Tag: മന്ത്രി വീണാ ജോർജ്

  • മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി

    മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി

    തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, ഐസിയുകള്‍, ന്യൂറോ കാത്ത് ലാബ്, മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്, നൂക്ലിയര്‍ മെഡിസിന്‍ വിഭാഗം, സിടി സ്‌കാന്‍, വാര്‍ഡുകള്‍ എന്നിവ സന്ദര്‍ശിച്ചു.

    ജീവനക്കാരുമായും രോഗികളുമായും അവരുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു.

    ട്രെയിനില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ശ്രീക്കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തില്‍ കണ്ടു. ശ്രീക്കുട്ടിയുടെ ബന്ധുക്കളേയും സന്ദര്‍ശിച്ചു.

    ശ്രീകുട്ടിയുടെ ചികിത്സാ വിവരങ്ങള്‍ ഡോക്ടര്‍മാരുമായി സംസാരിച്ചു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

  • സ്ത്രീകളുടെ ആരോഗ്യം നാടിന്റെ കരുത്ത് : മന്ത്രി വീണാ ജോർജ്

    സ്ത്രീകളുടെ ആരോഗ്യം നാടിന്റെ കരുത്ത് : മന്ത്രി വീണാ ജോർജ്

    തിരുവനന്തപുരം: സ്ത്രീകളുടെ ആരോഗ്യം നാടിന്റെ കരുത്താണെന്നും ഊർജസ്വലമായി കാര്യങ്ങൾ ചെയ്യുന്നതിനും ഇടപെടുന്നതിനും ഓരോ സ്ത്രീയും ആരോഗ്യമുള്ളവരായിരിക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.

    പള്ളിപ്പുറം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ സ്ത്രീ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

    സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീ ( സ്ട്രെങ്ത്തനിങ് ഹെർ ടു എംപവറിങ് എവരിവൺ) ക്ലിനിക്കുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. എല്ലാ ചൊവ്വാഴ്ചകളിലും സ്ത്രീ ക്ലിനിക്കുകൾ പ്രവര്‍ത്തിക്കും. വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനും

    കാന്‍സര്‍ സ്‌ക്രീനിംഗിനും

    ഈ ക്ലിനിക്കുകളിലൂടെ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.

    കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം എല്ലാത്തരത്തിലും മാറുകയാണെന്നും സ്ത്രീകളുടെ ആരോഗ്യ കാര്യത്തിൽ ഗുണപരമായ മാറ്റം ഈ പദ്ധതിയിലൂടെ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

    അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി പ്രത്യേക പരിശോധനകളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിദഗ്ധ പരിശോധനകളും ബോധവത്കരണവും ഈ ക്യാമ്പയിന്റെ ഭാഗമായി നടക്കും. പരമാവധി സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ വന്ന് ആരോഗ്യ പരിശോധന നടത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.ഈ സര്‍ക്കാരിന്റെ കാലത്താണ് 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത്. ഇതാണ് കേരളത്തിലെ ആരോഗ്യ മേഖലയിലുണ്ടായ പ്രധാന മാറ്റം. സമൂഹത്തില്‍ രോഗാതുരത കുറയ്ക്കുന്നതിനും എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പുവരുത്തുന്നതിനുമുള്ള അതിശക്തമായ ഇടപെടലുകളാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ സർക്കാർ നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.

    ഉദ്ഘാടനത്തോട് അനുബന്ധിച്ച് രാവിലെ മുതല്‍ പള്ളിത്തുറ ജനകീയാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക സെഷ്യാലിറ്റി ക്യാമ്പും സംഘടിപ്പിച്ചു.

     

    ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേടയിൽ വിക്രമൻ, സ്റ്റേറ്റ് എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോക്ടർ വിനയ് ഗോയൽ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.റീന കെ ജെ, പള്ളിത്തുറ ഇടവക വികാരി റവ. ഫാദർ ബിനു അലക്സ് തുടങ്ങിയവർ സംബന്ധിച്ചു.

  • റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണം: മന്ത്രി വീണാ ജോര്‍ജ്

    റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണം: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

    2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയന്‍ ദ്വീപുകളില്‍ തുടങ്ങി നമ്മുടെ നാട് ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തില്‍ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയന്‍ ദ്വീപുകളില്‍ ഇപ്പോള്‍ ചിക്കന്‍ഗുനിയയുടെ വ്യാപനമുണ്ട്.

    പതിനയ്യായിരത്തോളം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകള്‍ ആശുപത്രികളില്‍ അഡ്മിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

    സംസ്ഥാനത്തെ പ്രതിരോധം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈഡിസ് ഈജിപ്തി/ആല്‍ബോപിക്റ്റസ് കൊതുകുകളാണ് ചിക്കന്‍ഗുനിയ പരത്തുന്നത്. അതിനാല്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും വ്യക്തിഗത സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലും മഴക്കാലപൂര്‍വ ശുചീകരണ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. മഴക്കാലപൂര്‍വ ശുചീകരണം എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൃത്യമായി ചെയ്യണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

    പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളില്‍ (പ്രത്യേകിച്ച് കൈകള്‍, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍) അതികഠിനമായ വേദന, പേശിവേദന, തലവേദന, ക്ഷീണം, ചില ആളുകളില്‍ ചര്‍മ്മത്തില്‍ തടിപ്പുകള്‍ എന്നിവയാണ് ചിക്കന്‍ഗുനിയയുടെ രോഗലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സ ഒഴിവാക്കുക. നീണ്ട് നില്‍ക്കുന്ന പനിയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. മുന്‍പ് ചിക്കന്‍ഗുനിയ വന്നിട്ടുള്ളവര്‍ക്ക് പ്രതിരോധശക്തി ഉണ്ടാകാനാണ് സാധ്യത. അതിനാല്‍ രോഗം ചെറുപ്പക്കാരെയും കൊച്ചുകുട്ടികളെയും കൂടുതല്‍ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. യൂണിയന്‍ ദ്വീപുകളില്‍ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ ബാധിക്കപ്പെട്ടു എന്ന അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചു കുഞ്ഞുങ്ങളെ കൊതുകു വലയ്ക്കുള്ളില്‍ തന്നെ കിടക്കുന്ന കാര്യം ശ്രദ്ധിക്കണം.

    പ്രതിരോധ മാര്‍ഗങ്ങൾ

    · വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.

    · കൊതുകുകള്‍ മുട്ടയിടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. (ഉദാഹരണത്തിന്: വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങള്‍, ടയറുകള്‍, ചിരട്ടകള്‍ എന്നിവ നീക്കം ചെയ്യുക).

    · വീട്ടിലെ ജല സംഭരണികള്‍ അടച്ചു വെക്കുക.

    · കൊതുക് കടിയില്‍ നിന്ന് രക്ഷ നേടാന്‍ കൊതുക് വലകള്‍, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കുക.

    · ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക.

    · പകല്‍ സമയത്തും കൊതുകുകള്‍ കടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക.

    · എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

    · തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുക.

    · ചിക്കന്‍ഗുനിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക.

    · ചിക്കന്‍ഗുനിയയെ പ്രതിരോധിക്കാന്‍ കൂട്ടായ ശ്രമം അനിവാര്യമാണ്. പൊതുജനങ്ങളുടെ സഹകരണത്തോടെ ഈ രോഗത്തെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കും.

  • മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ചു

    മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ചു

    തിരുവനന്തപുരം:ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ച് പൊങ്കാലയോടനുബന്ധിച്ച് ഭക്തര്‍ക്കായി ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തി.

    ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ് എന്നിവയുടെ മെഡിക്കല്‍ ക്യാമ്പുകളും ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും കണ്‍ട്രോള്‍ റൂമുകളും ആറ്റുകാലില്‍ സജ്ജമാണ്. ഇവയെല്ലാം മന്ത്രി സന്ദര്‍ശിച്ചു.

    ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. സുസജ്ജമായ മെഡിക്കല്‍ ടീമുകള്‍ക്ക് പുറമേ ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചു.

    സമീപത്തെ എല്ലാ ആശുപത്രികളിലും പ്രത്യേക ക്രമീകരണമൊരുക്കി. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിസിന്റെ കീഴിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമുണ്ട്. അത്യാവശ്യ ആരോഗ്യ സേവനങ്ങള്‍ക്ക് 0471 2778947 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.

    ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

  • സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നു: മന്ത്രി വീണാ ജോര്‍ജ്

    സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നു: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രസവം നടക്കുന്ന ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

    തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി കേന്ദ്രം ഉയര്‍ത്തി. രാജ്യത്തെ പത്ത് ആശുപത്രികളില്‍ ഒന്നായ അപൂര്‍വ നേട്ടമാണത്. സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി.യില്‍ ജനറ്റിക്‌സ് വിഭാഗം ആരംഭിക്കുകയും സിഡിസിയില്‍ ജനറ്റിക്‌സ് ലാബ് സജ്ജമാക്കുകയും ചെയ്തു.

    പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ എയിംസിന് ശേഷം രണ്ടാമതായി എസ്.എ.ടി. ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു. പ്രസവം കഴിഞ്ഞ് സൗജന്യമായി അമ്മയേയും കുഞ്ഞിനേയും വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി വിജയകരമായി നടക്കുന്നു.

    വന്ധ്യതാ ചികിത്സയ്ക്കും പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

    മാതൃശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ഹൃദ്യം പോലെയുള്ള പദ്ധതികളിലൂടെ നവജാത ശിശുമരണ നിരക്ക് വളരെയേറെ കുറയ്ക്കാന്‍ സാധിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. മികച്ച സൗകര്യങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളിലൊരുക്കി വരുന്നത്. പ്രതിഭാധനരായ ജീവനക്കാരുമുണ്ട്. പ്രത്യേക സൗകര്യങ്ങളൊരുക്കുമ്പോള്‍ അതിനുതകുന്ന ചികിത്സ ആ ആശുപത്രിയില്‍ തന്നെ ലഭിക്കണം.

     

    സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ ഒന്നാണ് തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി. 200ലധികം വര്‍ഷം പഴക്കമുള്ള ഈ ആശുപത്രി സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആശ്രയ കേന്ദ്രമാണ്. ഇവിടെ പുതിയ കാലഘട്ടത്തിന് അനുസൃതമായ ശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാക്ഷാത്കരിക്കുകയാണ് ചെയ്യുന്നത്. ആശുപത്രിയില്‍ നേരത്തെയുണ്ടായിരുന്ന സൗകര്യങ്ങള്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു. ലക്ഷ്യ ലേബര്‍ റൂം, നവജാത ശിശു പരിപാലന വിഭാഗം, ഒ.പി, അത്യാഹിത വിഭാഗം എന്നിവ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ചു.

     

    2.2 കോടി രൂപ വിനിയോഗിച്ചാണ് ലക്ഷ്യ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ലേബര്‍ റൂം സജ്ജമാക്കിയത്. നേരത്തെ 5 പ്രസവങ്ങള്‍ മാത്രം നടത്താന്‍ സൗകര്യമുണ്ടായിരുന്നിടത്ത് 20 പ്രസവങ്ങള്‍ നടത്താന്‍ സൗകര്യമുള്ള ക്യൂബിക്കിളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍ ന്യൂ ബോണ്‍ റീസസ്സീറ്റേഷന്‍, ന്യൂ ബോണ്‍ കെയര്‍ കോര്‍ണര്‍ എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. 5 ലക്ഷം രൂപയോളം വിനിയോഗിച്ചാണ് നവജാത ശിശു പരിപാലന വിഭാഗം നവീകരിച്ചത്. നവജാത ശിശു പരിപാലന വിഭാഗത്തില്‍ ആധുനിക സൗകര്യങ്ങളുള്ള 10 ബെഡ്ഡുകള്‍ ഉള്‍പ്പെടുന്ന ഇന്‍ബോണ്‍ നഴ്‌സറി, ട്രയേജ്, ബ്രസ്റ്റ് ഫീഡിംഗ് റൂം, കൗണ്‍സിലിംഗ് വിഭാഗം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 1 കോടി രൂപ ചെലവഴിച്ചാണ് ഒ.പി, അത്യാഹിത വിഭാഗം എന്നിവ നവീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

     

    ആന്റണി രാജു എം.എല്‍.എ. മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചു. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, കൗണ്‍സിലര്‍മാരായ കൃഷ്ണകുമാര്‍ എസ്., മാധവദാസ് ജി., ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനോജ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ശാന്ത, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സ്വപ്നകുമാരി ജെ., ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. വി. കൃഷ്ണവേണി, ആശുപത്രി വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

  • മന്ത്രി വീണാ ജോര്‍ജ് എസ്.എ.ടി. ആശുപത്രി സന്ദര്‍ശിച്ചു

    മന്ത്രി വീണാ ജോര്‍ജ് എസ്.എ.ടി. ആശുപത്രി സന്ദര്‍ശിച്ചു

    തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിയില്‍ ഒരു ബ്ലോക്കില്‍ വൈദ്യുതി മുടങ്ങിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി.

    സമഗ്ര സമിതി അന്വേഷണം നടത്തും. ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

  • അമീബിക് മസ്തിഷ്‌ക ജ്വരം, ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി വീണാ ജോര്‍ജ്

    അമീബിക് മസ്തിഷ്‌ക ജ്വരം, ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം:സംസ്ഥാനത്ത് പല ജില്ലകളില്‍ അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥീരികരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളം തീരുമാനിച്ചു.

    ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും ഐ.സി.എം.ആര്‍., ഐ.എ.വി., പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്‌നിക്കല്‍ വര്‍ക്ക്‌ഷോപ്പ് തിരുവനന്തപുരം അപെക്‌സ് ട്രോമകെയര്‍ സെന്ററില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ശില്‍പശാല അഭിസംബോധന ചെയ്ത് സംസാരിച്ചു.

    അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഗവേഷണം കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആഗോള തലത്തില്‍ തന്നെ ഇത്തരമൊരു ശ്രമം ആദ്യമായിട്ടായിരിക്കും നടക്കുക. തിരുവനന്തപുരത്ത് ക്ലസ്റ്റര്‍ ഉണ്ടായപ്പോള്‍ ആദ്യ കേസ് കണ്ടുപിടിക്കാനും തുടര്‍ന്ന് മറ്റുള്ള രോഗബാധിതരെ കണ്ട് പിടിക്കാനും സാധിച്ചു. അവരെല്ലാം രോഗമുക്തരായി കൊണ്ടിരിക്കുകയാണ്. എന്ത് കാരണം കൊണ്ടാണ് സംസ്ഥാനത്ത് കേസുകളുടെ വര്‍ധനവ് ഉണ്ടാകുന്നതെന്ന് കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഐസിഎംആര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പോലെയുള്ള വിദഗ്ധ സംഘടനകളുമായി ചേര്‍ന്നുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

    ശില്‍പശാലയില്‍ പങ്കെടുത്തവര്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് പോലുള്ള വളരെ അപൂര്‍വമായ രോഗങ്ങള്‍ നേരത്തെ തന്നെ കണ്ടുപിടിക്കാനും മരണനിരക്ക് 97 ശതമാനമുള്ള രോഗത്തില്‍ നിന്നും കുറേപ്പേരെ രക്ഷിക്കാന്‍ സാധിച്ചതും സംസ്ഥാനത്തിന്റെ മികച്ച നടപടികള്‍ കൊണ്ടാണെന്ന് സംഘം വിലയിരുത്തി. അമീബയുടെ വളര്‍ച്ചയെ സഹായിക്കുന്ന ജൈവികവും അജൈവികവുമായ ഘടകങ്ങളെപ്പറ്റിയുള്ള വിശദമായ പഠന റിപ്പോര്‍ട്ട് കേരള യൂണിവേഴ്‌സിറ്റിയുടെ എന്‍വെയര്‍മെന്റ് എഞ്ചിനീറിംഗ് വിഭാഗവും മലിനീകരണ നിയന്ത്രണ ബോര്‍ഡും കൂടി അവതരിപ്പിച്ചു. കേരളത്തിലെ ജലാശയങ്ങളിലെ അത്തരം സാഹചര്യങ്ങള്‍ വിലയിരുത്താന്‍ തീരുമാനമെടുത്തു. അതിലൂടെ അമീബയുടെ വളര്‍ച്ചയെ സഹായിക്കുന്ന ജൈവികവും അജൈവികവുമായ ഘടകങ്ങളെപ്പറ്റിയുള്ള വിശദമായ പഠനം നടത്തി ഏകാരോഗ്യ സമീപനത്തിലൂന്നിയ ആക്ഷന്‍പ്ലാന്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

     

    അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് പ്രതിരോധത്തിന് കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സംഘം എല്ലാ പിന്തുണയും നല്‍കി. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്. സംസ്ഥാനത്ത് 2024ല്‍ 19 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. 5 മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ രോഗമുക്തി നിരക്ക് കൂട്ടാന്‍ സാധിച്ചു. സംസ്ഥാനത്ത് ഇതുവരെ 4 പേരാണ് രോഗമുക്തി നേടിയത്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും അമീബ കാണാന്‍ സാധ്യതയുള്ള മലിനമായ ജലവുമായി ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. ഒരേ ജല സ്രോതസ് ഉപയോഗിച്ചവരില്‍ ചിലര്‍ക്ക് മാത്രം രോഗം വരാനുള്ള കാരണം കണ്ടെത്താനായി ഐസിഎംആറിന്റേയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയുടേയും സഹായത്തോടെ ഒരു കേസ് കണ്‍ട്രോള്‍ പഠനം നടത്താനും തീരുമാനിച്ചു.

     

    ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത്ത, ചണ്ഡിഗഡ് പിജിഐഎംഇആര്‍ പാരസൈറ്റോളജി വിഭാഗം മുന്‍ മേധാവി ഡോ. രാകേഷ് സെഗാള്‍, ഐഐഎസ്.സി. ബാഗ്ലൂര്‍ പ്രൊഫസര്‍ ഡോ. ഉത്പല്‍ എസ് ടാറ്റു, കേരള യൂണിവേഴ്‌സിറ്റി എന്‍വെയര്‍മെന്റ് എഞ്ചിനീറിംഗ് വിഭാഗത്തിലെ ഡോ. ശലോം ഞ്ജാന തങ്ക, സ്റ്റേറ്റ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഷീല മോസിസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു.

     

    ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, അടെല്‍ക് പ്രിന്‍സിപ്പല്‍ ഡോ. മായ, സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് ഡയറക്ടര്‍ ഡോ. സുനിജ, അസി. ഡയറക്ടര്‍മാര്‍, മെഡിക്കല്‍ കോളേജിലെ വിദഗ്ധര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

     

    ഐസിഎംആര്‍ സയന്റിസ്റ്റ് ഡോ. അനൂപ് വേലായുധന്‍, ഐഎവി ഡയറക്ടര്‍ ഡോ. ശ്രീകുമാര്‍, സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സെക്രട്ടറി, കേരള യൂണിവേഴ്‌സിറ്റി എന്‍വെയര്‍മെന്റല്‍ സയന്‍സ് പ്രൊഫസര്‍, സ്റ്റേറ്റ് ആര്‍ആര്‍ടി അംഗങ്ങള്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ റൗണ്ട് ടേബിള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

  • സംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും: മന്ത്രി വീണാ ജോര്‍ജ്

    സംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം:യോഗ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വര്‍ഷം പുതുതായി 10,000 യോഗ ക്ലബ്ബുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

    കഴിഞ്ഞ വര്‍ഷം 1000 യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു. കൂടാതെ 600 ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചു. പുതുതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകള്‍ ഉണ്ടാകും.

    ശരാശരി ഒരു യോഗാ ക്ലബ്ബില്‍ 25 അംഗങ്ങള്‍ ഉണ്ടായാല്‍ 10,000 യോഗ ക്ലബ്ബിലൂടെ 2,50,000 പേര്‍ക്ക് യോഗ അഭ്യസിക്കാന്‍ സാധിക്കും. ഇതിലൂടെ സമൂഹത്തിന് ഉണ്ടാകുന്ന ആരോഗ്യകരമായ മാറ്റം വലുതാണെന്നും മന്ത്രി പറഞ്ഞു. പത്താമത് അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം ആരംഭിച്ച 1000 യോഗ ക്ലബ്ബുകളുടേയും 600 വനിതാ യോഗ ക്ലബ്ബുകളുടേയും പ്രവര്‍ത്തന റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചു.

     

    ‘യോഗ വ്യക്തിക്കും സമൂഹത്തിനും’ എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിന സന്ദേശം. യോഗയ്ക്ക് ലോകമെമ്പാടും ലഭിക്കുന്ന അംഗീകാരം രാജ്യത്തിന് അഭിമാനമാണ്. 2014 ഡിസംബറിലാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യ അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ തുടക്കമിട്ടത്. വ്യക്തികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ നിലനനില്‍പ്പിന് യോഗ അനിവാര്യമാണ്. പൊതുസമൂഹം ഇത് തിരിച്ചറിഞ്ഞതില്‍ വളരെ സന്തോഷവും അഭിമാനവുമുണ്ട്. ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിരവധി മാര്‍ഗങ്ങള്‍ നവ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ചിലതിന് ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് യോഗ. വ്യക്തിയേയും പ്രകൃതിയേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ശാസ്ത്രീയമായ യോഗാഭ്യാസം രോഗങ്ങളെ അകറ്റി ശരീരത്തിന് നല്ല രോഗ പ്രതിരോധ ശേഷി നേടാനും സാധിക്കും.

    നവകേരള കര്‍മ്മപദ്ധതിയിലെ 10 പ്രധാന പദ്ധതികളില്‍ ഒന്നാണ് ജീവിതശൈലീ രോഗങ്ങളെ അകറ്റി നിര്‍ത്തുക എന്നത്. മാതൃശിശു മരണം ഏറ്റവും കുറവ് കേരളത്തിലാണ്. ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതലും കേരളത്തിലാണ്. എന്നാല്‍ ജീവിതശൈലീ രോഗങ്ങള്‍ ഒരു വെല്ലുവിളിയായി നില്‍ക്കുന്നു. ഈ വെല്ലുവിളികളെ പ്രതിരോധിച്ച് സമൂഹത്തിന്റെ രോഗാതുരത കുറയ്ക്കുക എന്നതില്‍ യോഗയ്ക്ക് പരമ പ്രധാന സ്ഥാനമുണ്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സൗജന്യമായി യോഗ അഭ്യസിപ്പിക്കുക എന്ന ഉദ്യമമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സമ്പൂര്‍ണ യോഗ പരിജ്ഞാനം നല്‍കി ആരോഗ്യവും ജീവിത ഗുണനിലവാരവും ഉറപ്പ് വരുത്താനാണ് പരിശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

    ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു, ഐഎസ്എം ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. ബീന, ആയൂര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഹോമിയോപ്പതി മെഡിക്കല്‍ വിദ്യാഭ്യാസ പി.സി.ഒ. ഡോ. ടി.കെ. വിജയന്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. ജയനാരായണന്‍, ഡോ. സജി എന്നിവര്‍ പങ്കെടുത്തു.

    നിലവിലെ യോഗ ക്ലബ്ബുകളിലുള്ള അംഗങ്ങള്‍ പങ്കെടുത്ത മാസ് യോഗാ ഡെമോണ്‍സ്‌ട്രേഷനും സംഘടിപ്പിച്ചു.

  • കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റും: മന്ത്രി വീണാ ജോര്‍ജ്

    കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റും: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

    വീട്, സ്‌കൂള്‍, കടകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലായിടത്തും കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.

    ഇതിലൂടെ കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കാനാണ് വനിത ശിശുവികസന വകുപ്പ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനവും അങ്കണ പൂമഴ പുസ്തകങ്ങളുടെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

    ഇത്തവണ 3+, 4+ എന്നിങ്ങനെ പ്രായമനുസരിച്ചുള്ള കൈപുസ്തകങ്ങള്‍ അങ്കണവാടികള്‍ക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ ഉപയോഗിക്കുന്ന കൈപുസ്തകങ്ങള്‍ വ്യത്യസ്ത പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഉപയോഗിക്കത്തക്ക വിധത്തില്‍ ശാസ്ത്രീയമായ മാറ്റങ്ങള്‍ വരുത്തിയാണ് തയാറാക്കിയിട്ടുള്ളത്. ഈ പുസ്തകത്തിലെ ടീച്ചര്‍ പേജ് ക്യു.ആര്‍. കോഡ് ഉപയോഗിച്ച് ഡിജിറ്റലാക്കി പരിഷ്‌കരിച്ചാണ് പ്രസിദ്ധീകരിച്ചത്. ഇതുകൂടാതെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികള്‍ക്ക് കഥകളും പാട്ടും കാണാനും കേള്‍ക്കാനുമുള്ള സൗകര്യങ്ങളും പുസ്തകത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

    കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വികാസത്തിന് ഉന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 90 സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മ്മിച്ചു. അങ്കണവാടികളെ ശിശു സൗഹൃദ- ശിശു പരിപോഷണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും അങ്കണവാടി കെട്ടിടത്തെയും പരിസരത്തെയും ഒന്നാകെ പരിവര്‍ത്തനപ്പെടുത്തി. ആകര്‍ഷകമായ നിറങ്ങളോട് കൂടിയ ഫര്‍ണിച്ചര്‍, ശിശു സൗഹൃദ ടോയിലറ്റ്, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, പച്ചക്കറിത്തോട്ടം, ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള എന്നീ സൗകര്യങ്ങള്‍ സ്മാര്‍ട്ട് അങ്കണവാടികളുടെ പ്രത്യേകതയാണ്. ഇതുകൂടാതെ ചായം പദ്ധതി വഴി ഭിന്നശേഷി കുട്ടികള്‍ക്കായി 142 അങ്കണവാടികളെ സവിശേഷ അങ്കണവാടികളാക്കി മാറ്റുന്നതിന് ഒരു അങ്കണവാടിയ്ക്ക് 2 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.

    ഗര്‍ഭാവവസ്ഥ മുതല്‍ കുഞ്ഞിന് 2 വയസ് തികയുന്നത് വരെയുള്ള 1000 ദിനങ്ങളില്‍ കുഞ്ഞിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിയും നടപ്പിലാക്കി വരുന്നു. അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പോഷണം ഉറപ്പാക്കാനായി പാലും മുട്ടയും കൂടി നല്‍കി. നിയമവുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്ത കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ സുസ്ഥിതി ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കാവല്‍, കാവല്‍ പ്ലസ് പദ്ധതികളെ അടുത്തിടെ സുപ്രീം കോടതി അഭിനന്ദിച്ചിരുന്നു. ഇതുകൂടാതെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഫോസ്റ്റര്‍ കെയര്‍ പദ്ധതിയെ യുണിസെഫും അഭിനന്ദിച്ചിരുന്നതായും മന്ത്രി പറഞ്ഞു.

    സംസ്ഥാനത്തെ 33115 അങ്കണവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.

    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, കൗണ്‍സിലര്‍മാരായ കസ്തൂരി എം.എസ്., മീന ദിനേശ്, ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ടി.കെ. ആനന്ദി, ബിന്ദു ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.