Tag: Food safety

  • ഉത്സവകാല ഭക്ഷണ ശീലങ്ങളില്‍ ജാഗ്രത വേണം: ജില്ലാ മെഡിക്കല്‍ ഓഫീസർ

    ഉത്സവകാല ഭക്ഷണ ശീലങ്ങളില്‍ ജാഗ്രത വേണം: ജില്ലാ മെഡിക്കല്‍ ഓഫീസർ

    തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലും ഉത്സവകാലം ആരംഭിച്ചതിനാല്‍ ഭക്ഷണ ശീലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തട്ടുകടകളിൽ നിന്നുൾപ്പെടെ ഭക്ഷണം കഴിക്കുമ്പോള്‍ അവ വൃത്തിയുള്ള സാഹചര്യത്തിലാണ് തയ്യാറാക്കുന്നത് എന്നും ഭക്ഷണം അടച്ച് സൂക്ഷിച്ചിട്ടുണ്ട് എന്നും ഉറപ്പുവരുത്തുക. വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം,ഷിഗല്ല, കോളറ തുടങ്ങിയ രോഗങ്ങള്‍ മലിനജനത്തിലൂടെയും വൃത്തിഹീനമായി തയ്യാറാക്കിയ ആഹാരത്തിലൂടെയുമാണ് പകരുന്നത്. പാചകത്തിന് ശുദ്ധമായ ജലം ഉപയോഗിക്കുന്നതിനും കുടിക്കാന്‍ നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കുന്നതിനും ആഹാരസാധനങ്ങള്‍ മൂടിവയ്ക്കുന്നതിനും ഹോട്ടല്‍ ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കണം. തിളപ്പിച്ച വെള്ളത്തില്‍ തിളപ്പിക്കാത്ത വെള്ളം ചേര്‍ത്ത് നല്‍കരുത്. ജ്യൂസ് കടകള്‍ ശുദ്ധമായ ജലവും ഐസ്‌ക്യൂബും മാത്രമേ ജ്യൂസ് തയ്യാറാക്കാന്‍ ഉപയോഗിക്കാവൂ. പഴകിയ ഭക്ഷണം ഉപയോഗിക്കാതിരിക്കാനും ആഹാരത്തിന് മുന്‍പും ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുകയും വേണം. അന്നദാനം, സമൂഹസദ്യ എന്നിവ തയ്യാറാക്കുമ്പോള്‍ ശുദ്ധമായ ജലമാണ് പാചകത്തിന് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകം ചെയ്യുന്നവര്‍ വ്യക്തി ശുചിത്വം പൂര്‍ണമായും പാലിക്കേണ്ടതുമാണ്. ഭക്ഷണത്തിനുശേഷം ഛര്‍ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടാല്‍ സ്വയം ചികിത്സ ചെയ്യാതെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ എത്തി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ചികിത്സ തേടേണ്ടതാണന്നും അറിയിപ്പിൽ പറയുന്നു.

  • ഫെബ്രുവരി 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; ഭക്ഷ്യ സുരക്ഷാ പരിശോധനകളും പ്രവര്‍ത്തനങ്ങളും ശക്തമാക്കും

    ഫെബ്രുവരി 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; ഭക്ഷ്യ സുരക്ഷാ പരിശോധനകളും പ്രവര്‍ത്തനങ്ങളും ശക്തമാക്കും

    തിരുവനന്തപുരം: ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകളും പ്രവര്‍ത്തനങ്ങളും ശക്തമാക്കും. പോരായ്മകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.

    വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരേയും കൈവശം വയ്ക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുന്നതാണ്. ലഭിക്കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണ്ടതാണ്. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കുമ്പോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ എല്ലാവരും 2 ആഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം നേടണമെന്നും തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിംഗിനായി രജിസ്റ്റര്‍ ചെയ്യുമെന്നുമുള്ള സത്യപ്രസ്താവന ഹാജരാക്കേണ്ടി വരും.

    സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം. ചില ഭക്ഷണങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ഉപയോഗിച്ചില്ലെങ്കില്‍ അതിലൂടെ ഭക്ഷ്യ വിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഷവര്‍മ മാര്‍ഗനിര്‍ദേശം നിലവിലുണ്ട്. പച്ചമുട്ടകൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചിട്ടുമുണ്ട്. ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ പാഴ്‌സലില്‍ പറഞ്ഞിരിക്കുന്ന സമയം കഴിഞ്ഞാല്‍ ആ ഭക്ഷണം കഴിക്കാന്‍ പാടില്ല.

  • ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ ഫെബ്രുവരി ഒന്നുമുതല്‍ ശക്തമായ പരിശോധന

    ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ ഫെബ്രുവരി ഒന്നുമുതല്‍ ശക്തമായ പരിശോധന

    തിരുവനന്തപുരം: ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പരിശോധനകളുടെ ഭാഗമാകും. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഹോട്ടലുകള്‍ റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ സ്ഥാപനങ്ങളിലെ പൊതു ശുചിത്വം ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. ഇതുസംബന്ധിച്ച മാര്‍ഗരേഖ ആരോഗ്യ വകുപ്പ് പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.

    സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴില്‍ 883 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും 176 ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരും 1813 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ഒന്നും 1813 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ടുമുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ 160 ഓളം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. ഇവരുടെ സഹായം കൂടിയാകുമ്പോള്‍ ഭക്ഷ്യ സ്ഥാപനങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനാകും. കോവിഡ് കാലത്തും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും സ്തുത്യര്‍ഹമായ സേവനങ്ങളാണ് ചെയ്തത്.

    ഓരോ തദ്ദേശ സ്ഥാപനപരിധിയിലും ആരോഗ്യ വകുപ്പിന് കീഴില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോ ചാര്‍ജുള്ള സീനിയറായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോ ഉണ്ട്. ആ പ്രദേശത്തെ പൊതുജനാരോഗ്യം ഉറപ്പ് വരുത്തുന്നതില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പ്രധാന പങ്കുണ്ട്. പൊതുജനാരോഗ്യ നിയമ പ്രകാരം പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങളുണ്ടെങ്കില്‍ അതിലിടപെടാനും ആരോഗ്യ വകുപ്പിനെ അറിയിച്ച് നടപടി സ്വീകരിക്കാനും കഴിയും. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമാണെങ്കില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ച് മേല്‍ നടപടി സ്വീകരിക്കാനും സാധിക്കും.ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താന്‍ എല്ലാവരുടെ പിന്തുണയും ആവശ്യമാണ്. തങ്ങളുടെ സ്ഥാപനങ്ങളില്‍ സുരക്ഷിത ഭക്ഷണം വിളമ്പുന്നുവെന്ന് ഓരോ സ്ഥാപനവും ഉറപ്പ് വരുത്തണം. അതിലൂടെ ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്കും അഭിവൃദ്ധിക്കും ഏറെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

  • പുന്നമൂട് മാർക്കറ്റിൽനിന്നു പഴകിയ മത്സ്യം പിടികൂടി

    പുന്നമൂട് മാർക്കറ്റിൽനിന്നു പഴകിയ മത്സ്യം പിടികൂടി

    വർക്കല : പുന്നമൂട്  മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ മീൻ പിടികൂടി. വിൽപ്പനയ്ക്ക് എത്തിച്ച മത്സ്യങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചാണ് പഴകിയതാണെന്ന് കണ്ടെത്തിയത്. ഇവ മാർക്കറ്റിൽ വച്ചുതന്നെ നശിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. മണൽവിതറി മത്സ്യവില്പന നടത്തുന്നതായും കണ്ടെത്തി.മണൽവിതറി മത്സ്യം പ്രദർശിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകി. വർക്കല ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആറ്റിങ്ങൽ സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ജിഷ, ചിറയിൻകീഴ് സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ധന്യ ശ്രീവത്സൻ എന്നിവരും പങ്കെടുത്തു.

  • കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ എല്ലാവരും സഹകരിക്കണം: മന്ത്രി വീണാ ജോര്‍ജ്

    കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ എല്ലാവരും സഹകരിക്കണം: മന്ത്രി വീണാ ജോര്‍ജ്

     

    തിരുവനന്തപുരം: കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് വകുപ്പുകളോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളുടേയും സഹകരണം ആവശ്യമാണ്. സേഫ് ഫുഡ് ഡെസ്റ്റിനേഷന്‍ എന്ന രീതിയില്‍ കേരളത്തെ മാറ്റാനായി വലിയൊരു പ്രവര്‍ത്തന പരിപാടിയ്ക്കും പരിശോധനകള്‍ക്കുമാണ് തുടക്കം കുറിയ്ക്കുന്നത്. എഫ്.എസ്.എസ്. ആക്ട് പ്രകാരം എല്ലാ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കും രജിസ്‌ട്രേഷനോ ലൈസന്‍സോ ഉണ്ടായിരിക്കുക, ജീവനക്കാര്‍ക്ക് ഹൈല്‍ത്ത് കാര്‍ഡ്, പരിശീലനം ഉറപ്പാക്കുക, ഹൈജീന്‍ റേറ്റിംഗ്, മൈബൈല്‍ ആപ്പ്, ശക്തമായ അവബോധം എന്നിവയിലൂടെ സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

     

    എഫ്.എസ്.എസ്. ആക്ട് പ്രകാരം മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ബാധ്യസ്ഥമാണ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുക എന്നത് ക്രിമിനല്‍ കുറ്റമാണ്. നിയമപരമായി സ്വീകരിക്കാന്‍ കഴിയുന്ന പരമാവധി നടപടികള്‍ സ്വീകരിക്കും. ഒരിക്കല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടാല്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കണ്ട് മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂ. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിയമ തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ഒരു പ്രത്യേക ഓഫീസറെ നിയോഗിക്കുന്നതാണ്.

     

    ഫെബ്രുവരി മാസം മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ ശക്തമായ പരിശോധനകളുണ്ടാകും. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ എത്രയും വേഗം ലൈസന്‍സ് എടുക്കണം. ഫെബ്രുവരി ഒന്നു മുതല്‍ ഹൈല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇവയില്ലെങ്കില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമപരമായ നടപടി സ്വീകരിക്കുന്നതാണ്. ഓരോ സ്ഥാപനവും ശുചിത്വ മേല്‍നോട്ടത്തിനായി സ്ഥാപനത്തിലെ ഒരാളെ ചുമതലപ്പെടുത്തേണ്ടതാണ്. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കുമ്പോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ പരീശീലനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്ഥാപനം തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിംഗിനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

     

    സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹൈജീന്‍ റേറ്റിഗും സ്ട്രീറ്റ് ഫുഡ് ഹബും നടപ്പിലാക്കി വരുന്നു. 785 സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ റേറ്റിംഗ് നേടിയിട്ടുണ്ട്. ഹൈജീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കുന്നതാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ആപ്പ് അന്തിമഘട്ടത്തിലാണ്. സാങ്കേതിക അനുമതി ലഭിച്ചാലുടന്‍ ജനങ്ങളിലെത്തും. ഇതിലൂടെ തൊട്ടടുത്തുള്ള ഹൈജീന്‍ റേറ്റിംഗുള്ള ഹോട്ടലുകളറിയാനും പരാതിപ്പെടാനും സാധിക്കും.

     

    സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജന്‍സ്) പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ അന്വേഷിച്ച് ആവശ്യമായ തുടര്‍നടപടികള്‍ എടുക്കുന്നതിനും കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും മാര്‍ക്കറ്റില്‍ മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ എത്തുന്നതിന് മുമ്പായി തന്നെ തടയുന്നതിനായി രഹസ്യ സ്വഭാവത്തോടുകൂടി അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്.

  • ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു; ഇന്ന് അടപ്പിച്ചത് 26 സ്ഥാപനങ്ങൾ

    ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു; ഇന്ന് അടപ്പിച്ചത് 26 സ്ഥാപനങ്ങൾ

     

    തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

  • സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധയേറ്റ് മരണം

    സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധയേറ്റ് മരണം

    സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർകോട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് (19) മരിച്ചത്. കാസർകോട്ടെ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആദ്യം കാസർകോടും പിന്നീട് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. പുതുവർഷ ദിവസമാണ് ഇവർ ഓൺലൈനായി കുഴിമന്തി വാങ്ങിയത്.

  • ഭക്ഷ്യസുരക്ഷാ പരിശോധന; തിരുവനന്തപുരത്ത് ഒൻപത് ഹോട്ടലുകൾ പൂട്ടി

    ഭക്ഷ്യസുരക്ഷാ പരിശോധന; തിരുവനന്തപുരത്ത് ഒൻപത് ഹോട്ടലുകൾ പൂട്ടി

    തിരുവനന്തപുരം : ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ ജില്ലയിലെ ഒൻപത് ഹോട്ടലുകൾ പൂട്ടി. 58 കടകളിലാണ് പരിശോധന നടത്തിയത്. ലൈസൻസ് ഇല്ലാത്തതും വൃത്തിഹീനവുമായ ഹോട്ടലുകളാണ് പൂട്ടിയത്. അപാകതകൾ കണ്ടെത്തിയ നിരവധി കടകൾക്ക് നോട്ടീസ് നൽകി.കിഴക്കേക്കോട്ട കരിമ്പനാൽ ആർക്കേഡിലെ പഞ്ചാബി ദാബാ, വഴുതയ്ക്കാട് അഡാർ തട്ടുകട, കുണ്ടമൺകടവിലെ പേരില്ലാത്ത തട്ടുകട, നാവായിക്കുളം ചായപ്പീടിക എന്നീ കടകളാണ് പൂട്ടിച്ചത്. വാനുകളിൽ പ്രവർത്തിക്കുന്ന കോട്ടൺഹിൽ സ്‌കൂളിന് സമീപത്തെ പൊടിയൻസ് ലെബനീസ് കഫേ, കുറവൻകോണം ഇസ്താംബൂൾ റോൾസ് ആൻഡ് ഗ്രിൽഡ്, മൊറോക്കൻ റോൾസ്, ടർക്കിഷ് ഡിലൈറ്റ് ഹിൽസ്, ടർക്കിഷ് ഓട്ടോമാൻ എന്നിവയും പൂട്ടി.

  • ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്

    ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്

     

    തിരുവനന്തപുരം: സംസ്ഥാന തലത്തില്‍ അപ്രതീക്ഷിത പരിശോധനകള്‍ക്കായി പ്രത്യേക സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ഏത് ഭാഗത്തും ഈ ടാസ്‌ക് ഫോഴ്‌സിന് പരിശോധന നടത്താനാകും. അതത് പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഈ ടീമിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

     

    ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ മുതല്‍ കമ്മീഷണര്‍ വരുയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. കോവിഡിന് ശേഷം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികള്‍ ശക്തമാക്കിയതായി യോഗം വിലയിരുത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 2019ല്‍ 18,845 പരിശോധനകളും 2020ല്‍ 23,892 പരിശോധനകളും 2021ല്‍ 21,225 പരിശോധനകളുമാണ് ജൂലൈ മുതല്‍ ഡിസംബര്‍ വരേയുള്ള കാലയളവില്‍ നടത്തിയത്. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനകം അര ലക്ഷത്തോളം പരിശോധനകളാണ് നടത്തിയത്. 2019ല്‍ 45 കടകളും 2020ല്‍ 39 കടകളും 2021ല്‍ 61 കടകളും അടപ്പിച്ചപ്പോള്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 149 സ്ഥാപനങ്ങള്‍ അടപ്പിച്ചു.

     

    സംസ്ഥാനത്ത് ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അത് കമ്മീഷണര്‍ കണ്ട് മാത്രമേ പുന:സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ പാടുള്ളൂ. കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തണം. രാത്രികാലങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍, തട്ടുകടകള്‍ എന്നിവ കേന്ദ്രീകരിച്ച് കൃത്യമായി പരിശോധനകള്‍ നടത്തണം. ഒന്നിച്ച് കൂടുതല്‍ ശക്തമായി മുന്നോട്ട് പോകണം. പരിശോധനകളും പ്രോസിക്യൂഷന്‍ നടപടികളും ഭയരഹിതമായി നടത്തണം. പരിശോധനകള്‍ കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കണം. ശരിയായ രീതിയില്‍ ജോലി ചെയ്യുന്ന എല്ലാ ജിവനക്കാര്‍ക്കും സര്‍ക്കാരിന്റെ പരിരക്ഷയുണ്ടാകും. പരാതി ലഭിക്കുമ്പോള്‍ കൃത്യമായ നടപടി സ്വീകരിക്കണം. നിയമം ദുരുപയോഗം ചെയ്യരുത്. മുന്‍കൂട്ടിയറിയാക്കാതെ പരിശോധനകള്‍ ഉറപ്പാക്കണം. പോലീസ് സംരക്ഷണം ആവശ്യമെങ്കില്‍ തേടുക.

     

    എന്‍ഫോഴ്‌സ്‌മെന്റ് അവലോകനങ്ങള്‍ രണ്ടാഴ്ചയിലൊരിക്കല്‍ നടത്തണം. സംസ്ഥാന തലത്തില്‍ മാസത്തിലൊരിക്കല്‍ വിലയിരുത്തല്‍ നടത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. ഓണ്‍ലൈന്‍ സംവിധാനം ശക്തമാക്കും. ഇനിമേല്‍ പരിശോധന നടത്തുന്ന സ്ഥാപനങ്ങള്‍ കൃത്യമായി ഓണ്‍ ലൈന്‍ മുഖേന ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. ഇത് സംസ്ഥാന തലത്തില്‍ വിലയിരുത്തണം. ഹോട്ടലുകളുടെ ഹൈജീന്‍ റേറ്റിംഗ് സംവിധാനവും, പൊതുജനങ്ങള്‍ക്ക് വിവിരങ്ങള്‍ അറിയിക്കാനുള്ള പോര്‍ട്ടലും ഉടന്‍ തന്നെ സജ്ജമാക്കുന്നതാണ്.