Tag: ഭക്ഷ്യ സുരക്ഷ

  • വിഴിഞ്ഞത്ത് 2 പേർ മരിച്ച സംഭവം; മരണ കാരണം വ്യക്തമല്ല, ഭക്ഷ്യസുരക്ഷ വകുപ്പ് സാംപിൾ ശേഖരിച്ചു

    വിഴിഞ്ഞത്ത് 2 പേർ മരിച്ച സംഭവം; മരണ കാരണം വ്യക്തമല്ല, ഭക്ഷ്യസുരക്ഷ വകുപ്പ് സാംപിൾ ശേഖരിച്ചു

    വിഴിഞ്ഞം :വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു മടങ്ങിയതിനു പിന്നാലെ 2 പേർ മരിക്കാനിടയായ സംഭവത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെയും സാംപിൾ ശേഖരിച്ചു.

    ഇവ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ തലസ്ഥാനത്തെ ലാബ് കൂടാതെ കൊച്ചിയിലെ കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ലാബിലേക്കും അയച്ചു.

    സംഭവത്തിൽ വ്യക്തത വരുന്നതുവരെ ‘അസ്മാക്’ എന്ന ഹോട്ടൽ പ്രവർത്തിക്കരുതെന്ന് അധികൃതർ നിർദേശം നൽകി. മരണ കാരണം ഇതുവരെ വ്യക്തമല്ല.

    ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചാലേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ.

  • ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ 4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി

    ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ 4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി

    തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

    സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ചില ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും ചിലര്‍ പുതുക്കിയിട്ടില്ലെന്നും കണ്ടെത്തി.

    പുതുതായി ജോലിയ്‌ക്കെത്തിയവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാനും കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കാനുമുള്ള സാവകാശമാണ് നല്‍കുന്നത്. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ നിരക്കില്‍ ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കിയിരുന്നു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

     

    സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ ശക്തമായി നടന്നു വരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലും ഈ മാസം ഇതുവരെയുമായി ആകെ 7,584 പരിശോധനകളാണ് നടത്തിയത്. 206 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 28,42,250 രൂപ പിഴയായി ഈടാക്കി. 1065 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3798 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ചു. 741 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 720 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. 54 സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളും 90 സ്ഥാപനങ്ങള്‍ക്കെതിരെ അഡ്ജ്യൂഡിക്കേഷന്‍ നടപടികളും സ്വീകരിച്ചു.

     

    ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്ഥിരം പരിശോധനകള്‍ കൂടാതെ പ്രത്യേക ഡ്രൈവുകളും സംഘടിപ്പിച്ചു. ഷവര്‍മ പ്രത്യേക സ്‌ക്വാഡ് 512 പരിശോധനകള്‍ നടത്തി. അതില്‍ 52 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി 1993 പരിശോധനകള്‍ നടത്തി. 90 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി 2645 പരിശോധനകള്‍ നടത്തുകയും 107 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു. മത്സ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താനായി നടത്തിയ പ്രത്യേക ഡ്രൈവില്‍ 583 പരിശോധനകള്‍ നടത്തി. 498 കിലോഗ്രാം കേടായ മത്സ്യം നശിപ്പിച്ച് നടപടി സ്വീകരിച്ചു.

  • സംസ്ഥാനവ്യാപക പരിശോധന, 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തി വയ്പിച്ചു

    സംസ്ഥാനവ്യാപക പരിശോധന, 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തി വയ്പിച്ചു

    തിരുവനന്തപുരം:ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

    47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തി വയ്പിച്ചു.

    108 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 56 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. പാര്‍സലില്‍ ലേബല്‍ കൃത്യമായി പതിക്കാതെ വിതരണം നടത്തിയ 40 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ശക്തമായ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

    ഷവര്‍മ്മ നിര്‍മ്മാണത്തില്‍ കടയുടമകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനായിരുന്നു പരിശോധന നടത്തിയത്. ഷവര്‍മ്മ നിര്‍മ്മാണവും വില്‍പനയും നടത്തുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ഷവര്‍മ്മ നിര്‍മ്മിക്കുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ ശാസ്ത്രീയമായ ഷവര്‍മ്മ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുത്ത് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സ്വന്തം സ്ഥാപനങ്ങളില്‍ നടപ്പില്‍ വരുത്തേണ്ടതുമാണ്.

    ഷവര്‍മ്മ പാര്‍സല്‍ നല്‍കുമ്പോള്‍ ഉണ്ടാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷിക്കണം എന്ന നിര്‍ദ്ദേശം ഉള്‍പ്പെടുത്തി ലേബല്‍ ഒട്ടിച്ച ശേഷം മാത്രം ഉപഭോക്താവിന് നല്‍കുക. എല്ലാ ഹോട്ടലുകളും റെസ്റ്റാറന്റുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഹൈജീന്‍ റേറ്റിംഗ് സ്വമേധയാ കരസ്ഥമാക്കേണ്ടതാണ്.

    സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് 2024 ഏപ്രില്‍ മാസം ആകെ 4545 പരിശോധനകള്‍ നടത്തി. സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനകളില്‍ വിവിധയിനത്തില്‍ 17,10,000 രൂപ പിഴ ഈടാക്കി. 716 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ശേഖരിച്ചു. 3479 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനക്കെടുത്തു. കഴിഞ്ഞ മാസം 71 സാമ്പിളുകള്‍ അണ്‍ സേഫും 53 സാമ്പിളുകള്‍ സബ് സ്റ്റാന്‍ഡേര്‍ഡും റിപ്പോര്‍ട്ട് ചെയ്തു. മിസ് ബ്രാന്‍ഡഡ് സാംപിളുകളുടെ ഇനത്തില്‍ 32 അഡ്ജ്യൂഡിക്കേഷന്‍ കേസുകള്‍ ഫയല്‍ ചെയ്തു.

    1605 ലൈസന്‍സുകളും 11343 രജിസ്‌ട്രേഷനുകളും കഴിഞ്ഞ മാസം നല്‍കി. 65 അഡ്ജ്യൂഡിക്കേഷന്‍ കേസുകളും 83 പ്രോസിക്യൂഷന്‍ കേസുകളും ഏപ്രില്‍ മാസം ഫയല്‍ ചെയ്തു. പരിശോധനകളില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 477 റെക്ടിഫിക്കേഷന്‍ നോട്ടീസുകളാണ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്.

  • ഭക്ഷ്യ സുരക്ഷ: പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന

    ഭക്ഷ്യ സുരക്ഷ: പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന

    തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

    മുന്‍ വര്‍ഷങ്ങളേക്കാള്‍ റെക്കോര്‍ഡ് പരിശോധനകളാണ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയത്. പിഴത്തുകയും ഇരട്ടിയായി. എല്ലാ ജില്ലകളില്‍ നിന്നായി 4,05,45,150 രൂപ വിവിധ കാരണങ്ങളാല്‍ പിഴയിനത്തില്‍ ഈടാക്കി.

    കര്‍ശന പരിശോധനയുടേയും നടപടിയുടേയും ഫലമാണിത്. 10,466 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ശേഖരിച്ചു. 37,763 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്‌ക്കെടുത്തു. കഴിഞ്ഞ വര്‍ഷം 982 അഡ്ജ്യൂഡിക്കേഷന്‍ കേസുകളാണ് ഫയല്‍ ചെയ്തത്. 760 പ്രോസിക്യൂഷന്‍ കേസുകളും ഫയല്‍ ചെയ്തു. 7343 റെക്ടിഫിക്കേഷന്‍ നോട്ടീസുകളും 9642 കോമ്പൗണ്ടിംഗ് നോട്ടീസുകളും 438 ഇമ്പ്രൂവ്‌മെന്റ് നോട്ടീസുകളും നല്‍കി. പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ ശക്തമായ പരിശോധനകള്‍ തുടര്‍ന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

    ഷവര്‍മ്മ ഉത്പാദന വിതരണ കേന്ദ്രങ്ങളില്‍ മാത്രം 6531 പരിശോധനകള്‍ നടത്തി. നിയമലംഘനം കണ്ടെത്തിയ 2064 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി 85,62,600 രൂപ പിഴ ഈടാക്കി.

    സമഗ്രമായ പരിശോധനകള്‍ നടത്തുന്നതിനായി വകുപ്പില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ 448 സ്ഥാപനങ്ങളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പരിശോധനകള്‍ നടത്തി. സ്‌കൂള്‍ പരിസരങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ചും മെഡിക്കല്‍ കോളേജ് കാന്റീനുകള്‍ കേന്ദ്രീകരിച്ചും സംസ്ഥാന വ്യാപകമായി സ്‌ക്വാഡുകള്‍ പരിശോധിച്ചു.

    സ്‌കൂള്‍ പരിസരങ്ങളിലുള്ള 116 സ്ഥാപനങ്ങളില്‍ നിന്നും 721 സാമ്പിളുകള്‍ ശേഖരിച്ച് തുടര്‍ പരിശോധനകള്‍ക്കായി കൈമാറി. ഏലയ്ക്ക, ശര്‍ക്കര തുടങ്ങിയ നിര്‍മ്മാണ വിതരണ കേന്ദ്രങ്ങളിലെല്ലാം സ്‌പെഷല്‍ സ്‌ക്വാഡ് പരിശോധിച്ചു.

    ഷവര്‍മ്മ നിര്‍മ്മാണ വിതരണ ക്രേന്ദ്രങ്ങളില്‍ 589 പരിശോധനകളും സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതിനാല്‍ 60 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി വയ്പിച്ചു.

    ഭക്ഷണ നിര്‍മ്മാണ വിപണനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 21,758 വ്യക്തികള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഫോസ്ടാക് പരിശീലനം നല്‍കി. ഇതുവഴി ഭക്ഷണം പാചകം ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കാന്‍ സാധിച്ചു.

    ഉപയോഗിച്ച എണ്ണ ശേഖരിച്ച് പുനരുപയോഗം നടത്തുന്ന റൂകോ പദ്ധതിയിലൂടെ 9,60,605 ലിറ്റര്‍ ഉപയോഗിച്ച എണ്ണ വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ശേഖരിച്ചു കൈമാറി. ഈ വര്‍ഷം ഇത് വര്‍ധിപ്പിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

    സംസ്ഥാനത്തെ 38 ആരാധനാലയങ്ങള്‍ക്ക് ഈറ്റ് റൈറ്റ് പ്ലേസ് ഓഫ് വര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കി. 20 കേന്ദ്രങ്ങള്‍ക്ക് ക്ലീന്‍ ഫ്രൂട്ട് ആന്റ് വെജിറ്റബിള്‍ മാര്‍ക്കറ്റ് അംഗീകാരം നല്‍കി. ഈറ്റ് റൈറ്റ് സ്റ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് 23 റയില്‍വേ സ്റ്റേഷനുകള്‍ നേടി. 2331 സ്ഥാപനങ്ങള്‍ ഹൈജീന്‍ റേറ്റിംഗും 182 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈറ്റ് റൈറ്റ് സ്‌കൂള്‍ ആന്റ് കാംപസ് സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി. സ്ഥാപനങ്ങളുടെ ലൈസന്‍സ് ഉറപ്പുവരുത്തുന്നതിനായി നടത്തിയ ഫോസ് കോസ് ഡ്രൈവില്‍ 10,545 പരിശോധനകളാണ് നടത്തിയത്. 22,525 സ്ഥാപനങ്ങളാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ലൈസന്‍സ് നേടിയത്.

    ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ മത്സ്യം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ മത്സ്യയിലൂടെ 5276 പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. മോശമായ 7212 കിലോ മത്സ്യം നശിപ്പിച്ചു. 2,58,000 രൂപ വിവിധ കാരണങ്ങളാല്‍ പിഴ ഈടാക്കി.

    ഭക്ഷണ പാക്കറ്റുകളില്‍ ലേബല്‍ പതിക്കുന്നത് നിര്‍ബന്ധമാക്കുകയും ഇത് ഉറപ്പു വരുത്തുന്നതിനായി നടത്തിയ ഓപ്പറേഷന്‍ ലേബലില്‍ 791 പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഇതുമായി ബന്ധപ്പെട്ട് മാത്രം 122 അഡ്ജ്യൂഡിക്കേഷന്‍ കേസുകള്‍ ഫയല്‍ ചെയ്തു. ഇതോടൊപ്പം ഓണം, ക്രിസ്തുമസ്, ന്യൂ ഇയര്‍ പ്രമാണിച്ച് ചെക്ക് പോസ്റ്റുകളില്‍ ഉള്‍പ്പടെ സ്‌പെഷ്യല്‍ പരിശോധനകളും വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കി.

  • ഭക്ഷ്യ സുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും: മന്ത്രി വീണാ ജോര്‍ജ്

    ഭക്ഷ്യ സുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ നിയോജക മണ്ഡലത്തില്‍ ഒന്ന് എന്ന കണക്കിനാണ് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുള്ളത്.

    ഇത് വിപുലീകരിക്കാന്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക എന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. 14 ജില്ലകളിലും മൊബൈല്‍ ലബോറട്ടികള്‍ സജ്ജമാക്കി. ലാബ് സംവിധാനം ശക്തിപ്പെടുത്തുന്നത് ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

    ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ സെമിനാറിന്റേയും ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പിന്റേയും ഉദ്ഘാടനം ലോക ഭക്ഷ്യ സുരക്ഷാ ദിനത്തില്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

    ആരോഗ്യ രംഗത്ത് കേരളം ഏറെ മുന്നിലാണെങ്കിലും ജീവിതശൈലീ രോഗങ്ങള്‍ വെല്ലുവിളിയാണ്. ഇതിനൊരു പരിഹാരമായി 30 വയസിന് മുകളിലുള്ളവര്‍ക്ക് വാര്‍ഷികാരോഗ്യ പരിശോധന നടത്തി വരുന്നു. താഴെത്തട്ടില്‍ തന്നെ ആരോഗ്യം ഉറപ്പാക്കാനാണ് ജനകീയ പങ്കാളിത്തത്തോടെ 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചത്.

    ഗുണനിലവാരമുള്ള ജീവിതം ഉറപ്പാക്കുന്നതില്‍ ആഹാരത്തിന് വലിയ പ്രധാനമാണുള്ളത്. ഭക്ഷ്യസുരക്ഷ എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്, ട്രെയിനിംഗ്, ബോധവത്ക്കരണം എന്നിവയിലൂടെ ഭക്ഷണത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ച് വരുന്നു. കഴിഞ്ഞ വര്‍ഷം 75,000 ഓളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. മൊബൈല്‍ ലാബിന്റെയും മറ്റ് ലാബുകളുടെയും സഹായത്തോടെ 67,272 സാമ്പിളുകള്‍ പരിശോധിച്ചു. നിലവാരം ഇല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ സാമ്പിളുകള്‍ വിറ്റ 1079 സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. നിയമലംഘനം നടത്തിയ 6022 സ്ഥാപനങ്ങളില്‍ നിന്നായി 3 കോടിയോളം രൂപ പിഴ ചുമത്തി.

    ഇങ്ങനെ നിരവധി എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം തന്നെ ഭക്ഷ്യസ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനായി ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരുന്ന 25,000ത്തോളം പേര്‍ക്ക് ഫോസ്റ്റാഗ് പരിശീലനം നല്‍കി സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ 3,298 ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കി. ഇതില്‍ 500 ക്ലാസുകള്‍ സ്‌കൂള്‍തലത്തില്‍ ജംഗ് ഫുഡിന്റെ ദൂഷ്യങ്ങളെ കുറിച്ചും കുട്ടികളുടെ ഭക്ഷണ രീതിയില്‍ അവശ്യം വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുമായിരുന്നു.

    കഴിഞ്ഞ മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത പരാതി പരിഹാര സംവിധാനമായ ഭക്ഷ്യസുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടലിലൂടെ രണ്ടര മാസംകൊണ്ട് തന്നെ 336 പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ലഭിക്കുകയും അതില്‍ 230 എണ്ണം അന്വേഷിച്ച് പരിഹരിക്കുകയും ചെയ്തു കഴിഞ്ഞു. 106 പരാതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    ഈറ്റ് റൈറ്റ് കേരള എന്ന മൊബൈല്‍ ആപ്പിലൂടെ നിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയുന്നതാണ്. നിലവില്‍ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപ്പില്‍ സ്ഥാനം നേടിയിട്ടുള്ളത്. കൂടൂതല്‍ സ്ഥാപനങ്ങളെ ഓഡിറ്റിംഗ് നടത്തി അതില്‍ ഉള്‍പ്പെടുത്തുവാന്‍ വകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്. കൂടാതെ പരാതി പരിഹാര സംവിധാനമായ ഗ്രിവന്‍സ് പോര്‍ട്ടല്‍ ഈ ആപ്പില്‍ ലിങ്ക് ചെയ്തിരിക്കുന്നു. ആതിനാല്‍ ഈ ആപ്പിലൂടെ പരാതികള്‍ അറിയിക്കുന്നതിനും കഴിയുന്നു. കൂടുതല്‍ സ്ഥാപനങ്ങള്‍ ഹൈജീന്‍ റേറ്റിംഗ് ഓഡിറ്റിംഗ് നടത്തി നിലവാരം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

    ‘ഭോഗ്’ (BHOG) പദ്ധതി പ്രകാരം സര്‍ട്ടിഫിക്കേഷന്‍ നേടിയ ആരാധനാലയങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു.

    വി.കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജോ. കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണര്‍ മഞ്ജുദേവി, സതേണ്‍ റെയില്‍വേ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.