Tag: തിരുവനന്തപുരം

  • തലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം കുറയുന്നുവെന്ന് കണ്ടെത്തല്‍

    തലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം കുറയുന്നുവെന്ന് കണ്ടെത്തല്‍

    തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ  വായുവിന്റെ ഗുണനിലവാരം കുറയുന്നുവെന്ന് കണ്ടെത്തല്‍.

    അന്താരാഷ്ട്ര എയര്‍ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐ ക്യു എയറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

    അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന 2.5 മൈക്രോമീറ്ററിന് താഴെയുള്ള അപകടകാരികളായ കണികാ പദാര്‍ത്ഥങ്ങളുടെ അളവ് (പി.എം 2.5) നിശ്ചിത പരിധിക്ക് മുകളിലാണ്. ഒരു ക്യുബിക് മീറ്റര്‍ വായുവിലുള്ള 2.5 മൈക്രോണിന് താഴെയുള്ള കണികാ പദാര്‍ത്ഥങ്ങളുടെ തോത് തലസ്ഥാനത്ത് 22.3-44.5 എന്ന നിലയിലാണ്. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന പരിധി 10 മാത്രമാണ്.

    കൊച്ചിയെ അപേക്ഷിച്ച് വായുമലിനീകരണം കുറവായിരുന്ന  തിരുവനന്തപുരത്ത് അതിവേഗത്തിലാണ് മാറ്റം. വ്യവസായങ്ങള്‍ നിരവധിയുള്ള കൊച്ചിയിലെ പി.എം 2.5ന്റെ തോത് 35-71.9 ആണ്.

    നഗരങ്ങളിലെ നിര്‍മ്മാണങ്ങളിലൂടെ ഉണ്ടാക്കുന്ന രൂക്ഷമായ പൊടി, നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍,ഗതാഗതക്കുരുക്ക് എന്നിവയെല്ലാം തലസ്ഥാനത്തെ സ്ഥിതിക്ക് കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

  • തീപാറുന്ന പ്രചാരണവുമായി സ്ഥാനാർഥികൾ….. തലസ്ഥാനം ആർക്കൊപ്പം?

    തീപാറുന്ന പ്രചാരണവുമായി സ്ഥാനാർഥികൾ….. തലസ്ഥാനം ആർക്കൊപ്പം?

    തിരുവനന്തപുരം : തീപാറുന്ന പ്രചാരണവുമായി സ്ഥാനാർഥികളും മുന്നണികളും തിരുവനന്തപുരം മണ്ഡലത്തിൽ സജീവമായി.

    ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം കഴിയുന്നിടത്തെല്ലാം ഓടിയെത്താനും മൂന്ന് പേരും ശ്രമിച്ചു.

    യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂർ കഴിഞ്ഞ വർഷങ്ങളിലെ വിജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ്.

    എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ  മണ്ഡലത്തിൽ  പര്യടനം നടത്തി വരികയാണ് ഇത്തവണ തിരുവനന്തപുരം അദ്ദേഹത്തിനൊപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

    എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ  വിവിധ മേഖലാ കൺവൻഷനുകളിൽ പങ്കെടുത്തു വരുകയാണ്. എൽഡിഎഫ് ഇത്തവണ പ്രതീക്ഷയോടെ നോക്കി കാണുന്ന മണ്ഡലമാണ് തിരുവനന്തപുരം.

     

  • ഭരണ മികവിൽ തലസ്ഥാന ജില്ല; ജെറോമിക് ജോർജ് മികച്ച ജില്ലാ കളക്ടർ, തിരുവനന്തപുരത്തിന് 14 പുരസ്കാരങ്ങൾ

    ഭരണ മികവിൽ തലസ്ഥാന ജില്ല; ജെറോമിക് ജോർജ് മികച്ച ജില്ലാ കളക്ടർ, തിരുവനന്തപുരത്തിന് 14 പുരസ്കാരങ്ങൾ

    തിരുവനന്തപുരം:2024ലെ റവന്യൂ പുരസ്കാരത്തിൽ തിളങ്ങി തിരുവനന്തപുരം ജില്ല.

    റവന്യൂ, സർവേയും ഭൂരേഖയും വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള പുരസ്കാരത്തിൽ 11 വിഭാഗങ്ങളിലായി 14 പുരസ്കാരങ്ങൾ തലസ്ഥാന ജില്ല സ്വന്തമാക്കി. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് ആണ് മികച്ച ജില്ലാ കളക്ടറിനുള്ള പുരസ്കാരം നേടിയത്. തിരുവനന്തപുരം കളക്ടറേറ്റ് മികച്ച കളക്ടറേറ്റായും തിരഞ്ഞെടുക്കപ്പെട്ടു.

    2015 ബാച്ച് ഐ എ എസ് ഓഫീസർ ആണ് കോട്ടയം സ്വദേശിയായ ജെറോമിക് ജോർജ്. പാലക്കാട് അസിസ്റ്റന്റ് കളക്ടർ ആയി തുടക്കം. ഒറ്റപ്പാലം സബ് കളക്ടർ ആയിരുന്നു. 2022 ഓഗസ്റ്റ് 10നാണ് തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതല ഏൽക്കുന്നത്.

    ജേക്കബ് സഞ്ജയ് ജോൺ ( ലാൻഡ് അക്വിസിഷൻ ), ഷീജ ബിഗം യു (എൽ. എ. എൻ. എച്ച്) എന്നിവർ മികച്ച ഡെപ്യൂട്ടി കളക്ടർമാരായി തിരഞ്ഞെടുക്കപ്പെട്ടു.

     

    മികച്ച തഹസിൽദാർ (ജനറൽ) അരുൺ ജെ.എൽ (നെയ്യാറ്റിൻകര), മികച്ച തഹസിൽദാർ ലാൻഡ് അക്വിസിഷൻ ഷിഹാനാസ് കെ.എസ്. (എൽ എ ജനറൽ, തിരുവനന്തപുരം) എന്നിവരും പുരസ്‌കാരം നേടി.

    സർവ്വേയും ഭൂരേഖയും വകുപ്പിൽ അഞ്ചു പുരസ്കാരങ്ങൾ തിരുവനന്തപുരം ജില്ല നേടി. ദക്ഷിണ മേഖല റീസർവ്വേ സൂപ്രണ്ട് – ശശികുമാർ എസ്( റീ സർവ്വേ സൂപ്രണ്ട് ഓഫീസ്), ഹെഡ് സർവേയർ – കൃഷ്ണകുമാരി വി (റീ സർവ്വേ സൂപ്രണ്ട് ഓഫീസ്), മികച്ച സർവേയർ – സ്മിത എം.എസ് (റീ സർവ്വേ സൂപ്രണ്ട് ഓഫീസ്), കോൺട്രാക്ട് സർവ്വെയർ – അനൂപ് മോഹനൻ എം (റീ സർവ്വേ സൂപ്രണ്ട് ഓഫീസ്), ഡ്രാഫ്റ്റ്സ്മാൻ -രശ്മി ജി ( അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് സർവ്വേ).

    മികച്ച വില്ലേജ് ഓഫീസർ വിഭാഗത്തിൽ ഓരോ ജില്ലയിൽ നിന്നും മൂന്നുപേർക്കാണ് പുരസ്കാരം നൽകുന്നത്. രാജേഷ് പി എസ് (കല്ലറ), ഷഫീഖ് (പെരിങ്ങമല), സുൽഫിക്കർ (കുടവൂർ) എന്നിവർ മികച്ച വില്ലേജ് ഓഫീസർമാരായി തിരഞ്ഞെടുക്കപ്പെട്ടു.

    ഫെബ്രുവരി 24 വൈകിട്ട് നാലിനു കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന റവന്യൂ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

  • വട്ടിയൂർകാവ് സ്വദേശി ഓസ്ട്രേലിയയിൽ മരിച്ചു

    വട്ടിയൂർകാവ് സ്വദേശി ഓസ്ട്രേലിയയിൽ മരിച്ചു

    തിരുവനന്തപുരം: വട്ടിയൂർകാവ് സ്വദേശി  ഓസ്ട്രേലിയയിൽ മരിച്ചു.

    സിഡ്നി ജോർദാൻ സ്പ്രിംഗ്സിൽ താമസിക്കുന്ന,  വട്ടിയൂർകാവ് പാലയ്ക്കൽ വീട്ടിൽ (വി.കെ.ആര്‍.ഡബ്ല്യൂ.എ – 112)ൽ ബാബു തോമസ് – ഇ.സി ത്രേസ്യ ദമ്പതികളുടെ മകൾ മിഷ ബാബു തോമസ് (40) ആണ് മരിച്ചത്.

    ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഓസ്ട്രേലിയയിൽ രജിസ്ട്രേഡ് നഴ്സായിരുന്നു. ഭര്‍ത്താവ് – ജിതിൻ ടി ജോര്‍ജ് (തിരുവല്ല തോപ്പിൽ കളത്തിൽ). മക്കള്‍ ഇസബെല്ല (12), ബെഞ്ചമിൻ (8). സംസ്കാരം പിന്നീട് നടക്കും.

  • പുരസ്‌കാരം നിറവിൽ തലസ്ഥാനം; ജില്ലാപഞ്ചായത്തിനും കോർപ്പറേഷനും സ്വരാജ് ട്രോഫി പുരസ്‌കാരം

    പുരസ്‌കാരം നിറവിൽ തലസ്ഥാനം; ജില്ലാപഞ്ചായത്തിനും കോർപ്പറേഷനും സ്വരാജ് ട്രോഫി പുരസ്‌കാരം

    തിരുവനന്തപുരം : മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള  സ്വരാജ് ട്രോഫി തിരുവനന്തപുരം ജില്ലാപ്പഞ്ചായത്തിനും കോർപ്പറേഷനും.

    2017 മുതൽ 2021 വരെ തുടർച്ചയായി നാലുതവണ സ്വരാജ് പുരസ്കാരം ജില്ലാപ്പഞ്ചായത്തിനായിരുന്നു. കോർപ്പറേഷന് തുടർച്ചയായി രണ്ടാംതവണയാണ് പുരസ്കാരം ലഭിക്കുന്നത്.

    രോഗികൾ, വയോധികർ, ഭിന്നശേഷിക്കാർ, പട്ടികവർഗ ഊരുകളിലെ വിദ്യാർഥികൾ, കുട്ടികൾ, വനിതകൾ തുടങ്ങി വിവിധതലങ്ങളിലുള്ളവർക്കായി നടപ്പാക്കിയ പദ്ധതികളാണ് ജില്ലാപ്പഞ്ചായത്തിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.

  • തലസ്ഥാനത്തെ വെള്ളപ്പൊക്കകെടുതി നേരിടാന്‍ രണ്ടര കോടി; നഗരസഭാ ബജറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ…

    തലസ്ഥാനത്തെ വെള്ളപ്പൊക്കകെടുതി നേരിടാന്‍ രണ്ടര കോടി; നഗരസഭാ ബജറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ…

    തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ 2024-25 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചു.

    തലസ്ഥാനത്തെ വെള്ളക്കെട്ടും മഴക്കെടുതിയും മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും നേരിടാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ദുരന്തനിവാരണ പദ്ധതികള്‍ക്കായി 9 കോടി രൂപയുടെ പാക്കേജ് പുതിയ ബജറ്റില്‍ വകയിരുത്തി.

    വെള്ളപ്പൊക്ക കെടുതി നേരിടാന്‍ രണ്ടര കോടിയാണ് 2024-25 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

    വെള്ളക്കെട്ട്, തീരശോഷണം, കടല്‍ക്ഷോഭം, തീപിടിത്തം, വരള്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നതിനും അവ പരിഹരിക്കുന്നതിനുമാണ് തുക ചെലവഴിക്കുക.

    ഐഐടി റൂര്‍ക്കയുമായി ചേര്‍ന്ന ഫ്‌ലഡ് മിറ്റിഗേഷന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ഇതിനായി രണ്ടരക്കോടി വകയിരുത്തി. റാപ്പിഡ് റിയാക്ഷന്‍ ടീം സജ്ജമാക്കുന്നതിനായി 75 ലക്ഷം രൂപ മാറ്റിവെച്ചു. മണ്‍സൂണ്‍ കാലങ്ങളില്‍ 24 മണിക്കൂറും നഗരസഭയില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കും. ഇതിനായി 5 ലക്ഷം രൂപയും ബജറ്റില്‍ അനുവദിച്ചു.

    വയോജനക്ഷേമം, മാലിന്യ സംസ്‌കരണം, ഇ ഗവേണ്‍നസ്, ആരോഗ്യ സംരക്ഷണം, മത്സ്യ മേഖല, കൃഷി, മൃഗസംരക്ഷണം, കായികം, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍, നഗര സൗന്ദര്യവത്ക്കരണം തുടങ്ങിയവയ്ക്കും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.

    എന്നാല്‍ ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങള്‍ ഇല്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മറ്റന്നാള്‍ നടക്കുന്ന പൊതുചര്‍ച്ചയ്ക്കും അതിനുശേഷം ഉള്ള വിഷയാധിഷ്ഠിത ചര്‍ച്ചയ്ക്കും ശേഷം കോര്‍പ്പറേഷന്‍ ബജറ്റ് പാസാക്കും.

  • ‘സ്മാർട്ട് ‘ ആയി തിരുവനന്തപുരം; കുഞ്ഞ് ജനിച്ച് മണിക്കൂറിനകം ജനന സർട്ടിഫിക്കറ്റ് നൽകി കോർപ്പറേഷൻ

    ‘സ്മാർട്ട് ‘ ആയി തിരുവനന്തപുരം; കുഞ്ഞ് ജനിച്ച് മണിക്കൂറിനകം ജനന സർട്ടിഫിക്കറ്റ് നൽകി കോർപ്പറേഷൻ

    തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ കെ-സ്മാർട്ട് മുഖേന ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ ആരംഭിച്ചു.

    കുഞ്ഞ് ജനിച്ച് പത്ത് മിനിറ്റിനുള്ളിൽ തയ്യാറായ ജനന സർട്ടിഫിക്കറ്റ് മേയർ ആര്യാ രാജേന്ദ്രൻ ബന്ധുക്കൾക്ക് കൈമാറിയാണ് തുടക്കംകുറിച്ചത്.

    കിംസ് ആശുപത്രിയിൽ ശനിയാഴ്ച കൊല്ലം കരുകോൺ സ്വദേശികളായ നൗഫൽ-ഷബ്‌ന ദമ്പതിമാർക്ക് ജനിച്ച ആൺകുട്ടിയുടെ ജനനമാണ് കെ-സ്മാർട്ട് മുഖാന്തരം ആദ്യമായി രജിസ്റ്റർ ചെയ്തത്.

    ജനനം നടന്ന് അൽപ്പസമയത്തിനകംതന്നെ ആശുപത്രി കിയോസ്‌ക് മുഖേന ഓൺലൈൻ റിപ്പോർട്ട് കെ-സ്മാർട്ട് പോർട്ടലിൽ രേഖപ്പെടുത്തി.

    റിപ്പോർട്ട് ലഭിച്ച് 10 മിനിറ്റിനകംതന്നെ പരിശോധിച്ച് ജനനം രജിസ്റ്റർചെയ്തു. കുട്ടിക്ക് സഹാൻ ഐബക്ക് ബിൻ നൗഫൽ എന്ന പേര് ചേർത്ത ജനന സർട്ടിഫിക്കറ്റ് മേയർ ആശുപത്രിയിൽ എത്തിയാണ് മാതാപിതാക്കൾക്ക് കൈമാറിയത്.

  • പുതുവർഷത്തെ ആദ്യവിമാനം പറന്നത് തിരുവനന്തപുരത്ത് നിന്ന്

    പുതുവർഷത്തെ ആദ്യവിമാനം പറന്നത് തിരുവനന്തപുരത്ത് നിന്ന്

    തിരുവനന്തപുരം :പുതുവർഷത്തിൽ രാജ്യത്തെ ആദ്യ വിമാനം പറന്നത് തിരുവനന്തപുരത്തു നിന്ന്.

    ഇന്നലെ അർധരാത്രി 12ന് ആയിരുന്നു മലേഷ്യൻ എയർലൈൻസിന്റെ വിമാനം പുറപ്പെട്ടത്.

    പുതുവർഷത്തിൽ തിരുവനന്തപുരത്തു നിന്ന് 3 രാജ്യാന്തര സർവീസുകളും പ്രഖ്യാപിച്ചു. അബുദാബിയിലേക്ക് ഇത്തിഹാദ് എയർലൈൻസും മസ്കത്തിലേക്ക് സലാം എയറും ക്വാലലംപുരിലേക്ക് എയർ ഏഷ്യയുമാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്.

    അബുദാബിയിലേക്കുള്ള ഇത്തിഹാദിന്റെ പ്രതിദിന സർവീസിന് ഇന്നു രാവിലെ തുടക്കമാകും. സലാം എയറിന്റെ സർവീസ് 3നു തുടങ്ങും

  • തിരുവനന്തപുരം ജില്ലയിൽ നവകേരള സദസ്സ് ഇന്ന് മുതൽ

    തിരുവനന്തപുരം ജില്ലയിൽ നവകേരള സദസ്സ് ഇന്ന് മുതൽ

    തിരുവനന്തപുരം:മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജില്ലയിലെ മണ്ഡല സന്ദർശനത്തിന് തുടക്കമാകുന്നു.

    നവകേരള നിർമിതി ലക്ഷ്യമിട്ടുള്ള ആദ്യ സദസ്സ് വർക്കല മണ്ഡലത്തിൽ ഇന്ന് നടക്കും. വൈകിട്ട് ആറിന് വർക്കല ശിവഗിരി മഠം ഓഡിറ്റോറിയമാണ് നവകേരള സദസ്സിന് വേദിയാകുന്നത്.

    നവകേരള സദസ്സിനുള്ള ഒരുക്കങ്ങളെല്ലാം മണ്ഡലത്തിൽ പൂർത്തിയായി. പൊതുജനങ്ങൾക്ക് നിവേദനങ്ങൾ നൽകുന്നതിനായി 23 കൗണ്ടറുകളാണ് വേദിക്ക് അരികിലായി സജ്ജമായിട്ടുള്ളത്.

    സ്ത്രീകൾ, അംഗപരിമിതർ, വയോജനങ്ങൾ എന്നിവർക്കായ് പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. ഉച്ചകഴിഞ്ഞു മൂന്ന് മണി മുതൽ നിവേദനങ്ങൾ സ്വീകരിക്കും. നവകേരള സദസ്സിനോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികളും ഉണ്ടാകും.

    വ്യാഴാഴ്ച (ഡിസംബർ 21) ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിൽ ജില്ലയിലെ ആദ്യ പ്രഭാതയോഗം നടക്കും. രാവിലെ ഒൻപതിനാണ് ക്ഷണിക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രിയുടെ സംവാദം. ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച നവകേരള സദസ്സ് നടക്കുന്നത്.

    വെള്ളിയാഴ്ച (ഡിസംബർ 22) അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലും ശനിയാഴ്ച( ഡിസംബർ 23) കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലും നവകേരള സദസ്സ് നടക്കും. കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്ററിലാണ് വെള്ളിയാഴ്ച പ്രഭാത യോഗം നടക്കുന്നത്. ശനിയാഴ്ചത്തെ പ്രഭാതയോഗം ഇടപ്പഴിഞ്ഞി ആർ ഡി ആർ കൺവെൻഷൻ സെന്ററിൽ നടക്കും.

     

    ശനിയാഴ്ച വൈകിട്ട് ആറിന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലെ സംയുക്ത സദസ്സോടെ നവകേരള സദസ്സ് സമാപിക്കും.