Tag: Doctor

  • അടിയും തടയും പഠിച്ചു; സ്വയ രക്ഷയ്ക്ക് തയ്യാറായി വനിതാ ഡോക്ടർമാർ

    അടിയും തടയും പഠിച്ചു; സ്വയ രക്ഷയ്ക്ക് തയ്യാറായി വനിതാ ഡോക്ടർമാർ

    തിരുവനന്തപുരം; ജോലിയ്ക്കിടയിലും ജീവനാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് അടിയും തടയും പഠിച്ചു വനിതാ ഡോക്ടർമാർ. ആരെയും ആക്രമിക്കാൻ വേണ്ടിയല്ല. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അടിപിടികളിലും, ആക്രമണങ്ങളിലും സ്വയം രക്ഷയ്ക്ക് വേണ്ടിയുളള പ്രതിരോധ അടവുകൾ മനസിലാക്കുമ്പോൾ ഓരോ ഡോക്ടർമാരുടേയും മനസിൽ ആത്മ വിശ്വാസമാണ് വർദ്ധിച്ചിരുന്നത്.

    നിരവധി പേരുടെ ജീവൻ രക്ഷിക്കുന്ന കൈകൾ കൊണ്ട് തങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ട പ്രതിരോധിക്കേണ്ട അവസ്ഥയെപ്പറ്റി പശ്ചാത്തപിച്ച് കൊണ്ടാണ് ഓരോരുത്തരും സ്വയ രക്ഷ പരിശീലനത്തിൽ പങ്കെടുത്തത്.

    സംസ്ഥാനത്ത് ആശുപത്രി ആക്രമണം വർദ്ധിച്ച് വരുകയും, പുരുഷ ഡോക്ടർമാർക്കെന്ന പോലെ വനിതാ ഡോക്ടർമാർക്ക് നേരെയുമുള്ള ആക്രമണം വർദ്ധിച്ച് വരുകയും അതിന് സുരക്ഷ നൽകാൻ പോലീസ് ഉൾപ്പെടെ ഭരണ സംവിധാനം അതിന് എതിരെ നിഷ്ക്രിയത്വം പാലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കായി സ്വയ സുരക്ഷയ്ക്കുള്ള രീതികളെ പറ്റിയുള്ള പരിശീലന പരിപാടി ആരംഭിച്ചത്.

    വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സ്വസ്തി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് കെജിഎംസിടിഎ പരിശീലന പരിപാടി ആരംഭിച്ചത്.  കേരള പോലീസിന്റെയും, കേരള സ്പോർട്സ് കൗൺസിലിന്റെയും അംഗീകൃത സ്വയം പ്രതിരോധ കോച്ചായ വിനോദിന്റെ നേതൃത്വത്തിൽ വനിതകൾ ഉൾപ്പെടെ 60 ഓളം ഡോക്ടർമാർക്ക് ആദ്യ ദിനത്തിൽ പരിശീലനം നൽകി.

    മെഡിക്കൽ കോളേജിലെ എംഡിആർഎൽ ഹാളിൽ ആരംഭിച്ച പരിശീലന പരിപാടി കെജിഎംസിറ്റിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. റോസ്നാരാ ബീഗം ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ. കലാ കേശവൻ മുഖ്യാതിഥിയായിരുന്നു. കെജിഎംസിറ്റിഎ തിരുവനന്തപുരം പ്രസിഡൻറ് ഡോ. ആർ സി ശ്രീകുമാർ സെക്രട്ടറി ഡോ. കലേഷ് സദാശിവനും തുടങ്ങിയവർ പങ്കെടുത്തു.രണ്ടാംഘട്ടമായി പരിശീലന പദ്ധതി കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജിലേക്കും നടപ്പാക്കും.

     

  • ഗ്രാമീണ മേഖലയില്‍ പിജി ഡോക്ടര്‍മാരുടെ സേവനം തുടങ്ങി

    ഗ്രാമീണ മേഖലയില്‍ പിജി ഡോക്ടര്‍മാരുടെ സേവനം തുടങ്ങി

    തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും 1382 പിജി ഡോക്ടര്‍മാരാണ് മറ്റാശുപത്രിയിലേക്ക് പോകുന്നത്.

    അതനുസരിച്ച് പെരിഫറല്‍ ആശുപത്രികളില്‍ നിന്നും റഫറല്‍ ചെയ്യുന്ന രോഗികളുടെ എണ്ണം ആനുപാതികമായി കുറയണം. ചുറ്റുമുള്ള അനുഭവങ്ങളിലൂടെയും ആശുപത്രി അന്തരീക്ഷത്തിലൂടെയുമെല്ലാം പ്രൊഫഷണല്‍ രംഗത്ത് കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്താന്‍ പിജി വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും.

    സാധാരണക്കാരായ രോഗികള്‍ക്ക് സഹായകരമായ രീതിയില്‍ എല്ലാവരും സേവനം നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുന്ന ജില്ലാ റസിഡന്‍സി പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം ജനറല്‍ ആശുപത്രി അപെക്‌സ് ട്രെയിനിംഗ് സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

    രണ്ട് പതിറ്റാണ്ടുകളായി ആലോചിച്ചിരുന്ന കാര്യമാണ് ഈ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്. മെഡിക്കല്‍ കോളേജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലേക്കാണ് നിയമിച്ചത്. 3 മാസം വീതമുള്ള 4 ഗ്രൂപ്പുകളായിട്ടാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. 100 കിടക്കകള്‍ക്ക് മുകളില്‍ വരുന്ന താലൂക്കുതല ആശുപത്രികള്‍ മുതലുള്ള78 ആശുപത്രികളിലാണ് ഇവരെ നിയമിക്കുന്നത്.

    പിജി വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ ആരോഗ്യ മേഖലയെപ്പറ്റി അടുത്തറിയാനും അതിലൂടെ ലഭ്യമാകുന്ന ചികിത്സയിലും രോഗീപരിചരണത്തിലുമുള്ള അനുഭവങ്ങള്‍ ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും സഹായകരമാകും. താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളുടെ ഭരണസംവിധാനങ്ങള്‍, ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടി, സംസ്ഥാന, ദേശീയ ആരോഗ്യ പദ്ധതികള്‍ എന്നിവ അടുത്തറിയാനാകുന്നു. എല്ലാവരും ഈ സിസ്റ്റത്തിന്റെ ഭാഗമായി ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കണം.

    ജില്ലാ റെസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി 75 പിജി ഡോക്ടര്‍മാരെയാണ് തിരുവനന്തപുരം ജില്ലയില്‍ നിയമിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 57, ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് 9, സിഎസ്‌ഐ മെഡിക്കല്‍ കോളേജ് കാരക്കോണം 6, ആര്‍സിസി 3 എന്നിവിടങ്ങളില്‍ നിന്നാണ് നിയമിക്കുന്നത്.

    ജനറല്‍ ആശുപത്രി തിരുവനന്തപുരം 33, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 6, നെയ്യാറ്റിന്‍കര ജനറല്‍ ഹോസ്പിറ്റല്‍ 12, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി 4, പേരൂര്‍ക്കട ജില്ലാ മാനസികാരോഗ്യ കേന്ദ്രം 3, നെടുമങ്ങാട് ജില്ലാ ആശുപത്രി 8, പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രി 1, പാറശാല താലൂക്ക് ഹെഡ് കോര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ 4, ചിറയന്‍കീഴ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ 4 എന്ന ക്രമത്തിലാണ് പിജി ഡോക്ടര്‍മാരുടെ സേവനം തിരുവനന്തപുരം ജില്ലയില്‍ ലഭ്യമാക്കുന്നത്.

     

    മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റഷീദ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി. കലാ കേശവന്‍, ആര്‍.സി.സി. ജോയിന്റ് ഡയറക്ടര്‍ ഡോ. സജീദ്, തിരുവനന്തപുരം ഡി.എം.ഒ. ഡോ. ബിന്ദു മോഹന്‍, അഡീ. ഡി.എം.ഒ. ഡോ. സി.ആര്‍. ജയശങ്കര്‍, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എസ്. ഷീല, ഗോകുലം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലളിത കൈലാസ്, കാരക്കോണം സി.എസ്.ഐ. മെഡിക്കല്‍ കോളേജ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബെന്നറ്റ് എബ്രഹാം, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, കേരള മെഡിക്കല്‍ പി.ജി. അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. ഇ.എ. റുവൈസ് എന്നിവര്‍ പങ്കെടുത്തു.

  • സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യം ഇ-സഞ്ജീവനിയിലൂടെ

    സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യം ഇ-സഞ്ജീവനിയിലൂടെ

    തിരുവനന്തപുരം: രോഗികള്‍ക്ക് ആശുപത്രിയില്‍ നേരിട്ട് പോയി ഡോക്ടറെ കണ്ട് ചികിത്സ തേടുന്നതിനു പകരം ഓണ്‍ലൈനായി വീഡിയോ കോളിലൂടെ ചികിത്സ തേടുന്ന ഇ-സഞ്ജീവനിയില്‍ നിലവിലെ സേവനങ്ങള്‍ക്ക് പുറമെ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍.

    ഇതുവഴി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടറുടെ സേവനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിട്ട് പോയി തേടുന്നതിന് പകരം തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിലെത്തി അവിടുത്തെ ഡോക്ടറുടെ സഹായത്തോടെ ഡോക്ടര്‍ ടു ഡോക്ടര്‍ സേവനത്തിലൂടെ രോഗിക്ക് ചികിത്സ ഉറപ്പാക്കാവുന്നതാണ്.

    സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണി മുതല്‍ 12 മണിവരെ ന്യൂറോളജി, നെഫ്രോളജി, ഗ്യാസ്‌ട്രോ എന്റിറോളജി, എന്‍ഡോക്രൈനോളജി എന്നീ ഒ.പിയും, പീഡിയാട്രിക് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയുമായി ബന്ധപ്പെട്ട് മാസത്തില്‍ ആദ്യ ബുധനാഴ്ച പീഡിയാട്രിക് കാര്‍ഡിയോളജിയും രണ്ടാം ബുധനാഴ്ച പീഡിയാട്രിക് എന്‍ഡോ ക്രൈനോളജിയും മൂന്നാം ബുധനാഴ്ച പീഡിയാട്രിക് ഗ്യാസ്‌ട്രോളജിയും അവസാന ബുധനാഴ്ച പീഡിയാട്രിക് ന്യൂറോളജിയും ആദ്യ വ്യാഴാഴ്ച പീഡിയാട്രിക് നെഫ്രോളജി ഒ പി യും ഉണ്ടായിരിക്കും.

    ഇതോടൊപ്പം ജില്ലാ ആശുപത്രികളിലേയും, ജനറല്‍ ആശുപത്രികളിലെയും സ്‌പെഷ്യലിറ്റി കെയര്‍ സേവനങ്ങളും ലഭിക്കും. താഴെത്തട്ടിലുള്ള ആശുപത്രിയിലെ ഡോക്ടറുടെ സഹായത്തോടെ ജില്ലാ, ജനറല്‍ ആശുപത്രികളിലെയും, മെഡിക്കല്‍ കോളേജിലെയും സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ രോഗികള്‍ക്ക് ഇത് വഴി ലഭിക്കും.

    ഇ-സഞ്ജീവനിയിലൂടെ കോവിഡ് ഒ. പി 24 മണിക്കൂറും, പോസ്റ്റ് കോവിഡ്, ജനറല്‍ ഒ. പി സേവനങ്ങള്‍ എല്ലാ ദിവസവും രാവിലെ എട്ടുമണി മുതല്‍ രാത്രി 8 മണി വരെയും ലഭ്യമാണ്. എല്ലാ സ്‌പെഷ്യാലിറ്റി ഒ. പി സേവനങ്ങളും ദിവസവും രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയും ലഭ്യമാണ്. ഇ-സഞ്ജീവനി സേവനം esanjeevaniopd.in എന്ന പോര്‍ട്ടല്‍ മുഖാന്തിരമോ esanjeevaniOPD ആപ്പിലൂടെയോ തേടാവുന്നതാണ്. വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ മൊബൈലിലേക്ക് ഒടിപി ലഭിക്കും. ഈ ഒടിപി നല്‍കിക്കഴിയുമ്പോള്‍ ലഭിക്കുന്ന പേഷ്യന്റ് ഐഡിയും, ടോക്കണ്‍ നമ്പറും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്.

    മുന്‍ ചികിത്സാ രേഖകള്‍ അപ്ലോഡ് ചെയ്തു നല്‍കാനും പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ നല്‍കുന്ന മരുന്ന് കുറിപ്പടികളും ലാബ് പരിശോധനയ്ക്കായുള്ള കുറിപ്പടിയും ഡൗണ്‍ ലോഡ് ചെയ്തു ഉപയോഗിക്കാനും സാധിക്കും. സൗജന്യമായി ലഭിക്കുന്ന ഈ സേവനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കും ദിശ നമ്പറായ 104/1056/04712552056 എന്നിവയില്‍ ബന്ധപ്പെടാവുന്നതാണ്.