തിരുവനന്തപുരം: ഫയർഫോഴ്സിനായി വാങ്ങിയ 61 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കഴിഞ്ഞപ്പോൾ സെൻട്രൽ സ്റ്റേഡിയം ഉഴുതു മറിച്ച നിലം പോലെയായി. കായിക പരിശീലനം നടത്താൻ പോലും കഴിയാത്ത വിധം ചെളി നിറഞ്ഞിരിക്കുകയാണ് സ്റ്റേഡിയത്തിൽ. ശനിയാഴ്ചയാണ് ഫയർഫോഴ്സിനായി വാങ്ങിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. ഉദ്ഘാടനത്തിന് സ്ഥലം വിട്ടുനൽകണമെന്ന് ആദ്യം ആവശ്യപ്പെട്ടപ്പോൾ സ്പോർട്സ് കൗൺസിൽ നിരസിച്ചു. വാഹനങ്ങൾ കയറ്റി സ്റ്റേഡിയം തകരാറിലായാൽ നന്നാക്കാൻ അധികൃതരുടെ പുറകേ നടക്കേണ്ടി വരുമെന്ന മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ആവശ്യം നിരസിച്ചത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു.
മൂന്നു വാഹനങ്ങൾ മാത്രമേ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കൂവെന്ന നിബന്ധന അംഗീകരിച്ചാണ് ഉദ്ഘാടന ചടങ്ങ് നടത്താൻ സ്പോർട്സ് കൗൺസിൽ അനുമതി നൽകിയത്. ഇതിനിടെ കൗൺസിൽ അധികൃതരെ അറിയിക്കാതെ ഫയർഫോഴ്സ് 61 വാഹനങ്ങളും സ്റ്റേഡത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും ഫ്ലാഗ് ഓഫ് ചടങ്ങിനു പിന്നാലെ വാഹനങ്ങളുടെ പരേഡ് നടത്തുകയും ചെയ്തു. മഴയിൽ കുതിർന്നു കിടന്ന സ്റ്റേഡിയം ഇതോടെ ചെളിയിൽ മുങ്ങി.