പക്ഷിപ്പനിയുടെ എച്ച്3എൻ8 വകഭേദം മനുഷ്യനിൽ ആദ്യമായി കണ്ടെത്തിയതായി സ്ഥിരീകരിച്ച് ചൈന. ഹെനാൻ പ്രവിശ്യയിൽ താമസിക്കുന്ന നാല് വയസുകാരനിലാണ് രോഗം കണ്ടെത്തിയത്. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിക്കുകയായിരുന്നു.
പനിയും അനുബന്ധ രോഗങ്ങളുമായി ഈ മാസമാദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയിൽ നടത്തിയ പരിശോധനയിലാണ് എച്ച്3എൻ8 സ്ഥിരീകരിക്കുന്നത്. കുട്ടിയുടെ വീട്ടിൽ കോഴികളെ വളർത്തിയിരുന്നു. മാത്രമല്ല കാട്ടുതാറാവുകൾ ധാരാളമായി കണ്ടുവരുന്ന മേഖലയിലാണ് കുട്ടിയും കുടുംബവും താമസിക്കുന്നതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്റെ പ്രസ്താവനയിൽ പറയുന്നു.
