര ഹൈവേ, വാമനപുരം, പാങ്ങോട്, കല്ലറ വില്ലേജുകളിലെ റീസർവേ, പാലോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ് നിർമ്മാണം തുടങ്ങിയ പദ്ധതികളുടെ പുരോഗതി യോഗം അവലോകനം ചെയ്തു. പൊന്മുടി-വിതുര കെ.എസ്.ആർ.ടി.സി ബസ് സമയം സ്കൂൾ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകുന്നവിധം ക്രമീകരിക്കണമെന്നും ആവശ്യം ഉയർന്നു.

    വർക്കലയിൽ കുടിവെള്ളം എത്തിക്കുന്നതിനായി മണമ്പൂർ ഭാഗത്ത് ദേശീയപാതയിൽ പൈപ്പിടുന്നതിനുള്ള അനുമതി, പിറവം-വർക്കല ശിവഗിരി കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനഃസ്ഥാപിക്കൽ, ഇടവ വില്ലേജ് ഓഫീസ് ഭൂമി ഏറ്റെടുക്കൽ, ഇടവ തോമസ് സെബാസ്റ്റ്യൻ ഇൻഡോർ സ്റ്റേഡിയത്തിലേക്കുള്ള റോഡ് വീതി കൂട്ടൽ, വർക്കല ടൂറിസം മേഖലയിലെ സിസിടിവി ക്യാമറകൾ പുനഃസ്ഥാപിക്കൽ, വർക്കല പുന്നമൂട് മാർക്കറ്റ് നിർമ്മാണം, വർക്കല അരിവാളം ബീച്ചിലെ അടിസ്ഥാനസൗകര്യ വികസനം, കിലയെ ഏൽപ്പിച്ചിട്ടുള്ള വർക്കല മണ്ഡലത്തിലെ അഞ്ച് സ്കൂളുകളുടെ നിർമ്മാണ പുരോഗതി തുടങ്ങിയവ ചർച്ച ചെയ്തു.

    ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ കലാമുദ്ദീൻ എം, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.