Tag: Agriculture

  • മഴ; ജില്ലയില്‍ മൂന്ന് ദിവസത്തിനിടെ 1.82 കോടി രൂപയുടെ കൃഷിനാശം

    മഴ; ജില്ലയില്‍ മൂന്ന് ദിവസത്തിനിടെ 1.82 കോടി രൂപയുടെ കൃഷിനാശം

    തിരുവനന്തപുരം: മഴയെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1.82 കോടി രൂപയുടെ (1,82,230,00 രൂപ) കൃഷിനാശം.

    മെയ് 22 മുതല്‍ 24 വരെയുള്ള കണക്കാണിത്. 66.89 ഹെക്ടര്‍ കൃഷിഭൂമിയില്‍ മഴ നാശം വിതച്ചു.

    720 കര്‍ഷകര്‍ക്കാണ് മഴ മൂലം നഷ്ടമുണ്ടായത്. 13,700 കുലയ്ക്കാത്ത വാഴകളും 2,0482 കുലച്ചവയും മഴയില്‍ നശിച്ചു.

    ഇതോടെ മെയ് മാസം മാത്രം ഉണ്ടായ ആകെ കൃഷിനാശം 13 കോടി പിന്നിട്ടു. ഏപ്രില്‍ 30 മുതല്‍ മെയ് 21 വരെ 11.33 കോടിയുടെ കൃഷിനാശമാണ് കണക്കാക്കിയത്.

     

     

  • വർണ്ണാഭമായ ഘോഷയാത്രയോടെ നെടുമങ്ങാട് കൃഷി ദർശന് സമാപനം

    വർണ്ണാഭമായ ഘോഷയാത്രയോടെ നെടുമങ്ങാട് കൃഷി ദർശന് സമാപനം

    നെടുമങ്ങാട്:വന്യമൃഗങ്ങളുടെ ശല്യം തടയാൻ അടുത്ത സാമ്പത്തിക വർഷം മുതൽ പ്രത്യേക സ്കീം നടപ്പിലാക്കുമെന്നും വന്യ മൃഗങ്ങളുടെ ശല്യം നേരിടാൻ നെടുമങ്ങാട് കാർഷിക ബ്ലോക്കിന് 40 ലക്ഷം രൂപ അനുവദിച്ചതായും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കാർഷികോത്പന്നങ്ങൾ സംഭരിച്ച വകയിൽ ഡിസംബർ 31 വരെ കർഷകർക്ക് നൽകാനുള്ള കുടിശ്ശികയിനത്തിൽ ഹോർടികോർപ്പിന് 4 കോടി 77 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. നെടുമങ്ങാട് കൃഷി ദർശൻ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ കർഷകർ ഉത്പാദിപ്പിച്ച കാർഷിക ഉത്പന്നങ്ങൾ “നെടുമങ്ങാട് സമൃദ്ധി ” എന്ന ബ്രാൻഡിൽ കൃഷി വകുപ്പിൻ്റെ പിന്തുണയോടെ വിപണിയിൽ എത്തിക്കും. നെടുമങ്ങാട് മുൻസിപ്പാലിറ്റിയുടെ കൃഷി ഭവന് കീഴിൽ പുതിയ ഇക്കോഷോപ് തുടങ്ങും. കരകുളം കൃഷി ഭവന് കീഴിൽ വട്ടപ്പാറ സബ് സെന്ററും തുടങ്ങും. ഇതടക്കം ഏഴ് ഉത്തരവുകൾ കൃഷി ദർശൻ പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയെന്നും മന്ത്രി പറഞ്ഞു.

    സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കിയ ‘ഞങ്ങളും കൃഷിയിലേക്ക് ‘ പദ്ധതിക്ക് ജനങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. കൃഷിയിടങ്ങൾ നേരിട്ട് സന്ദർശിച്ചു കാര്യങ്ങൾ മനസിലാക്കി, കർഷകർ ഉന്നയിക്കുന്ന പരാതികൾക്ക് കാലതാമസമില്ലാതെ പരിഹാരം കാണാനാണ് കൃഷി ദർശൻ പരിപാടി ആസൂത്രണം ചെയ്തത്. ഇതിൻ്റെ ഭാഗമായി നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ ആയിരത്തിലധികം കർഷകരെ നേരിട്ട് കാണാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കഴിഞ്ഞു. നെടുമങ്ങാട് പ്രവർത്തിക്കുന്ന വേൾഡ് മാർക്കറ്റിന്റെ സമഗ്ര വികസനത്തിന്‌ ലോകബാങ്ക് സഹായത്തോടെ പദ്ധതി നടപ്പിലാക്കും. വേൾഡ് മാർക്കറ്റിന്റെ ഫലപ്രദമായ പ്രവർത്തനത്തിനും കർഷകർക്ക് കാലതാമസമില്ലാതെ ഉത്പന്നങ്ങളുടെ വില ലഭിക്കാനും സംഭരിച്ച ഉത്പന്നങ്ങൾ കൃത്യമായി വിപണിയിൽ എത്തിക്കാനും പുതിയ സംവിധാനം ഏർപ്പെടുത്തും. ഇവിടുത്തെ കോൾഡ് സ്റ്റോറേജ് സംവിധാനവും ഫലപ്രദമായി ഉപയോഗിക്കും. കാർഷിക കർമ്മ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതി ഫെബ്രുവരി മുതൽ നടപ്പാക്കും. ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ വഴി, കർഷകരുടെ നൂറ് ഉത്പന്നങ്ങൾ മാർച്ച് 31ന് മുമ്പ് വിപണിയിലെത്തിക്കും. കേരള അഗ്രോ എന്ന പേരിൽ ഇതിനോടകം 65 ഉത്പ്പന്നങ്ങൾ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആധുനിക കാർഷിക സംവിധാനങ്ങൾ മനസ്സിലാക്കുന്നതിന് പ്രത്യേക പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനത്തിൽ ഭക്ഷ്യ-പൊതു-വിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനായിരുന്നു. നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ പ്രാദേശിക കൃഷി കൂട്ടായ്മകൾ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുന്ന ‘നെടുമങ്ങാട് സമൃദ്ധി’ പദ്ധതി മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. വന്യമൃഗങ്ങളുടെ ശല്യം തടയാൻ മഞ്ഞൾ, കുരുമുളക്, മാങ്ങ എന്നീ കൃഷികളിലേക്ക് കൂടി കർഷകർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ധേഹം പറഞ്ഞു.

    ജി.സ്റ്റീഫൻ എം.എൽ.എ, നെടുമങ്ങാട് നഗരസഭാ അധ്യക്ഷ സി.എസ്.ശ്രീജ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.അമ്പിളി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും സമാപന സമ്മേളനത്തിൽ പങ്കെടുത്തു. മികച്ച കർഷകർക്കുള്ള പുരസ്‌കാരങ്ങളും കർഷകർക്കുള്ള സാമ്പത്തിക സഹായവും വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു. കൃഷി ദർശൻ പരിപാടിക്ക് സമാപനം കുറിച്ച് നെടുമങ്ങാട് പട്ടണത്തിൽ നടന്ന വർണ്ണാഭമായ ഘോഷയാത്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. ഫ്ലാഷ് മോബ്, പരമ്പരാഗത കലാരൂപങ്ങൾ, ചെണ്ട മേളം, ട്രാക്ടറുകൾ തുടങ്ങിയവ അണി നിരന്ന ഘോഷയാത്രയിൽ മന്ത്രിമാരായ ജി ആർ അനിൽ, പി പ്രസാദ്, ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, വിവിധ ബ്ലോക്ക്‌ പഞ്ചായത്തുകളിലെ പ്രാദേശിക കൃഷി കൂട്ടായ്മകൾ, കർഷകർ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും പങ്കെടുത്തു.

  • വിശേഷങ്ങളറിയാന്‍ മന്ത്രിമാര്‍ നേരിട്ടെത്തി; ആവേശത്തിലായി കര്‍ഷകർ

    വിശേഷങ്ങളറിയാന്‍ മന്ത്രിമാര്‍ നേരിട്ടെത്തി; ആവേശത്തിലായി കര്‍ഷകർ

    തിരുവനന്തപുരം:വിശേഷങ്ങളും പരാതികളും കേള്‍ക്കാന്‍ മന്ത്രിമാര്‍ നേരിട്ടെത്തിയതിന്റെ ആഹ്ലാദത്തിലാണ് കൊഞ്ചിറ ഗവ. യു.പി.എസ്സിലെ ഏഴാം ക്ലാസ്സുകാരായ ഗോപികയും നക്ഷത്രയും അനോഷറും അടങ്ങുന്ന കുട്ടി കര്‍ഷകര്‍. കൃഷിദര്‍ശന്‍ പരിപാടിയുടെ ഭാഗമായാണ് മന്ത്രിമാരായ പി.പ്രസാദ്, ജി.ആര്‍ അനില്‍ എന്നിവര്‍ എം.എല്‍.എമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പം നേരിട്ടെത്തി കര്‍ഷകരുമായി സംവദിച്ചത്. ആയിരത്തിലധികം കര്‍ഷകരെയാണ് സംഘം നേരില്‍ കണ്ടത്. ഇവര്‍ ഉന്നയിച്ച സംശയങ്ങള്‍ അനുഭാവപൂര്‍വം കേട്ട മന്ത്രി, അടിയന്തരമായി ഇവയ്ക്ക് പരിഹാരം കാണുമെന്നും ഉറപ്പുനല്‍കി. കൃഷി മന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കര്‍ഷകരോട് സംവദിച്ച് പ്രശ്നങ്ങള്‍ മനസിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയാണ് കൃഷി ദര്‍ശന്‍.

    രാവിലെ എട്ട് മണിയോടെ കുടപ്പനക്കുന്ന് കൃഷി ഭവന് മുന്നില്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയാണ് കൃഷി മന്ത്രി പി. പ്രസാദും സംഘവും യാത്ര തുടങ്ങിയത്. തുടര്‍ന്ന് കരകുളം കാസ്‌കോ വില്ലേജ്, വെമ്പായം കൊഞ്ചിറ പാടശേഖരം, പനവൂര്‍ നന്മ കൃഷിക്കൂട്ടം, ആനാട്, അരുവിക്കര, നെടുമങ്ങാട് ചെല്ലാംകോട് എന്നിവിടങ്ങളിലുമെത്തി കര്‍ഷകരെ നേരില്‍ കണ്ടു. കര്‍ഷകര്‍ ആവേശത്തോടെയാണ് സംഘത്തെ വരവേറ്റത്. പലരും മന്ത്രിമാര്‍ക്ക് സമ്മാനങ്ങളും നാടന്‍ ഭക്ഷണങ്ങളും കരുതിയിരുന്നു. പ്രദേശത്തെ കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യവര്‍ധിത വസ്തുക്കളാക്കി കര്‍ഷകര്‍ കൂടുതല്‍ വരുമാനം നേടണമെന്ന് മന്ത്രി പി. പ്രസാദ് കര്‍ഷകരോട് പറഞ്ഞു.

  • കാട്ടുപന്നിശല്യം: സോളാർ ഫെൻസ് സ്ഥാപിക്കാൻ സർക്കാർ സഹായം നൽകും: മന്ത്രി പി.പ്രസാദ്

    കാട്ടുപന്നിശല്യം: സോളാർ ഫെൻസ് സ്ഥാപിക്കാൻ സർക്കാർ സഹായം നൽകും: മന്ത്രി പി.പ്രസാദ്

    തിരുവനന്തപുരം :മലയോര മേഖലയിലെ കർഷകർ നേരിടുന്ന കാട്ടുപന്നി ശല്യം ഗൗരവമായി കാണുമെന്നും സോളാർ ഫെൻസ് സ്ഥാപിക്കുന്നതിന് കൃഷി വകുപ്പിന്റെ സഹായമുണ്ടാകുമെന്നും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു. കൃഷിദർശൻ പരിപാടിയുടെ ഭാഗമായി നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ കർഷകരെ നേരിട്ട് കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

    കാർഷിക കർമ്മ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതി ഫെബ്രുവരി മുതൽ നടപ്പാക്കും. സേനാംഗങ്ങൾക്ക് പെൻഷൻ നൽകുന്നത് ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആമസോൺ പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ വഴി, കർഷകരുടെ നൂറ് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കും. കർഷകർ സമർപ്പിച്ച അപേക്ഷകളുടെ തത്സ്ഥിതി മൊബൈൽ ആപ്പ് വഴി അറിയാനുള്ള സംവിധാനം നടപ്പാക്കും. ആധുനിക കാർഷിക സംവിധാനങ്ങൾ മനസ്സിലാക്കുന്നതിന് പ്രത്യേക പരിശീലന ക്ലാസ്സുകൾ ഏർപ്പെടുത്തുമെന്നും വി.എഫ്.പി.സി.കെ വഴി ഹൈബ്രിഡ് വിത്തുകൾ വികസിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    കുടപ്പനക്കുന്ന്, കരകുളം, വെമ്പായം, പനവൂർ, ആനാട്, അരുവിക്കര, നെടുമങ്ങാട് എന്നിവിടങ്ങളിലെ കർഷകരുമായാണ് മന്ത്രി സംവദിച്ചത്. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, എം.എൽ.എമാരായ വി.കെ പ്രശാന്ത്, ഡി.കെ മുരളി, ജി.സ്റ്റീഫൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു.

  • കാർഷിക സെൻസസ്: തിരുവനന്തപുരം ജില്ലയിൽ ആദ്യഘട്ട വിവരശേഖരണത്തിന് തുടക്കം

    കാർഷിക സെൻസസ്: തിരുവനന്തപുരം ജില്ലയിൽ ആദ്യഘട്ട വിവരശേഖരണത്തിന് തുടക്കം

    തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിൽ കാർഷിക സെൻസസിന്റെ ഭാഗമായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. വാർഡുകൾ കേന്ദ്രീകരിച്ച് ഭൂമി കൈവശക്കാരുടെ പട്ടിക തയാറാക്കുകയാണ് ഒന്നാം ഘട്ടത്തിൽ ചെയ്യുന്നത്. ഭൂമിയുടെ വിസ്തൃതി, ഉടമസ്ഥാവകാശം, കൃഷി ഇനം, സാമൂഹ്യ വിഭാഗം, ലിംഗം തുടങ്ങിയ പ്രാഥമിക വിവരങ്ങൾ ശേഖരിക്കും. ഇതിനായി താത്കാലികാടിസ്ഥാനത്തിൽ എന്യൂമറേറ്റർമാരെ നിയമിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽ ഇൻവെസ്റ്റിഗേറ്റർമാരും ബ്ലോക്ക്, താലൂക്ക് തലത്തിൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാരും ജില്ലാതലത്തിൽ ഡെപ്യൂട്ടി ഡയറക്ടറും ഇവരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. ഫെബ്രുവരി അവസാനത്തോടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ അവസാനിക്കും. രണ്ടാം ഘട്ടത്തിൽ പ്രധാനമായും ജലസേചനവും കൃഷി രീതികളും, മൂന്നാം ഘട്ടത്തിൽ വളം, കീടനാശിനി എന്നിവയുടെ ഇൻപുട്ട് സർവേയും നടക്കും. സർവേ നടപടികളിൽ വിവിധവകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനായി ഡെപ്യൂട്ടി കളക്ടർ ജയാജോസ് രാജ് സി.എല്ലിന്റെ അധ്യക്ഷതയിൽ ജില്ലാ ഏകോപനസമിതി യോഗം ചേർന്നു.

    ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാർഷിക സംഘടന ലോകവ്യാപകമായി സംഘടിപ്പിക്കുന്ന കാർഷിക സെൻസസിന്റെ ഭാഗമായാണ് വിവരശേഖരണം നടത്തുന്നത്. വിവരശേഖരണം ആദ്യമായി സ്മാർട്ട് ഫോണുകളിലും ടാബ്ലെറ്റുകളിലും നടത്തുന്നുവെന്ന പ്രത്യേകത ഈ സെൻസസിനുണ്ട്. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ചെറുകിട കർഷകരെ ശാക്തീകരിക്കുവാനും അവരെ ആദായകരമായ വിളകളിലേക്ക് ആകർഷിക്കുവാനും ആഗോള നിലവാരത്തിന് തുല്യമായി ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് സെൻസസ് വിവരങ്ങൾ സഹായകരമാകും. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിനാണ് കാർഷിക സെൻസസിന്റെ ചുമതല. ജില്ലയിൽ സെൻസസ് പ്രവർത്തനങ്ങൾക്കായി 758 എന്യൂമറേറ്റർമാരെ തെരഞ്ഞെടുത്ത്, പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനീഷ് കുമാർ. ബി, വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

  • നെടുമങ്ങാട് ബ്ലോക്ക് കൃഷിദർശൻ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

    നെടുമങ്ങാട് ബ്ലോക്ക് കൃഷിദർശൻ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

    നെടുമങ്ങാട് :പരമ്പരാഗത രീതിയിൽ മാറ്റം വരുത്തി ഭാവിയിൽ കൃഷി പ്രധാന വരുമാന സ്രോതസ്സാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുമെന്നും വരും വർഷങ്ങളിൽ കാർഷിക രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് ബ്ലോക്ക് കൃഷിദർശൻ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

     

    കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കർഷക സമ്പർക്ക പരിപാടിയാണ് കൃഷിദർശൻ. കൃഷി വകുപ്പ് മന്ത്രിയും ഉന്നത കൃഷി ഉദ്യോഗസ്ഥരും കൃഷിയിടങ്ങളിലേക്ക് ഇറങ്ങി കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്തും. സംസ്ഥാനത്തെ മൂന്നാമത്തെ കൃഷിദർശൻ പരിപാടി ഈ മാസം 24 മുതൽ 28 വരെ നെടുമങ്ങാട് ബ്ലോക്കിൽ നടക്കും. 24ന് രാവിലെ കല്ലിങ്കൽ ഗ്രൗണ്ടിൽ 50 സ്റ്റാളുകൾ അടങ്ങുന്ന കാർഷിക എക്സിബിഷനോടെയാണ് പരിപാടി ആരംഭിക്കുക. 25 ന് ജില്ലയിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, അഗ്രികൾച്ചറൽ മാർക്കറ്റിങ് സഹകരണ സംഘങ്ങൾ എന്നിവരുമായി കൃഷി മന്ത്രി പി. പ്രസാദ്, ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ എന്നിവർ ചർച്ച നടത്തും. 28 ന് കർഷക അദാലത്ത്, കാർഷിക കലാജാഥ, കൃഷിക്കൂട്ട സംഗമം, പൊതുയോഗം, അവാർഡ് ദാനം, ‘വിഷൻ 2026 നെടുമങ്ങാടി’ന്റെ അവതരണം എന്നിവയുമുണ്ടാകും.

     

    മഞ്ഞൾ,കുരുമുളക് തുടങ്ങിയവയുടെ കൃഷി വ്യാപിപ്പിക്കുക, അവ സംസ്കരിച്ച് മാർക്കറ്റിൽ എത്തിക്കുക, പഴം, പച്ചക്കറികൾ ബ്രാൻഡ് ചെയ്‌ത് വിതരണം ചെയ്യുക, കോട്ടുക്കോണം മാവ് എല്ലാ വീടുകളിലും നട്ടുപിടിപ്പിക്കുക, ഞാലിപ്പൂവൻ വാഴ, ഗൗളീ ഗാത്രം തെങ്ങ് എന്നിവ വ്യാപകമായി വെച്ച് പിടിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ.

     

    നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിലാണ് സ്വാഗതസംഘം ഓഫീസ് തുറന്നത്. മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീജ, വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈശാഖ്, കരകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ലേഖ റാണി, മറ്റ് ജനപ്രതിനിധികൾ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ തുടങ്ങിയവരും പങ്കെടുത്തു.

  • ജൈവകൃഷിയിൽ നൂറുമേനി വിജയവുമായി പള്ളിച്ചൽ പഞ്ചായത്ത്

    ജൈവകൃഷിയിൽ നൂറുമേനി വിജയവുമായി പള്ളിച്ചൽ പഞ്ചായത്ത്

    പള്ളിച്ചൽ:പുഷ്പകൃഷിയിൽ മാതൃക തീർത്ത പള്ളിച്ചൽ പഞ്ചായത്തിന് ജൈവ പച്ചക്കറി കൃഷിയിലും വിജയക്കൊയ്ത്ത്. പൂകൃഷിയുടെ അടുത്ത ഘട്ടം ആരംഭിക്കുന്നത്തിന് മുന്നോടിയായാണ് ഇടക്കാല പച്ചക്കറി കൃഷി നടത്തുന്നത്. പഞ്ചായത്തിലെ കുറണ്ടിവിള വാർഡിൽ ഒരേക്കർ സ്ഥലത്താണ് ആദ്യ ഘട്ടത്തിൽ കൃഷിയിറക്കിയത്. ഗ്രാമ പഞ്ചായത്തും കൃഷി വകുപ്പും കുടുംബശ്രീയും സംയുക്തമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് പച്ചക്കറി കൃഷി നടപ്പിലാക്കിയത്.

     

    കർഷകശ്രീ എന്ന കുടുംബശ്രീ സംഘമാണ് കൃഷിക്ക് നേതൃത്ത്വം നൽകുന്നത്. ജൈവ രീതിയിൽ ഉത്പാദിപ്പിക്കുന്ന വെള്ളരി, വെണ്ട, കത്തിരി, പയർ, പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ സംഘം വഴി മിതമായ നിരക്കിൽ വിപണിയിലേക്ക് നേരിട്ടത്തിക്കുന്നു. ഇതിനു പുറമെ പഞ്ചായത്ത് പാട്ടത്തിനായി എടുത്ത രണ്ടേക്കർ സ്ഥലത്തേക്ക് പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.