Tag: മന്ത്രി വീണാ ജോർജ്

  • പിജി ഡോക്ടറുടെ ആത്മഹത്യ: മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

    പിജി ഡോക്ടറുടെ ആത്മഹത്യ: മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

    തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടറുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സ്ത്രീധനമാണെന്ന ആരോപണം ഉണ്ടായ

    സാഹചര്യത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

  • മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ചു

    മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ചു

    തിരുവനന്തപുരം: ആശുപത്രികളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനും അവിടുത്തെ സേവനങ്ങള്‍ എങ്ങനെയാണ് അനുഭവവേദ്യമാകുന്നത് എന്ന് ജനങ്ങളില്‍ നിന്നും നേരിട്ട് കേള്‍ക്കാനുമാണ് ആശുപത്രികള്‍ സന്ദര്‍ശിക്കുന്നത്. ആശുപത്രികളില്‍ നിന്നുള്ള ഫീഡ്ബാക്ക് ഉള്‍ക്കൊണ്ട് ജനകീയപങ്കാളിത്തത്തോടെ ആര്‍ദ്രം മിഷന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി

     

    തിരുവനന്തപുരം ജില്ലയില്‍ ഒന്നാം ഘട്ടമായി വര്‍ക്കല താലൂക്ക് ആശുപത്രി, ചിറയിന്‍കീഴ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്. വര്‍ക്കലയില്‍ വി. ജോയ് എം.എല്‍.എ.യും ചിറയിന്‍കീഴ് വി. ശശി എംഎല്‍എയും ആറ്റിങ്ങലില്‍ ഒ.എസ്. അംബിക എം.എല്‍.എ.യും മറ്റ് ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

     

    വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ 45 കോടിയുടെ കെട്ടിടം ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞതിനാല്‍ എത്രയും പെട്ടെന്ന് നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും. ആശുപത്രിയുടെ വികസനത്തിന്റെ പ്രധാന ഘട്ടമാണിത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ നിലവിലെ വാര്‍ഡുകള്‍ ഉള്‍പ്പെടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതാണ്.

     

    ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സുപ്രധാന തീരുമാനം കഴിഞ്ഞ മന്ത്രിസഭ കൈകൊണ്ടിരുന്നു. 2024 മാര്‍ച്ച് മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പുതിയ ബ്ലോക്കിലേക്ക് മാറുമ്പോള്‍ മികച്ച സൗകര്യം ലഭ്യമാകും.

     

    ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയെ സംബന്ധിച്ചിടത്തോളം അടുത്തഘട്ട വികസന പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ്. ആയിരത്തിലധികം രോഗികള്‍ ദിവസേന എത്തുന്ന ആശുപത്രിയായതിനാല്‍ അടിയന്തരമായി പരിഹരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഡയാലിസിസ് സെന്റര്‍ ഉള്‍പ്പെടെയുള്ളവ നവംബര്‍ മാസത്തോടെ പ്രവര്‍ത്തനസജ്ജമാക്കാനും നിര്‍ദേശം നല്‍കി. ദേശീയ പാതയുടെ സമീപത്തുള്ള ആശുപത്രിയായതിനാല്‍ ട്രോമകെയര്‍ സംവിധാനത്തിനും പ്രധാന്യം നല്‍കുന്നതാണ്. പുതിയ ആശുപത്രി ബ്ലോക്ക്, മെറ്റേണിറ്റി ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണവും ആരംഭിക്കും. കളക്ടറേറ്റില്‍ യോഗം കൂടി ഈ ആശുപത്രികളിലെ വിഷയങ്ങള്‍ വിശദമായി പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജില്ലാതല, സംസ്ഥാനതല അവലോകനങ്ങളും നടക്കും.

     

    കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ചിടത്തോളം ആര്‍ദ്രം ആരോഗ്യം വലിയ മാറ്റം ഉണ്ടാക്കും. കഴിഞ്ഞ രണ്ടു ദിവസമായി എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സന്ദര്‍ശനങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. കുറേയേറെ വിഷയങ്ങള്‍ രണ്ടു ദിവസങ്ങളിലായി പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

  • ആര്‍ദ്രം ആരോഗ്യം: ആശുപത്രി വികസനം നേരിട്ട് വിലയിരുത്താന്‍ മന്ത്രി വീണാ ജോര്‍ജ്

    ആര്‍ദ്രം ആരോഗ്യം: ആശുപത്രി വികസനം നേരിട്ട് വിലയിരുത്താന്‍ മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന ‘ആര്‍ദ്രം ആരോഗ്യം’പരിപാടിക്ക് ഇന്ന് തുടക്കമായി.

    സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും സന്ദര്‍ശിക്കുന്നത്. അതത് ജില്ലകളിലെ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍ മന്ത്രിയോടൊപ്പമുണ്ടാകും.

    ഓരോ ആശുപത്രയിലും നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനും പോരായ്മകള്‍ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനും ഇതിലൂടെ സാധിക്കുന്നതാണ്. എല്ലാ ദിവസവും വൈകുന്നേരം എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകന യോഗവും ജില്ലയില്‍ നടക്കും.

    ജനകീയ പങ്കാളിത്തത്തോടെ ആര്‍ദ്രം മിഷന്‍ ലക്ഷ്യങ്ങള്‍ പൂര്‍ണമായി യാഥാര്‍ത്ഥ്യമാക്കാനാണ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആര്‍ദ്രം മാനദണ്ഡങ്ങള്‍ പ്രകാരം സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ താലൂക്ക് ആശുപത്രി തലം മുതലാണ് തുടങ്ങുന്നത്.

    നിലവില്‍ നല്‍കപ്പെടുന്ന സേവനങ്ങളും ജനങ്ങള്‍ക്ക് അത് അനുഭവവേദ്യമാകുന്നതും വിലയിരുത്തുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവ സന്ദര്‍ശനത്തിന്റെ ഭാഗമായി അവലോകനം ചെയ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

    ഇന്ന് എറണാകുളം, കോട്ടയം ജില്ലകളിലെ കോതമംഗലം, മൂവാറ്റുപുഴ, പിറവം, കുറവിലങ്ങാട്, പാല, കാഞ്ഞിരപ്പള്ളി, പാമ്പാടി, ചങ്ങനാശേരി ആശുപത്രികളാണ് സന്ദര്‍ശിച്ചു വരുന്നത്. ഒക്‌ടോബര്‍ 10ന് എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് സന്ദര്‍ശനം നടത്തുന്നത്. ഒക്ടോബര്‍ അവസാനത്തോടെ ആശുപത്രികളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

  • പകര്‍ച്ചപ്പനി പ്രതിരോധം: മന്ത്രി വീണാ ജോര്‍ജ് ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ചു

    പകര്‍ച്ചപ്പനി പ്രതിരോധം: മന്ത്രി വീണാ ജോര്‍ജ് ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ചു

    തിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തു. യോഗത്തില്‍ സംഘടനകള്‍ പൂര്‍ണ സഹകരണം ഉറപ്പ് നല്‍കി.

    പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതിനായി എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍ തുടങ്ങീ സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ വകുപ്പ് പരിശീലനം നല്‍കി വരുന്നു. ഏത് സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യണം എന്ന് നിര്‍ദേശവും നല്‍കുന്നുണ്ട്.

    ആരോഗ്യ വകുപ്പിന്റെ പ്രതിരോധ കാമ്പയിനില്‍ സ്വകാര്യ ആശുപത്രികളും പങ്കാളികളാകണം. ആശുപത്രികള്‍ രോഗ കേന്ദ്രങ്ങളായി മാറാതിരിക്കാന്‍ എല്ലാവരും ഒരുപോലെ പ്രവര്‍ത്തിക്കണം. പകര്‍ച്ചപ്പനിബാധിതരെ ചികിത്സിക്കാന്‍ കുറച്ച് കിടക്കകളെങ്കിലും പ്രത്യേകമായി മാറ്റിവയ്ക്കണം.

    നേരത്തെ രോഗം കണ്ടെത്തി ചികിത്സിക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. തുടര്‍പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്തും. സംഘടനകളിലെ അംഗങ്ങളെ സജ്ജമാക്കുന്നതിനും ശരിയായ വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനുമുള്ള ബോധവത്ക്കരണത്തില്‍ പങ്കാളികളാകണം. ചികിത്സാ പ്രോട്ടോകോള്‍ നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

    പ്രായമായവര്‍, കുട്ടികള്‍ എന്നിവര്‍ ഈ കാലത്ത് മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്ന് യോഗം വിലയിരുത്തി. സ്വകാര്യ ആശുപത്രികള്‍ ഫലപ്രദമായി രോഗങ്ങളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. എല്ലാവരുടേയും പിന്തുണയും സഹായവും മന്ത്രി അഭ്യര്‍ത്ഥിച്ചു.

    ഐഎംഎ, ഐഎപി, കെഎഫ്ഒജി, കെജിഎംഒഎ, കെജിഒഎ, കെജിഎംസിടിഎ തുടങ്ങിയ പ്രധാന സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു.

  • ‘പനി നിസാരമായി കാണരുത്, ചികിത്സ തേടുക’; ജാഗ്രത നിർദ്ദേശവുമായി മന്ത്രി വീണാ ജോര്‍ജ്

    ‘പനി നിസാരമായി കാണരുത്, ചികിത്സ തേടുക’; ജാഗ്രത നിർദ്ദേശവുമായി മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, ഇന്‍ഫ്‌ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്.

    നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണം. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഗുളിക വാങ്ങി സ്വയം ചികിത്സ പാടില്ല.എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്.

    സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ പ്രോട്ടോകോള്‍ ലഭ്യമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അവശ്യ മരുന്നുകള്‍ കെ.എം.എസ്.സി.എല്‍. മുഖേന ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളുടെ ലഭ്യതയും ഉറപ്പ് വരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

    ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ കാമ്പയിന്റെ ഭാഗമായി ‘മാരിയില്ലാ മഴക്കാലം’ എന്ന പേരില്‍ പ്രത്യേക കാമ്പയിന്‍ ആരംഭിച്ചു. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഊര്‍ജിതമായി നടത്തിയിരുന്നു. ശുചീകരണത്തില്‍ നിരന്തരമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. വീടും പരിസരവും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം.

    ഇതിലൂടെ ഡെങ്കിപ്പനി, സിക പോലുള്ള കൊതുകുജന്യ രോഗങ്ങള്‍ പ്രതിരോധിക്കാം. കൊതുകിന്റെ ഉറവിട നശീകരണം അതുകൊണ്ടുതന്നെ ഉറപ്പാക്കേണ്ടതാണ്. വീടും പരിസരവും ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. വീടിന്റെ അകത്തെ ചെടിച്ചട്ടികളും മണിപ്ലാന്റും ഫ്രിഡ്ജിന്റെ ഡ്രേയും കൊതുകിന്റെ ഉറവിടമാകുന്നതിനാല്‍ വലിയ ദോഷം ചെയ്യും. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

    ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ വരാതിരിക്കാന്‍ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. മാലിന്യങ്ങള്‍ വലിച്ചെറിയരുത്. പാഴ് വസ്തുക്കള്‍ മഴവെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ മൂടിവയ്ക്കുക.

    സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍, നിര്‍മ്മാണ സ്ഥലങ്ങള്‍, ആക്രിക്കടകള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടി കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആക്രി സാധനങ്ങള്‍ മഴനനയാതിരിക്കാന്‍ മേല്‍ക്കൂര ഉണ്ടായിരിക്കണം. നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകളിലും മറ്റുമുള്ള വെള്ളം അടച്ച് സൂക്ഷിക്കണം. ആരോഗ്യ പ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരും ഇക്കാര്യം ഉറപ്പ് വരുത്തണം.

    രോഗം ബാധിച്ചാല്‍ ശ്രദ്ധിക്കാതിരുന്നാല്‍ എലിപ്പനി ഗുരുതരമാകും. അതിനാല്‍ മണ്ണിലും വെള്ളത്തിലും ഇറങ്ങുന്നവര്‍, ജോലി ചെയ്യുന്നവര്‍, കളിക്കുന്നവര്‍, തൊഴിലുറപ്പ് ജോലിക്കാര്‍ എന്നിവര്‍ എലിപ്പനി ബാധിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഹൈ റിസ്‌ക് ജോലി ചെയ്യുന്നവര്‍ ഗ്ലൗസും കാലുറയും ഉപയോഗിക്കണം.

    എലിപ്പനിയെ പ്രതിരോധിക്കാന്‍ മണ്ണിലും, ചെളിയിലും, കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആഴ്ചയിലൊരിക്കല്‍ കഴിക്കേണ്ടതാണ്. ആരോഗ്യ കേന്ദ്രങ്ങള്‍ വഴി ഡോക്‌സിസൈക്ലിന്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഏത് പനിയും എലിപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

    മഴക്കാലത്ത് ബാധിക്കുന്ന പ്രധാന രോഗമാണ് വയറിളക്ക രോഗങ്ങള്‍. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ഏറ്റവും നല്ലത്. കിണര്‍ തുടങ്ങിയ ജല സ്‌ത്രോതസുകളില്‍ മലിന ജലം കലരാതെ സംരക്ഷിക്കണം. ക്ലോറിനേഷന്‍ കൃത്യമായി ചെയ്യണം. വെള്ളം എപ്പോഴും മൂടിവയ്ക്കുക. എല്ലാവരും ഒരുപോലെ ശ്രദ്ധിച്ചാല്‍ നമ്മുടേയും പ്രിയപ്പെട്ടവരുടേയും ആരോഗ്യം സംരക്ഷിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

  • സർക്കാർ ആശുപത്രികൾ രോഗീ സൗഹൃദമാക്കും, റോബോട്ടിക് സർജറി ഉടൻ: മന്ത്രി വീണാ ജോർജ്

    സർക്കാർ ആശുപത്രികൾ രോഗീ സൗഹൃദമാക്കും, റോബോട്ടിക് സർജറി ഉടൻ: മന്ത്രി വീണാ ജോർജ്

    തിരുവനന്തപുരം :പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ നവീകരിച്ച രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

    പുത്തൻതോപ്പ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രവും അഴൂർ കുടുംബാരോഗ്യ കേന്ദ്രവുമാണ് നവീകരണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു നൽകിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയത് കേരളമാണെന്ന് മന്ത്രി പറഞ്ഞു.

    3030 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്ക് വേണ്ടി വിനിയോഗിച്ചത്. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഗ്രാമങ്ങളിൽ മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും കുടുംബാരോഗ്യകേന്ദ്രങ്ങൾ മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

    പുത്തൻതോപ്പ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി ഫണ്ടിൽ നിന്ന് നാഷണൽ ഹെൽത്ത് മിഷൻ മുഖേന 37.50 ലക്ഷം രൂപ വിനിയോഗിച്ചാണ് ഒ.പി കെട്ടിടം -ലാബ് എന്നിവ നവീകരിച്ചത്. ലാബിൽ ആധുനിക രീതിയിലുള്ള പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തിയതിലൂടെ ഗുണനിലവാരമുള്ള പരിശോധനാഫലം സമയബന്ധിതമായി ജനങ്ങൾക്ക് ലഭ്യമാക്കാൻ കഴിയും.

    ഹേമറ്റോളജി അനലൈസർ, ഇലക്‌ട്രോലൈറ്റ് അണലൈസർ, ഫുള്ളി ഓട്ടോമേറ്റഡ് ബയോകെമിക്കൽ അനാലൈസർ, ഇമ്യുനോ അസെ അനലൈസർ എന്നിവയാണ് ലാബിലേക്ക് പുതുതായി വാങ്ങിയ മെഷിനുകൾ.

    പരിശോധനാ ഫലങ്ങൾ ഒരു മിനുട്ടിൽ ലഭിക്കുക, ഒരു മണിക്കൂറിൽ 350 ടെസ്റ്റുകൾ ഒരുമിച്ച് ചെയ്യുക, സാധാരണ ജനങ്ങൾക്ക് ടെസ്റ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ ലാബിലൂടെ ജനങ്ങൾക്ക് ലഭിക്കുക.

    നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി അഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി ജനങ്ങൾക്ക് സമർപ്പിച്ചു.

    ഈ വർഷം എല്ലാ സർക്കാർ ആശുപത്രികളിലും ഇ -ഹെൽത്ത് സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികളെ രോഗീസൗഹൃദമാക്കണമെന്നും റോബോട്ടിക് സർജറി പോലുള്ള പുതിയ ചികിത്സ സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

    കേരള സർക്കാരിന്റെ ആർദ്രം പദ്ധതി ഫണ്ടിൽ നിന്ന് നാഷണൽ ഹെൽത്ത് മിഷൻ മുഖേന 15.5 ലക്ഷം രൂപ ചിലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി നവീകരിച്ചത് . പരിപാടിയിൽ വച്ച് ജനപങ്കാളിത്തത്തോടെ സമാഹരിച്ച പാലിയേറ്റീവ് ഉപകരണങ്ങളും മന്ത്രി വിതരണം ചെയ്തു.

    ചടങ്ങിൽ വി. ശശി എം. എൽ. എ അധ്യക്ഷത വഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരി പ്രസാദ്, കഠിനംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത അനി, അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ, വകുപ്പുതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായി.