Tag: Attukal pogala

  • ആറ്റുകാൽ പൊങ്കാല: ഭക്ഷണശാലകൾക്ക് മാർഗനിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

    ആറ്റുകാൽ പൊങ്കാല: ഭക്ഷണശാലകൾക്ക് മാർഗനിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

    തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൂർണ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ കർശന നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. നിലവിലുള്ളതും താത്കാലികമായി തുടങ്ങുന്നതുമായ ഭക്ഷണശാലകൾ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ പ്രവർത്തിക്കാൻ പാടുള്ളുവെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷർ നിർദേശിച്ചു. ഭക്ഷ്യസുരക്ഷ ലൈസൻസ് / രജിസ്ട്രേഷൻ എല്ലാ ഭക്ഷണസ്ഥാപനങ്ങളും പ്രദർശിപ്പിക്കണം. ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് സ്ഥാപനങ്ങളിൽ സൂക്ഷിക്കണമെന്നും ആയത് പരിശോധനവേളയിൽ ഹാജരാക്കണമെന്നും നിർദേശമുണ്ട്.

    ഭക്ഷ്യസംരംഭകർക്കും പാചകത്തൊഴിലാളികൾക്കുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 24ന് നടത്തുന്ന പരിശീലനപരിപാടിയിൽ ഭക്ഷ്യസംരംഭകർ നിർബന്ധമായും പങ്കെടുക്കണമെന്നാണ് നിർദേശം. ഇതിനായി സംരംഭകന്റെ പേര്, ഫോൺനമ്പർ, ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ നമ്പർ, ആധാർ നമ്പർ എന്നിവ fsonemomcircle@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ നൽകി രജിസ്റ്റർ ചെയ്യണം. ഉത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയവിതരണം, ദാഹജലവിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷൻ, അക്ഷയകേന്ദ്രങ്ങൾ വഴി മുൻകൂട്ടി എടുക്കണം. നിശ്ചിത ഫീസ് ഇതിനായി ഈടാക്കും.

    ഹോട്ടൽ / റസ്റ്ററന്റ് ഉടമകൾ ഭക്ഷണം തയാറാക്കുന്നതിനായി അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നവരുടെ രജിസ്റ്റർ സൂക്ഷിക്കേണ്ടതും അസംസ്‌കൃത വസ്തുക്കൾ വിതരണം ചെയ്യുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്ക് ഭക്ഷ്യസുരക്ഷ ലൈസൻസ് / രജിസ്‌ട്രേഷൻ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഭക്ഷണം തയാറാക്കുന്ന സ്ഥലവും പരിസരവും വൃത്തിയുള്ളതായിരിക്കണം. തൊഴിലാളികൾ വ്യക്തിശുചിത്വം പാലിക്കണം. അടുക്കളഭാഗത്തുള്ള ഓടകളിലോ തറയിലോ വെള്ളം കെട്ടി നിൽക്കരുത്. ഖരമാലിന്യങ്ങൽ അടപ്പോടുകൂടിയ പാത്രങ്ങളിൽ സൂക്ഷിക്കണം.

    പാഴ്‌സൽ നൽകുവാൻ, ഫുഡ് ഗ്രേഡ് പാക്കിംഗ് വസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. പാഴ്‌സൽ പൊതികളിൽ ഭക്ഷണം തയാറാക്കിയ സമയം, ഉപയോഗിക്കാൻ കഴിയുന്ന തിയതി, സമയ പരിധി എന്നിവ രേഖപ്പെടുത്തണം.

    നിശ്ചിത ഗുണനിലവാരമുള്ളതും കൃത്യമായ ലേബൽ രേഖപ്പെടുത്തിയതുമായ ഭക്ഷ്യവസ്തുക്കൾ പൊങ്കാല നിവേദ്യത്തിനായി ഉപയോഗിക്കണം.

    കൃത്യമായ വിവരങ്ങൾ ഇല്ലാത്ത പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കൾ, മിഠായികൾ, പഞ്ഞി മിഠായികൾ എന്നിവ വിൽക്കാൻ പാടില്ല. ഭക്ഷ്യവസ്തുക്കൾ തുറന്ന് വെച്ച് വിൽക്കരുത്.

    അന്നദാനം ചെയ്യുന്നവർ, പാചകത്തിന് ഉപയോഗിക്കുന്നത് ശുദ്ധജലവും വൃത്തിയുള്ള പാത്രങ്ങളുമാണെന്ന് ഉറപ്പുവരുത്തണം. പാചകം ചെയ്യുന്നയാൾക്ക് സാംക്രമിക രോഗങ്ങളില്ലെന്നും പാചകത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ ഗുണനിലവാരമുള്ളതാണെന്നും ഉറപ്പുവരുത്തണം.

    ശീതളപാനീയങ്ങളിൽ ശുദ്ധജലം ഉപയോഗിച്ച് നിർമിച്ച ഐസ് വേണം ഉപയോഗിക്കാൻ. ഫ്രീസർ, ഐസ് ബോക്‌സ്, വൃത്തിയുള്ള പാത്രങ്ങൾ എന്നിവയിൽ മാത്രമേ ഐസ് സൂക്ഷിക്കാൻ പാടുള്ളൂ.

    പാകം ചെയ്ത ഭക്ഷണസാധനങ്ങൾ നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കേണ്ടതും വൃത്തിയുള്ള ചുറ്റുപാടിൽ മാത്രം വിതരണം ചെയ്യേണ്ടതുമാണ്. ഹോട്ടലുകളിൽ , ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിലേക്കുള്ള 1800 425 1125 എന്ന ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കണം. ഭക്ഷണവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങൾക്കുണ്ടാകുന്ന പരാതികൾ ഈ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷർ അറിയിച്ചു.

  • ആറ്റുകാൽ പൊങ്കാല: റോഡ് അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും

    ആറ്റുകാൽ പൊങ്കാല: റോഡ് അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും

    തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് മുൻപായി റോഡിലെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ്. ഉത്സവ മേഖലയിൽ വരുന്ന റോഡ് പ്രവർത്തികൾ കളക്ടറുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി റോഡുകളിലെ വശങ്ങളിൽ സ്ലാബ് ഇടുന്ന പ്രവർത്തികൾ വേഗത്തിലാക്കും. ചാക്ക, ശ്രീവരാഹം, ശ്രീകണ്ഡേശ്വരം, പെരുന്താന്നി, പാൽകുളങ്ങര, മുട്ടത്തറ, കമലേശ്വരം എന്നീ വാർഡുകളിലെ റോഡ് പണികൾ അടിയന്തരമായി പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.

    ഉത്സവ മേഖലയിലെ പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ സ്മാർട്ട് സിറ്റി, കെ.ആർ.എഫ്.ബി, എ.ജി.പി സിറ്റി ഗ്യാസ് എന്നിവരെ ചുമതലപ്പെടുത്തി. ഈ മാസം 20 ന് മുൻപ് പ്രവർത്തികൾ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ സ്മാർട്ട് സിറ്റി, കെ.ആർ.എഫ്.ബി, എ.ജി.പി സിറ്റി ഗ്യാസ് എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.

  • ആറ്റുകാല്‍ പൊങ്കാല: ഭക്ഷ്യസുരക്ഷ ഉറപ്പാക്കും, അനധികൃത പാര്‍ക്കിംഗും പണപ്പിരിവും അനുവദിക്കില്ല

    ആറ്റുകാല്‍ പൊങ്കാല: ഭക്ഷ്യസുരക്ഷ ഉറപ്പാക്കും, അനധികൃത പാര്‍ക്കിംഗും പണപ്പിരിവും അനുവദിക്കില്ല

    തിരുവനന്തപുരം :ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. സന്നദ്ധ സംഘടനകളും മറ്റും ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്നത് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതിയോടെ മാത്രമായിരിക്കണം. ഇക്കാര്യം പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ പോലീസിന്റെ പരിശോധനയുണ്ടാകും. വൃത്തിഹീനമായ സാഹചര്യത്തിലും കൃത്രിമ നിറങ്ങള്‍ ഉപയോഗിച്ചും ഭക്ഷണപാനീയങ്ങള്‍ വിതരണം ചെയ്യാന്‍ ഒരുകാരണവശാലും അനുവദിക്കില്ല. ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകള്‍, താല്‍ക്കാലിക വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നല്‍കുന്ന കുടിവെള്ളം, ആഹാരസാധനങ്ങള്‍ എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും. പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ‘ആറ്റുകാല്‍ ഉത്സവ കമ്മിറ്റി’ എന്ന പേര് പുറത്തുള്ളവര്‍ അനധികൃതമായി ഉപയോഗിക്കുന്നതും ഉത്സവത്തിന്റെ പേരിലുള്ള അനധികൃത പണപ്പിരിവും അനുവദിക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

     

    പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് അനുവദിക്കില്ല. വിവിധ ഭാഗങ്ങളില്‍ നിന്നും നഗരത്തിലെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പോലീസ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. അനധികൃതമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ പ്രത്യേക സംഘം പരിശോധന നടത്തി നീക്കം ചെയ്യും. ഭക്തരുടെ സുരക്ഷയ്ക്കായി, പോലീസിന്റെ നിലവിലുള്ള സുരക്ഷാ ക്യാമറകള്‍ക്ക് പുറമെ നിരവധി പുതിയ സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാന്‍ കര്‍ശനമായ പരിശോധന നടത്തും. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെയുള്ള ശക്തമായ നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊങ്കാലക്കെത്തുന്നവരുടെ സുരക്ഷക്കായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ട്രാഫിക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും ഭക്തരുടെ സുരക്ഷയ്ക്കും പോലീസ് പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലും പരിസരത്തും 24 മണിക്കൂറും നിരീക്ഷണവുമുണ്ടാകും.

     

    ഉത്സവപ്രദേശത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനും അടിയന്തരമായ നടപടിയുണ്ടാകും. നഗരത്തിലെ തെരുവുവിളക്കുകളെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ളവ കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. ആവശ്യമായ സ്ഥലങ്ങളില്‍ സ്വിവറേജ് ശുചീകരണവും നടത്തും. ഉത്സവദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസ് നടത്തും. ഭക്തര്‍ കൂടുതലായി എത്തുന്ന പ്രദേശങ്ങളിലേക്ക് പ്രത്യേക സര്‍വീസുകളുമുണ്ടാകും. യോഗത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു, എ.ഡി.എം അനില്‍ ജോസ് ജെ, ആറ്റുകാല്‍ പൊങ്കാല നോഡല്‍ ഓഫീസറും സബ് കളക്ടറുമായ അശ്വതി ശ്രീനിവാസ്, ആറ്റുകാല്‍ ക്ഷേത്ര സമിതി സെക്രട്ടറി കെ.ശിശുപാലന്‍ നായര്‍, പ്രസിഡന്റ് അനില്‍കുമാര്‍, ചെയര്‍പേഴ്‌സണ്‍ ഗീതാകുമാരി, ഉത്സവകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജയലക്ഷ്മി.ജി എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

  • ആറ്റുകാൽ പൊങ്കാല; മേയർ ആര്യ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു

    ആറ്റുകാൽ പൊങ്കാല; മേയർ ആര്യ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു

    തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ക്രമീകരണങ്ങൾ ചർച്ചചെയ്യുന്നതിന് മേയർ ആര്യ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ഉത്സവത്തിന്റെ ഭാഗമായി നഗരസഭ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ, ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ചാണ് ചർച്ച നടന്നത്. എല്ലാവർഷത്തെയുംപോലെ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് ഉത്സവം നടത്തും.ഉത്സവ ഒരുക്കങ്ങളുടെ ഭാഗമായി റോഡുകളുടെ അറ്റകുറ്റപ്പണികൾ തീർക്കുക,ഓടകൾ വൃത്തിയാക്കുക,സ്ട്രീറ്റ് ലൈറ്റുകൾ ക്രമീകരിക്കുക തുടങ്ങി പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മേയർ നിർദ്ദേശം നൽകി. നഗരത്തിലെത്തുന്ന ഭക്തജനങ്ങൾക്കു വേണ്ട വെള്ളം ഉൾപ്പെടെയുള്ള സൗകര്യം എത്തിക്കുന്നതിനും പൊങ്കാലയ്‌ക്ക് ശേഷം നഗരത്തിന്റെ ശുചീകരണത്തിന് വേണ്ട നടപടികൾ കൈക്കൊളളുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കഴിഞ്ഞവർഷത്തെപ്പോലെ ഇത്തവണയും ശുചീകരണം സീറോ ബഡ്‌ജറ്റ് സംവിധാനത്തിലാണ് നടപ്പിലാക്കുന്നത്. ജനപ്രതിനിധികൾ,ക്ഷേത്രഭാരവാഹികൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.