Tag: Thiruvananthapuram airport

  • തിരുവനന്തപുരം വിമാനത്താവളത്തിൽ കൂടുതൽ ‘പാന്തറു’കൾ എത്തി

    തിരുവനന്തപുരം വിമാനത്താവളത്തിൽ കൂടുതൽ ‘പാന്തറു’കൾ എത്തി

    തിരുവനന്തപുരം ; രാജ്യാന്തര വിമാനത്താവളത്തിലെ അഗ്നിരക്ഷാ സേനയ്ക്കു കരുത്തേകാൻ കൂടുതൽ ‘പാന്തറു’കൾ എത്തി.

    റോസൻബോവർ നിർമിത ആധുനിക ‘പാന്തർ സിഎഫ്ടി’ ക്രാഷ് ഫയർ ടെൻഡറുകൾ മൂന്നെണ്ണം കൂടി ഉൾപ്പെടുത്തിയതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർഫൈറ്റിങ് (എആർഎഫ്എഫ്) വിഭാഗം കൂടുതൽ ശക്തമായി. 700 എച്ച്പി എൻജിൻ കരുത്തേകുന്ന ഓരോ വാഹനത്തിനും 30 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗം കൈവരിക്കാനാകും. ഇത് അടിയന്തര സാഹചര്യങ്ങളിൽ അതിവേഗത്തിൽ രക്ഷാപ്രവർത്തനം സാധ്യമാക്കും.

    ഓരോ ടെൻഡറിലും 12500 ലീറ്റർ വെള്ളം, 1500 ലീറ്റർ ഫോം, 250 കിലോഗ്രാം ഡ്രൈ കെമിക്കൽ പൗഡർ എന്നിവ സംഭരിക്കാം. ഇത് വിമാനത്താവളത്തിലെ അഗ്നിരക്ഷാ സേനയുടെ പ്രവർത്തനക്ഷമത ഗണ്യമായി വർധിപ്പിക്കും. എഎഎച്ച്എൽ സിഇഒ (എയ്റോ) അംബർ ദുബെ, തിരുവനന്തപുരം വിമാനത്താവളം ചീഫ് എയർപോർട്ട് ഓഫിസർ രാഹുൽ ഭട്കോട്ടി എന്നിവർ ചേർന്നാണ് പുതിയ ഫയർ ടെൻഡറുകൾ കമ്മിഷൻ ചെയ്തത്.

  • യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി തിരുവനന്തപുരം വിമാനത്താവളം

    യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി തിരുവനന്തപുരം വിമാനത്താവളം

    തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.

    2026 ജനുവരിയിൽ 450,090 പേർ വിമാനത്താവളം വഴി യാത്ര ചെയ്തു. പ്രതിമാസക്കണക്കിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന എണ്ണമാണിത്. യാത്രക്കാരുടെ പ്രതിദിന ശരാശരി ഇതാദ്യമായി 15,000 കടന്നു.

    ജനുവരിയിൽ യാത്ര ചെയ്തവരിൽ 227,275 പേർ അന്താരാഷ്ട്ര യാത്രക്കാരാണ്. ഇതും ഇതുവരെയുള്ള കണക്കിൽ ഏറ്റവും ഉയർന്നതാണ്. ആഭ്യന്തരയാത്രക്കാർ 222,815 പേരാണ്.

    ജനുവരിയിൽ വിമാനത്താവളം മൊത്തം 2,751 എയർ ട്രാഫിക് മൂവ്‌മെന്റുകൾ (എടിഎമ്മുകൾ) കൈകാര്യം ചെയ്തു. വരുന്ന സമ്മർ ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾക്ക് വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

     

     

  • ക്രിസ്മസ്-പുതുവത്സര ആഘോഷം; പ്രത്യേക വേദിയൊരുക്കി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം

    ക്രിസ്മസ്-പുതുവത്സര ആഘോഷം; പ്രത്യേക വേദിയൊരുക്കി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം

    തിരുവനന്തപുരം:ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി പൊതുജനങ്ങൾക്കും പ്രത്യേക വേദിയൊരുക്കി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം.

    ചാക്കയിലെ രാജ്യാന്തര ടെർമിനലിന്റെ മുൻവശത്തുള്ള മൈതാനത്ത് സജ്ജമാക്കിയ വിന്റർഫെസ്റ്റ് അഡ്വ. ആന്റണി രാജു എംഎൽഎ ഉദ്ഘാടനം ചെയ്തു.

    20 അടി ഉയരമുള്ള ക്രിസ്മസ് ട്രീ ഉൾപ്പെടെയുള്ള അലങ്കാരങ്ങൾക്കൊപ്പം കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഗെയിമിങ് ഏരിയ, ഷോപ്പിംഗ് സ്റ്റാളുകൾ, ഫുഡ് ഫെസ്റ്റിവൽ എന്നിവയെല്ലാം വിന്റർഫെസ്റ്റിൽ ഉണ്ട്. പ്രവേശനം സൗജന്യം.

    കൗൺസിലർ ഷീബ പാട്രിക്, ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്. എൻ. രഘുചന്ദ്രൻ നായർ, ഗോപിനാഥ് മുതുകാട്, ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭട്കോടി, സിഐഎസ് എഫ് മേധാവി അഭിഷേക് ചൗധരി, എഒസി ചെയർമാൻ സഞ്ജയ്, നോൺ എയ്റോ മേധാവി പ്രമോദ് മോഹൻ എന്നിവർ പ്രസംഗിച്ചു.

  • തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ 22 ശതമാനം കൂടും

    തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ 22 ശതമാനം കൂടും

    തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവീസുകൾ 22 ശതമാനം കൂടും.

    തിങ്കളാഴ്ചമുതൽ 2026 മാർച്ച് 28വരെയുള്ള മഞ്ഞുകാല ഷെഡ്യൂൾ കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്.

    പ്രതിവാര വിമാന സർവീസുകൾ 732 ആയി ഉയരും. നിലവിലെ വേനൽക്കാല ഷെഡ്യൂളിൽ ഇത് 600 ആയിരുന്നു. നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്കുകൂടി ഉടൻ പുതിയ സർവീസുകൾ തുടങ്ങും.

    കണ്ണൂർ, കൊച്ചി, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടും.

  • തിരുവനന്തപുരം വിമാനത്താവളത്തിൽ  40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

    തിരുവനന്തപുരം വിമാനത്താവളത്തിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

    തിരുവനന്തപുരം :തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച പുലർച്ചെ ക്വലാലംപുരിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്ന് 40 ലക്ഷം രൂപ വിലയുള്ള സ്വർണം പിടികൂടി.

    തമിഴ്‌നാട് സ്വദേശി സെന്തിൽകുമാർ രാജേന്ദ്രന്റെ പക്കൽനിന്നാണ് 360 ഗ്രാം തൂക്കമുള്ള 14 മാലകളും മൂന്ന് ബ്രെയിസ് ലെറ്റുകളുമുൾപ്പെട്ട ആഭരണങ്ങൾ കസ്റ്റംസ് പ്രിവന്റീവിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തത്.

    ഇയാൾ ധരിച്ചിരുന്ന ജീൻസ് പാന്റ്സിന്റെ അടിവശത്തായി തുന്നിച്ചേർത്തനിലയിൽ ഒളിപ്പിച്ചിരുന്ന സ്വർണാഭരണങ്ങളാണ്‌ കണ്ടെടുത്തത്‌. രണ്ട് ജീൻസ് പാന്റ്‌സുകളാണ് ധരിച്ചിരുന്നത്. ഇവയിൽ ആദ്യത്തെ ജീൻസിന്റെ അടിയിലാണ് ഇവ തുന്നിച്ചേർത്തിരുന്നത്.

    കസ്റ്റംസ് പരിശോധനയ്ക്കെത്തിയപ്പോൾ സംശയത്തിന്റെ അടിസ്ഥാനത്തിൽ ഹാൻഡ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണത്തിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ ചോദ്യംചെയ്യലിൽ സ്വർണമുണ്ടെന്ന് ഇയാൾ സമ്മതിച്ചു. ഇവ മറ്റൊരാൾക്കാണു കൊണ്ടുവന്നതെന്നും അറിയിച്ചു.

  • തിരുവനന്തപുരത്തോട് വിട പറഞ്ഞ് ബ്രിട്ടീഷ് യുദ്ധവിമാനം

    തിരുവനന്തപുരത്തോട് വിട പറഞ്ഞ് ബ്രിട്ടീഷ് യുദ്ധവിമാനം

    തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35 അറ്റകുറ്റപ്പണി തീർന്ന് പറന്നുയർന്നു.

    ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറും പവർ യൂണിറ്റിലെ പ്രശ്നങ്ങളും ബ്രിട്ടനിൽ നിന്ന് എത്തിയ വിദഗ്ധസംഘം പരിഹരിച്ചു. യുദ്ധവിമാനം മടങ്ങിയതോ‌ടെ 14 അംഗ വിദഗ്ധസംഘവും തിരുവനന്തപുരത്തുനിന്ന് തിരികെ പോകും. കഴിഞ്ഞ ജൂൺ 14നാണ് F-35 അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്.

    അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ, ഇന്ധനക്കുറവുണ്ടായതിനെത്തുടർന്നാണ് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്. പിന്നീട് തകരാറുകൾ കണ്ടതോടെ മടക്കം പ്രതിസന്ധിയിലായി. പിന്നാലെയാണ് ബ്രിട്ടണിൽ നിന്ന് വിദഗ്ധസംഘം എത്തിയത്

  • തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം ഹാംഗറിലേക്ക് മാറ്റും

    തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം ഹാംഗറിലേക്ക് മാറ്റും

    തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം ഹാംഗറിലേക്ക് മാറ്റും.

    എയർ ഇന്ത്യയുടെ ഹാംഗറിലേക്കാകും അമേരിക്കൻ നിർമിത എഫ്-35 മാറ്റുക. വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി പ്രത്യേകസംഘം യുകെയിൽ നിന്ന് എത്തിയാലുടൻ വിമാനം ഹാംഗറിലേക്ക് മാറ്റുമെന്ന് ബ്രിട്ടീഷ് ഹൈ കമ്മീഷൻ വക്താവ്.ഇന്ത്യയുടെ എല്ലാ പിന്തുണയ്ക്കും നന്ദിയെന്നും പ്രതികരണം.

    തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുന്ന യുദ്ധവിമാനം എഫ്-35ബിക്ക് ഹാങ്ങർ സ്ഥലം നൽകാമെന്ന എയർ ഇന്ത്യയുടെ വാഗ്ദാനം ബ്രിട്ടീഷ് റോയൽ നേവി നേരത്തെ നിരസിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ തന്നെ തുടരാമെന്നാണ് ബ്രിട്ടീഷ് നേവി അറിയിച്ചിരുന്നത്.

  • തിരുവനന്തപുരത്ത് നിന്നും ക്വാലാലംപൂരിലേക്ക് മലേഷ്യ എയർലൈൻസ് അധിക സർവീസ് ആരംഭിച്ചു

    തിരുവനന്തപുരത്ത് നിന്നും ക്വാലാലംപൂരിലേക്ക് മലേഷ്യ എയർലൈൻസ് അധിക സർവീസ് ആരംഭിച്ചു

    തിരുവനന്തപുരം: ക്വാലാലംപൂരിലേക്ക് മലേഷ്യ എയർലൈൻസിന്റെ അധിക സർവീസ് ആരംഭിച്ചു. എല്ലാ ശനിയാഴ്ചകളിലുമാണ് പുതിയ സർവീസ്.

    തിങ്കൾ, ബുധൻ, വെള്ളി, ഞായർ സർവീസുകൾക്ക് പുറമേയാണ് ശനിയാഴ്ചത്തെ സർവീസ്. രാത്രി 12:30ന് തിരുവനന്തപുരത്ത് എത്തി 1:20ന് പുറപ്പെടും.

    തെക്ക്- കിഴക്കനേഷ്യൻ രാജ്യങ്ങൾക്കു പുറമെ ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കും ഈ സർവീസ് പ്രയോജനപ്പെടും.

  • തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

    തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

    തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട .10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വിദ്യാർഥികൾ പിടിയിൽ.

    ബാങ്കോക്കിൽ നിന്നും സിങ്കപ്പൂർ വഴി തിരുവനന്തപുരത്ത് എത്തിയ രണ്ട് വിദ്യാർത്ഥികളിൽ നിന്നാണ് 10 കോടി വലിമതിക്കുന്ന 10 കിലോ ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്.

    ബെംഗളൂരുവിലെ വിദ്യാർത്ഥികളായ 23 വയസ്സുള്ള യുവാവും, 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്.മലപ്പുറം സ്വദേശികളാണ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്.

    അവധിക്കാലം ആഘോഷിക്കാനായി പോയവർ കഞ്ചാവുമായി മടങ്ങിയെത്തുകയായിരുന്നു. പിടിയിലായ യുവാവ് ലഹരി സംഘത്തിലെ കണ്ണിയാണ്.

    ബെംഗളൂരുവിലും മംഗളൂരുവിലും വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കസ്റ്റംസ് അന്വേഷണത്തിലെ കണ്ടെത്തൽ. ബാഗുകളുടെ എക്സറേ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഇന്നലെ രാത്രിയിലെത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് വിശദമായി പരിശോധിച്ചത്.