Tag: തിരുവനന്തപുരം

  • തിരുവനന്തപുരത്ത് മാരക ലഹരി വസ്‌തുക്കളുമായി യുവാവ്‌ പിടിയിൽ

    തിരുവനന്തപുരത്ത് മാരക ലഹരി വസ്‌തുക്കളുമായി യുവാവ്‌ പിടിയിൽ

    തിരുവനന്തപുരം: തിരുവനന്തപുരത്ത് എക്‌സൈസ് വകുപ്പിന്‍റെ വൻ രാസലഹരി വേട്ട.

    ശ്രീകാര്യം പാങ്ങപ്പാറയിൽ 24 ഗ്രാം എം.ഡി.എം.എ, 90 എണ്ണം എൽ.എസ്.ഡി സ്റ്റാമ്പുകൾ, 500 ഗ്രാം ഹാഷിഷ് ഓയിൽ, 38 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 520 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്.

    കുടപ്പനകുന്ന് അഞ്ചുമുക്ക് സ്വദേശി സിദ്ദാർഥ് (27) ആണ് മാരക ലഹരിവസ്തുക്കളുമായി പിടിയിലായത്.

    പാങ്ങപ്പാറയിൽ വീട് വാടകക്കെടുത്ത് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് മയക്കുമരുന്നുകൾ വിൽപന നടത്തി വരികയായിരുന്നു പ്രതി

  • തിരുവനന്തപുരം കളക്ടറേറ്റിൽ മെഗാ ക്ലീനിംഗ് ഡ്രൈവ്

    തിരുവനന്തപുരം കളക്ടറേറ്റിൽ മെഗാ ക്ലീനിംഗ് ഡ്രൈവ്

    തിരുവനന്തപുരം:മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കളക്ടറേറ്റിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു.

    കളക്ടറേറ്റ് പരിസരം വൃത്തിയാക്കികൊണ്ട് ജില്ലാ കളക്ടർ അനുകുമാരി ക്ലീനിംഗ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു.

    സർക്കാർ ഓഫീസുകൾ ഹരിതഓഫീസുകളായി മാറിക്കൊണ്ടിരിക്കുകയാണെന്നും തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിനെ ഹരിത ഓഫീസായി വൈകാതെ പ്രഖ്യാപിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

    മാലിന്യങ്ങൾ ശേഖരിക്കുന്നതല്ല, വേർതിരിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്വന്തം ഓഫീസ് പരിസരം വൃത്തിയായി സൂക്ഷിക്കാൻ ഓരോരുത്തരും മുൻകൈ എടുക്കണമെന്നും അവർ പറഞ്ഞു. കളക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഹരിതകർമ്മ സേന അംഗങ്ങളും ശുചീകരണത്തിൽ പങ്കാളികളായി.

    എഡിഎം ബീന പി ആനന്ദ്, നഗരസഭാ സെക്രട്ടറി ജഹാംഗീർ.എസ്, കളക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: ബേക്കറി ജംഗ്ഷൻ വാൻറോസ് റോഡിൽ, ഇന്ദ്രപുരി ഹോട്ടലിനു മുന്നിലായി രൂപപ്പെട്ട, വാട്ടർ അതോറിറ്റിയുടെ 315 എം എം എച്.ഡി.പി.ഇ പൈപ്പ്‌ലൈനിലുള്ള ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി

    ശനിയാഴ്ച 22.02.2025 രാവിലെ 7.00 മണി മുതൽ ഞായറാഴ്ച 23.02.2025 രാവിലെ 10 മണി വരെ നന്ദാവനം, ബേക്കറി , ഊറ്റുകുഴി , സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളേജ് , ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേതമ്പാനൂർ, പുളിമൂട് എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • മഴക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട്

    മഴക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട്

    തിരുവനന്തപുരം: കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്.

    തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബാക്കി മുഴുവൻ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

    തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി കാരണമാണ് മഴക്ക് സാധ്യത.

  • സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നു: മന്ത്രി വീണാ ജോര്‍ജ്

    സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നു: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രസവം നടക്കുന്ന ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

    തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി കേന്ദ്രം ഉയര്‍ത്തി. രാജ്യത്തെ പത്ത് ആശുപത്രികളില്‍ ഒന്നായ അപൂര്‍വ നേട്ടമാണത്. സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി.യില്‍ ജനറ്റിക്‌സ് വിഭാഗം ആരംഭിക്കുകയും സിഡിസിയില്‍ ജനറ്റിക്‌സ് ലാബ് സജ്ജമാക്കുകയും ചെയ്തു.

    പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ എയിംസിന് ശേഷം രണ്ടാമതായി എസ്.എ.ടി. ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു. പ്രസവം കഴിഞ്ഞ് സൗജന്യമായി അമ്മയേയും കുഞ്ഞിനേയും വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി വിജയകരമായി നടക്കുന്നു.

    വന്ധ്യതാ ചികിത്സയ്ക്കും പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

    മാതൃശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ഹൃദ്യം പോലെയുള്ള പദ്ധതികളിലൂടെ നവജാത ശിശുമരണ നിരക്ക് വളരെയേറെ കുറയ്ക്കാന്‍ സാധിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. മികച്ച സൗകര്യങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളിലൊരുക്കി വരുന്നത്. പ്രതിഭാധനരായ ജീവനക്കാരുമുണ്ട്. പ്രത്യേക സൗകര്യങ്ങളൊരുക്കുമ്പോള്‍ അതിനുതകുന്ന ചികിത്സ ആ ആശുപത്രിയില്‍ തന്നെ ലഭിക്കണം.

     

    സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ ഒന്നാണ് തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി. 200ലധികം വര്‍ഷം പഴക്കമുള്ള ഈ ആശുപത്രി സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആശ്രയ കേന്ദ്രമാണ്. ഇവിടെ പുതിയ കാലഘട്ടത്തിന് അനുസൃതമായ ശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാക്ഷാത്കരിക്കുകയാണ് ചെയ്യുന്നത്. ആശുപത്രിയില്‍ നേരത്തെയുണ്ടായിരുന്ന സൗകര്യങ്ങള്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു. ലക്ഷ്യ ലേബര്‍ റൂം, നവജാത ശിശു പരിപാലന വിഭാഗം, ഒ.പി, അത്യാഹിത വിഭാഗം എന്നിവ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ചു.

     

    2.2 കോടി രൂപ വിനിയോഗിച്ചാണ് ലക്ഷ്യ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ലേബര്‍ റൂം സജ്ജമാക്കിയത്. നേരത്തെ 5 പ്രസവങ്ങള്‍ മാത്രം നടത്താന്‍ സൗകര്യമുണ്ടായിരുന്നിടത്ത് 20 പ്രസവങ്ങള്‍ നടത്താന്‍ സൗകര്യമുള്ള ക്യൂബിക്കിളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍ ന്യൂ ബോണ്‍ റീസസ്സീറ്റേഷന്‍, ന്യൂ ബോണ്‍ കെയര്‍ കോര്‍ണര്‍ എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. 5 ലക്ഷം രൂപയോളം വിനിയോഗിച്ചാണ് നവജാത ശിശു പരിപാലന വിഭാഗം നവീകരിച്ചത്. നവജാത ശിശു പരിപാലന വിഭാഗത്തില്‍ ആധുനിക സൗകര്യങ്ങളുള്ള 10 ബെഡ്ഡുകള്‍ ഉള്‍പ്പെടുന്ന ഇന്‍ബോണ്‍ നഴ്‌സറി, ട്രയേജ്, ബ്രസ്റ്റ് ഫീഡിംഗ് റൂം, കൗണ്‍സിലിംഗ് വിഭാഗം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 1 കോടി രൂപ ചെലവഴിച്ചാണ് ഒ.പി, അത്യാഹിത വിഭാഗം എന്നിവ നവീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

     

    ആന്റണി രാജു എം.എല്‍.എ. മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചു. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, കൗണ്‍സിലര്‍മാരായ കൃഷ്ണകുമാര്‍ എസ്., മാധവദാസ് ജി., ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനോജ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ശാന്ത, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സ്വപ്നകുമാരി ജെ., ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. വി. കൃഷ്ണവേണി, ആശുപത്രി വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

  • വാഹന രജിസ്ട്രേഷൻ ; എറണാകുളത്തെ മറികടന്ന് തിരുവനന്തപുരം

    വാഹന രജിസ്ട്രേഷൻ ; എറണാകുളത്തെ മറികടന്ന് തിരുവനന്തപുരം

    തിരുവനന്തപുരം: സംസ്ഥാനത്ത് 2024ല്‍ ഏറ്റവും അധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയെന്ന നേട്ടം എറണാകുളത്തെ മറികടന്ന് തിരുവനന്തപുരം സ്വന്തമാക്കി.

    മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ട കണക്ക് അനുസരിച്ച് തലസ്ഥാന ജില്ലയിലെ എട്ട് ആര്‍ടിഒകളിലായി 97,501 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഒമ്പത് ആര്‍ടിഒകളില്‍ നിന്നായി എറണാകുളത്ത് രജിസ്റ്റര്‍ ചെയ്തത് 97,052 വാഹനങ്ങള്‍. 449 വാഹനങ്ങളാണ് എറണാകുളത്തേക്കാള്‍ കൂടുതലായി തലസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

    33,357 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം ആര്‍ടിഒ (KL-01) ആണ് സംസ്ഥാനത്ത് മുന്നില്‍. 24,798 വാഹനങ്ങളുമായി എറണാകുളം (KL-07) രണ്ടാം സ്ഥാനത്ത് എത്തി.

    തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ആര്‍ടിഒ (KL-21) ആണ് മൂന്നാം സ്ഥാനത്ത്, 12,226 വാഹനങ്ങളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം ജില്ലയിലെ മറ്റ് ആര്‍ടിഒകളുടെ കണക്ക് പരിശോധിച്ചാല്‍ അത് കഴക്കൂട്ടം (10,736), ആറ്റിങ്ങല്‍ (9764), നെയ്യാറ്റിന്‍കര (8414), കാട്ടാക്കട (8938), പാറശാല (8046), വര്‍ക്കല (5980) എന്നിങ്ങനെയാണ്.എറണാകുളത്തെ

  • തിരുവനന്തപുരം പുസ്തക തലസ്ഥാനമാകണം: മുഖ്യമന്ത്രി

    തിരുവനന്തപുരം പുസ്തക തലസ്ഥാനമാകണം: മുഖ്യമന്ത്രി

    തിരുവനന്തപുരം:കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സര്‍വ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്‌കോയ്ക്ക് നിയമസഭാ സ്പീക്കര്‍ കത്തയയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

    കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ എല്‍ ഐ ബി എഫ് ) മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

    കോഴിക്കോട് ലോക സാഹിത്യനഗരി ആയതുപോലെ തിരുവനന്തപുരം യുനെസ്‌കോയുടെ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ സ്ഥാനത്തിന് അര്‍ഹമാകണം. യുനെസ്‌കോയ്ക്ക് ഓരോ വര്‍ഷവും ഓരോ നഗരത്തെ ലോക പുസ്തക തലസ്ഥാനമായി അംഗീകരിക്കുന്ന ഒരു പദ്ധതിയുണ്ട്.

    ഇന്ത്യയിലെ ഏതെങ്കിലുമൊരു നഗരത്തിന് യുണൈറ്റഡ് നേഷന്‍സിന്റെ പുസ്തക തലസ്ഥാനം ‘വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍’ എന്ന പദവിക്ക് അര്‍ഹതയുണ്ടെങ്കില്‍ ആദ്യം പരിഗണനയ്ക്ക് വരേണ്ടത് കേരളത്തിന്റെ നഗരങ്ങളാണ്.

    യു എന്‍ രൂപീകൃതമായ 1945ല്‍തന്നെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചവരാണ് നമ്മള്‍. എം പി പോള്‍ എസ് പി സി എസ് രജിസ്റ്റര്‍ ചെയ്യുന്നതും അന്നാണ്. നാഷണല്‍ ബുക് സ്റ്റാള്‍ തുറക്കുന്നതും അന്നാണ്. യു എന്നിന്റെ സമാരംഭത്തില്‍ അക്ഷരവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രസ്ഥാനങ്ങള്‍ ആഘോഷപൂര്‍വ്വം ആരംഭിച്ച ഈ കേരളത്തിന്റെ തലസ്ഥാനത്തിനു തന്നെയാണ് യുനെസ്‌കോയുടെ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ പദവി കിട്ടേണ്ടത്. അത് നേടിയെടുക്കുമെന്ന പ്രതിജ്ഞയോടെയാവണം ഈ അക്ഷരോത്സവത്തിന്റെ സമാരംഭം. പുസ്തകോത്സവ തലസ്ഥാനമാകാനുള്ള സർവയോഗ്യതയുമുള്ള തിരുവനന്തപുരം ലോക സാഹിത്യ ഉത്സവ ഭൂപടത്തില്‍ അടയാളപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

     

    പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, തോപ്പില്‍ ഭാസി, മുതല്‍ പ്രൊഫ. എം കെ സാനുവും കവി കടമ്മനിട്ട രാമകൃഷ്ണനും വരെ നിരവധി സാഹിത്യപ്രതിഭകള്‍ നിയമസഭയില്‍ അംഗങ്ങളായിരുന്നിട്ടുണ്ട്. സഭയില്‍ അംഗങ്ങളായിരുന്ന ഇ എം എസ്, അച്യുതമേനോന്‍, പി ഗോവിന്ദപ്പിള്ള തുടങ്ങി ധാരാളം പ്രമുഖര്‍ സാഹിത്യരംഗത്തുകൂടി സംഭാവനകള്‍ ചെയ്തവരാണ്. അതിനാല്‍ നിയമസഭാ പുസ്തകോത്സവത്തിന് പ്രത്യേകമായ ഔചിത്യ ഭംഗിയുണ്ട്. വായന മരിക്കുന്നു എന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും പലരും പറഞ്ഞുകൊണ്ടിരുന്ന വേളയില്‍ പോലും വായന തളിര്‍ക്കുന്ന അനുഭവം നിലനിന്ന നാടാണിത്. ബീഡി തെറുത്തുകൊണ്ടിരിക്കുമ്പോള്‍ പോലും പുസ്തകങ്ങള്‍ വായിച്ചു കേട്ടിരുന്നവരുടെ പൈതൃകമുണ്ട് നമുക്ക്.

    കേരളത്തില്‍ ഫിസിക്കല്‍ ബുക്ക് ഷോപ്പുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇ-റീഡിങ് വന്നപ്പോള്‍ പോലും പുസ്തകം കൈയിലെടുത്ത് അതിന്റെ പുതുമയുടെ ഗന്ധം ആസ്വദിച്ചു വായിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ നാടാണിത്. ഇന്ത്യയില്‍ ആദ്യമായി പേപ്പര്‍ ബാക്ക് ബുക്ക് വിപ്ലവം സാധ്യമാക്കിയ നാടാണിത്. പരമ്പരാഗതവും സാമ്പ്രദായികവുമായ എഴുത്തിന്റെ വഴികളില്‍ നിന്നുമാറി രചനയിലും ആസ്വാദനത്തിലും പുതുവഴി വെട്ടിത്തുറന്ന എം മുകുന്ദന് ഇത്തവണത്തെ നിയമസഭാ പുരസ്‌ക്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാള സര്‍ഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നല്‍കിയ എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ പുരസ്‌കാരം സമ്മാനിച്ചു.

     

    സാംസ്‌കാരിക മേഖലയിലെ അധിനിവേശങ്ങള്‍ക്കും അരാജകചിന്തകള്‍ക്കുമെതിരായ ചെറുത്തു നില്‍പ്പാണ് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവമെന്ന് അദ്ധ്യക്ഷനായിരുന്ന സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. ആധുനിക ഇന്ത്യയില്‍ മതേതരത്വം ചോദ്യം ചെയ്യപ്പെടുകയും വര്‍ഗീയത ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്നു. സാംസ്‌കാരിക മേഖലയിലെ എല്ലാ തെറ്റായ പ്രവണതകള്‍ക്കുമെതിരായ ചെറുത്തുനില്‍പ്പാണ് പുസ്തകോത്സവം. നിര്‍മിത ബുദ്ധിയുടെ കാലത്ത് ഏകാഗ്രത കുറഞ്ഞുവരുന്നുണ്ട്. സങ്കല്‍പങ്ങളുടെ അന്ത്യം എന്നാണ് ഈ കാലഘട്ടത്തെ വിശേഷിപ്പിക്കാനാവുക. ഡിജിറ്റല്‍ ഇടപെടലുകളും സമൂഹമാധ്യമങ്ങളും വായനയെ സ്വാധീനിക്കുന്നു. ഏകാഗ്രതയുടെ ദൈര്‍ഘ്യം കുറയുന്ന ഈ കാലത്ത് വായനയെ എങ്ങനെ തിരിച്ചുപിടിക്കാം എന്നു കൂടി കെ എല്‍ ഐ ബി എഫ് അന്വേഷിക്കുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

     

    സംസ്‌കാര ഭാഷാ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ രാജ്യത്തിന് മാതൃകയായ കേരളം അറിവിന്റേയും പുരോഗതിയുടേയും അഗോളമുദ്രയാണെന്ന് മുഖ്യാതിഥിയായിരുന്ന കര്‍ണാടക സ്പീക്കര്‍ യു. ടി ഖാദര്‍ ഫരീദ് പറഞ്ഞു. വിദ്യാഭ്യാസത്തേയും സാഹിത്യത്തേയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള നിയമസഭയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ദൗത്യമാണ് പുസ്തകോത്സവം. ഇതിന്റെ ഊര്‍ജം ഉള്‍ക്കൊണ്ട് കര്‍ണാടകയിലും പുസ്തകോത്സവം സംഘടിപ്പിക്കുന്നതിനുള്ള പിന്തുണയും അദ്ദേഹം തേടി. തലമുറകളെ വായനയിലേക്ക് നയിച്ച എം മുകുന്ദനെ നിയമസഭാ അവാര്‍ഡ് നേടിയതില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ അഭിനന്ദിച്ചു.

     

    ലഭിച്ച പുരസ്‌കാരങ്ങളില്‍ താന്‍ ഏറ്റവും വിലമതിക്കുന്നത് നിയമസഭാ പുരസ്‌കാരമെന്ന് മറുപടി പ്രസംഗത്തില്‍ എം മുകുന്ദന്‍ പറഞ്ഞു. മൂന്നരക്കോടി ജനങ്ങള്‍ നീതിക്കും തുല്യതയ്ക്കും വേണ്ടി ഉറ്റുനോക്കുന്ന മഹനീയമായ നിയമസഭയില്‍ നിന്നും പുരസ്‌കാരം ലഭിച്ച നിമിഷം എന്നെന്നും ഓര്‍മിക്കും. അറുപതോളം വര്‍ഷത്തോളം എഴുതിയതിനാണ് തനിക്ക് വാര്‍ദ്ധക്യം ബാധിച്ചത്. എഴുത്തുയാത്ര എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂപരിഷ്‌കരണ നിയമത്തിലൂടേയും വിദ്യാഭ്യാസ ബില്ലിലൂടേയും മുന്നേറിയ കേരളം ആധുനിക നിര്‍മിതിയിലേക്കുള്ള പ്രയാണം തുടരേണ്ടതുണ്ട്. വര്‍ഗീയതയും ഫാസിസവും ഈ പുണ്യഭൂമിയിലേക്ക് കടക്കാന്‍ അനുവദിക്കരുത്. എഴുത്തുകാരും സര്‍ക്കാരും ജനനന്മക്കായി ഒന്നിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

     

    പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരന്‍ ദേവ്ദത്ത് പട്നായിക്ക് പ്രകാശനം ചെയ്തു. ഡോ.മന്‍മോഹന്‍ സിംഗിനും എം ടി വാസുദേവന്‍ നായര്‍ക്കും അനുശോചനം അര്‍പ്പിച്ച് ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വാഗതം ആശംസിച്ചു. മന്ത്രിമാരായ കെ ബി ഗണേഷ് കുമാര്‍, ജി ആര്‍ അനില്‍, ചീഫ് വിപ്പ് ഡോ എന്‍ ജയരാജ്, ജില്ലാ കളക്ടര്‍ അനുകുമാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നിയമസഭ സെക്രട്ടറി ഡോ എന്‍ കൃഷ്ണകുമാര്‍ നന്ദി പറഞ്ഞു.

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം :പടിഞ്ഞാറേനട കൊത്തളം റോഡിലെ വാഴപ്പള്ളി ജംഗ്ഷന് സമീപം വാട്ടർ അതോറിറ്റിയുടെ 700എംഎം വ്യാസമുള്ള പൈപ്പ്‌ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനായുള്ള ജോലികൾ നിശ്ചയിച്ചിരിക്കുന്നതിനാൽ ജനുവരി 10 വെള്ളി രാവിലെ 8 മണി മുതൽ ജനുവരി 12 ഞായർ രാവിലെ 8 മണി വരെ ശ്രീവരാഹം, ഫോർട്ട്, ചാല, വള്ളക്കടവ്, പെരുന്താന്നി, കമലേശ്വരം എന്നീ വാർഡുകളിൽ പൂർണമായും തമ്പാനൂർ,

    പാൽക്കുളങ്ങര, ശംഖുമുഖം, മുട്ടത്തറ, ആറ്റുകാൽ, അമ്പലത്തറ, കളിപ്പാൻകുളം, വലിയതുറ, കുര്യാത്തി, മണക്കാട്, ചാക്ക, ശ്രീകണ്ഠേശ്വരം, വലിയശാല എന്നിവിടങ്ങളിൽ ഭാഗികമായും ശുദ്ധജല വിതരണം തടസ്സപ്പെടും.

    ഉപഭോക്‌താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • സംസ്ഥാന സ്കൂൾ കലോത്സവം;  തിരുവനന്തപുരത്തെ നിശ്ചിത സ്കൂളുകൾക്ക് അവധി

    സംസ്ഥാന സ്കൂൾ കലോത്സവം; തിരുവനന്തപുരത്തെ നിശ്ചിത സ്കൂളുകൾക്ക് അവധി

    തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു.

    കലോത്സവത്തിന് ബസുകൾ വിട്ടുനൽകിയ സ്കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.