തിരുവനന്തപുരം: നിർമ്മാണം അവസാനഘട്ടത്തിലായ കഴക്കൂട്ടം – കാരോട് ബൈപ്പാസ് നവംബറിൽ തുറന്നേക്കും.നിർമ്മാണം 85 ശതമാനത്തിലധികം പൂർത്തിയായ സ്ഥിതിക്ക് അപ്രതീക്ഷിത തടസങ്ങളൊന്നുമുണ്ടായില്ലെങ്കിൽ അടുത്തമാസം ഇതുവഴി വാഹനം ഓടിക്കാമെന്നാണ് കരാർ കമ്പനിയും ദേശീയപാത അതോറിട്ടിയും കരുതുന്നത്.
ബൈപ്പാസിന്റെ നിർമ്മാണപുരോഗതി വിലയിരുത്താൻ നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ച മന്ത്രി പി.എ. മുഹമ്മദ് റിയാസും നവംബറോടെ റോഡ് ഗതാഗതത്തിന് തുറന്ന് നൽകാമെന്ന് വെളിപ്പെടുത്തിയിരുന്നു. ദേശീയപാത അതോറിട്ടിയും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയവുമാണ് ഉദ്ഘാടന തീയതി തീരുമാനിക്കേണ്ടത്.കേന്ദ്രമന്ത്രി വി.മുരളീധരന്റെ നിർദേശം കൂടി മാനിച്ചാകും ഉദ്ഘാടനച്ചടങ്ങും തീയതിയും തീരുമാനിക്കുക. കൊവിഡ് ഉൾപ്പെടെ പലവിധ തടസങ്ങളാൽ നിർമ്മാണം നീണ്ടുപോയ സാഹചര്യത്തിൽ പണി പൂർത്തിയായാൽ ഉടൻ റോഡ് നാടിന് സമർപ്പിക്കാനാണ് സാദ്ധ്യത.
