Tag: Hospital

  • വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

    വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

    ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിച്ചു. സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് ഒ.പി ബ്ലോക്ക് നവീകരിച്ചത്.

    ദന്തൽ എക്സ്റേ യൂണിറ്റ്, ഫിസിയോതെറാപ്പി യൂണിറ്റ് എന്നിവ ഉൾപ്പെടെ നവീകരിച്ച ഒ. പി ബ്ലോക്കിൽ സജ്ജമായിട്ടുണ്ട്. ആശുപത്രിയിൽ പുതുതായി ട്രോമ കെയർ സംവിധാനം ആരംഭിക്കുമെന്നും ഇതിനായി ഒരു കോടിയിലധികം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

    മൂന്ന് മാസത്തിനകം ട്രോമ കെയർ പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. ആശുപത്രിയിൽ മോർച്ചറി പണിയുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.പ്രതിദിനം 500 ഓളം രോഗികളാണ് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നത്.

    ഒരു കോടി പത്തുലക്ഷം രൂപയ്ക്കാണ് ആശുപത്രി നവീകരിച്ചത്. ഒ. പി ബ്ലോക്കിനോടനുബന്ധിച്ച് ആരോഗ്യ ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങൾ പരിഗണിക്കുന്നതിന് വേണ്ടി ഒരു മുറിയും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ ഡോക്ടർമാരുടെ മുറികളെല്ലാം പൂർണമായും ശീതീകരിക്കുകയും ചെയ്തു.

    ചടങ്ങിൽ ഒ. എസ് അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ്. കുമാരി, ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

  • ആശുപത്രിയില്‍ പരിപാടികള്‍ക്ക് വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ വേണ്ട; മാര്‍ഗ നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

    ആശുപത്രിയില്‍ പരിപാടികള്‍ക്ക് വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ വേണ്ട; മാര്‍ഗ നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

    തിരുവനന്തപുരം: ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി കോമ്പൗണ്ടിനടുത്ത് പരിപടികള്‍ നടത്തുമ്പോള്‍ വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല.

    രോഗീ സൗഹൃദമായിരിക്കണം. രോഗികള്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് ഒരു തരത്തിലും അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ പാടില്ല. രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പ്രയാസം നേരിടാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

    ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായും അല്ലാതെയുമുള്ള പരിപാടികള്‍ ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ സംഘടിപ്പിക്കുമ്പോള്‍ സര്‍ക്കുലറിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.

    1. ആശുപത്രികളിലെ പൊതുഅന്തരീക്ഷം രോഗി സൗഹൃമായി നിലനിര്‍ത്തുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതില്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

    2. വിവിധ രോഗങ്ങളാല്‍ വലയുന്നവര്‍ക്കും, ഗര്‍ഭിണികള്‍ക്കും, നവജാത ശിശുകള്‍ക്കും പ്രയാസമുണ്ടാക്കും എന്നതുകൊണ്ട് ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ ബാന്റ് മേളം, വാദ്യഘോഷങ്ങള്‍, കരിമരുന്ന് പ്രയോഗം മുതലായവ ഒഴിവാക്കേണ്ടതാണ്.

  • പാറശ്ശാലയിൽ ആശുപത്രി ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണം; ഐഎംഎ

    പാറശ്ശാലയിൽ ആശുപത്രി ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണം; ഐഎംഎ

    തിരുവനന്തപുരം; കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പാറശ്ശാലയിലെ റോയൽ മെഡിസിറ്റി എന്ന ആശുപത്രി അടിച്ച് തകർക്കുകയും, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറേയും, വനിതാ നേഴ്സിനെ ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്ത് മാതൃകാ പരമായി ശിക്ഷിക്കണമെന്ന് ഐഎംഎ തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജി. എസ് വിജയകൃഷ്ണനും, സെക്രട്ടറി ഡോ. എ അൽത്താഫും ആവശ്യപ്പെട്ടു.

    യാതൊരു പ്രകോപനവും ഇല്ലാതെയാണ് ​രോ​ഗിയുടെ ബന്ധുക്കൾ ആശുപത്രയിൽ ആക്രമണം നടത്തി പ്രധാന ഡോക്ടർ ഇല്ലാത്തതിനെ തുടർന്ന് അവിടെ ഉണ്ടായിരുന്ന ഡോക്ടറേയും, ഡ്യൂട്ടി നേഴ്സിനെ ആക്രമിച്ചത്. സംഭവം അപലപനീയവും, നീതികരിക്കാനാകാത്തതുമാണ്. സംസ്ഥാനത്ത് ആശുപത്രി ആക്രമണം തുടർക്കഥയാകുമ്പോൾ കുറ്റവാളികൾക്കെതിരെ നിസാര വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടയക്കുന്നത് കൊണ്ടാണ് ഇത്തരം ആക്രമങ്ങൾ വർദ്ധിച്ച് വരുന്നത്. അതിനാൽ ഈക്കാര്യത്തിൽ സർക്കാർ ജാ​ഗ്രത കാട്ടണമെന്ന് ഐഎംഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.

    റോയൽ മെഡിസിറ്റിയിൽ എത്തിയ ​ഗർഭിണിയായ യുവതി പ്രമേയ രോ​ഗി ആയതിനാൽ എസ്.എ ടി ആശുപത്രിനിർദ്ദേശ പ്രകാരമുള്ള ഇൻസുലിൻ എടുക്കാനാണ് വന്നിരുന്നത്. രാവിലേയും , ഉച്ചയ്ക്കും എടുത്ത പോയ അവർ രാത്രി 10 മണിക്ക് എത്തിയപ്പോൾ മതിയായ ചികിത്സ യഥാസമയം നൽകിയിട്ടും , യാതൊരു പ്രകോപവുമില്ലാതെയാണ് രോ​ഗികയുടെ ബന്ധുക്കളും , കൂടെ വന്നവരും ആശുപത്രി ആക്രമിച്ചത്. ആറോളം പേർ അടങ്ങിയ സംഘമാണ് ഒപി റൂം അടിച്ച് തകർക്കുകയും, ഡ്യൂട്ടി ഡോക്ടറേയും, നേഴ്സിനേയും മർദ്ദിച്ചത്.

  • സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യം ഇ-സഞ്ജീവനിയിലൂടെ

    സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യം ഇ-സഞ്ജീവനിയിലൂടെ

    തിരുവനന്തപുരം: രോഗികള്‍ക്ക് ആശുപത്രിയില്‍ നേരിട്ട് പോയി ഡോക്ടറെ കണ്ട് ചികിത്സ തേടുന്നതിനു പകരം ഓണ്‍ലൈനായി വീഡിയോ കോളിലൂടെ ചികിത്സ തേടുന്ന ഇ-സഞ്ജീവനിയില്‍ നിലവിലെ സേവനങ്ങള്‍ക്ക് പുറമെ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍.

    ഇതുവഴി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടറുടെ സേവനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിട്ട് പോയി തേടുന്നതിന് പകരം തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിലെത്തി അവിടുത്തെ ഡോക്ടറുടെ സഹായത്തോടെ ഡോക്ടര്‍ ടു ഡോക്ടര്‍ സേവനത്തിലൂടെ രോഗിക്ക് ചികിത്സ ഉറപ്പാക്കാവുന്നതാണ്.

    സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണി മുതല്‍ 12 മണിവരെ ന്യൂറോളജി, നെഫ്രോളജി, ഗ്യാസ്‌ട്രോ എന്റിറോളജി, എന്‍ഡോക്രൈനോളജി എന്നീ ഒ.പിയും, പീഡിയാട്രിക് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയുമായി ബന്ധപ്പെട്ട് മാസത്തില്‍ ആദ്യ ബുധനാഴ്ച പീഡിയാട്രിക് കാര്‍ഡിയോളജിയും രണ്ടാം ബുധനാഴ്ച പീഡിയാട്രിക് എന്‍ഡോ ക്രൈനോളജിയും മൂന്നാം ബുധനാഴ്ച പീഡിയാട്രിക് ഗ്യാസ്‌ട്രോളജിയും അവസാന ബുധനാഴ്ച പീഡിയാട്രിക് ന്യൂറോളജിയും ആദ്യ വ്യാഴാഴ്ച പീഡിയാട്രിക് നെഫ്രോളജി ഒ പി യും ഉണ്ടായിരിക്കും.

    ഇതോടൊപ്പം ജില്ലാ ആശുപത്രികളിലേയും, ജനറല്‍ ആശുപത്രികളിലെയും സ്‌പെഷ്യലിറ്റി കെയര്‍ സേവനങ്ങളും ലഭിക്കും. താഴെത്തട്ടിലുള്ള ആശുപത്രിയിലെ ഡോക്ടറുടെ സഹായത്തോടെ ജില്ലാ, ജനറല്‍ ആശുപത്രികളിലെയും, മെഡിക്കല്‍ കോളേജിലെയും സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ രോഗികള്‍ക്ക് ഇത് വഴി ലഭിക്കും.

    ഇ-സഞ്ജീവനിയിലൂടെ കോവിഡ് ഒ. പി 24 മണിക്കൂറും, പോസ്റ്റ് കോവിഡ്, ജനറല്‍ ഒ. പി സേവനങ്ങള്‍ എല്ലാ ദിവസവും രാവിലെ എട്ടുമണി മുതല്‍ രാത്രി 8 മണി വരെയും ലഭ്യമാണ്. എല്ലാ സ്‌പെഷ്യാലിറ്റി ഒ. പി സേവനങ്ങളും ദിവസവും രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയും ലഭ്യമാണ്. ഇ-സഞ്ജീവനി സേവനം esanjeevaniopd.in എന്ന പോര്‍ട്ടല്‍ മുഖാന്തിരമോ esanjeevaniOPD ആപ്പിലൂടെയോ തേടാവുന്നതാണ്. വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ മൊബൈലിലേക്ക് ഒടിപി ലഭിക്കും. ഈ ഒടിപി നല്‍കിക്കഴിയുമ്പോള്‍ ലഭിക്കുന്ന പേഷ്യന്റ് ഐഡിയും, ടോക്കണ്‍ നമ്പറും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്.

    മുന്‍ ചികിത്സാ രേഖകള്‍ അപ്ലോഡ് ചെയ്തു നല്‍കാനും പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ നല്‍കുന്ന മരുന്ന് കുറിപ്പടികളും ലാബ് പരിശോധനയ്ക്കായുള്ള കുറിപ്പടിയും ഡൗണ്‍ ലോഡ് ചെയ്തു ഉപയോഗിക്കാനും സാധിക്കും. സൗജന്യമായി ലഭിക്കുന്ന ഈ സേവനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കും ദിശ നമ്പറായ 104/1056/04712552056 എന്നിവയില്‍ ബന്ധപ്പെടാവുന്നതാണ്.

  • ഉമ്മൻ‌ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    ഉമ്മൻ‌ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    തിരുവനന്തപുരം:  മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നെയ്യാറ്റിൻകര നിംസ്  ആശുപത്രിയിലാണ് ഇന്ന് വൈകീട്ടോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചികിത്സയെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് നീക്കം. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തിൽ കൂടിയാണിത്. ഇന്നലെയാണ് അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നത് എന്നാണ് പരാതിയിൽ അലക്സ് വി ചാണ്ടി ആരോപിച്ചത്

  • കണ്ടല ഹോമിയോ ആശുപത്രിയില്‍ പുതിയ കെട്ടിടം തുറന്നു

    കണ്ടല ഹോമിയോ ആശുപത്രിയില്‍ പുതിയ കെട്ടിടം തുറന്നു

    കണ്ടല :മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ടല ഹോമിയോ ആശുപത്രിയില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഐ.ബി സതീഷ് എം.എല്‍.എ നിര്‍വഹിച്ചു. നാട്ടില്‍ ആത്മഹത്യ പ്രവണത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹോമിയോ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആഴ്ചയില്‍ ഒരു ദിവസം കൗണ്‍സിലിംഗ് സംഘടിപ്പിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.ഹോമിയോ ആശുപത്രിയോട് ചേര്‍ന്ന് നിര്‍മ്മിച്ച അമ്മ വീടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍ നിര്‍വഹിച്ചു. വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന അമ്മമാര്‍ക്ക് പകല്‍ സമയം ചെലവഴിക്കാനും അത്യാവശ്യ ചികിത്സാ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 78 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. കണ്ടല ഹോമിയോ ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡീനകുമാരി അധ്യക്ഷത വഹിച്ചു.

  • ആറ്റിങ്ങലില്‍ എൻഎസ്എസ് ക്യാമ്പിൻ പങ്കെടുത്ത 13 വിദ്യാര്‍ത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ

    ആറ്റിങ്ങലില്‍ എൻഎസ്എസ് ക്യാമ്പിൻ പങ്കെടുത്ത 13 വിദ്യാര്‍ത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ

    ആറ്റിങ്ങല്‍: ആറ്റിങ്ങൽ ഇളമ്പ സര്‍ക്കാര്‍ സ്കൂളിലെ എൻഎസ്എസ്, എസ്‍പിസി ക്യാമ്പിൽ പങ്കെടുത്ത 13 വിദ്യാര്‍ത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ. ആറ്റിങ്ങൽ ഗവണ്മെന്‍റ് ഗേൾസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛര്‍ദ്ദിയും വയറുവേദനയുമായി വിദ്യാര്‍ത്ഥിനികൾ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.