തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിലവിലെ സാഹചര്യത്തിൽ ബസ് ചാർജ് വർധന അനിവാര്യമാണെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കേണ്ടതുണ്ട്. എന്തായാലും പൊതുജനാഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക എന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ ബസ് ചാർജ് വർധനവാണ് ബസുടമകൾ പ്രധാനമായി ഉന്നയിച്ചിരിക്കുന്ന ആവശ്യം. രണ്ട് രൂപ കൊടുക്കുന്നത് ഇപ്പോൾ വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണ്. അഞ്ച് രൂപ കൊടുത്തിട്ട് അവർ ബാക്കി വാങ്ങിക്കാറില്ലെന്നാണ് പറയുന്നത്. രണ്ട് രൂപ വിദ്യാർത്ഥികൾ കൊടുക്കുന്നത് 2012ലാണ് ആരംഭിച്ചത്. ഇപ്പോൾ പത്ത് വർഷം കഴിഞ്ഞു. രണ്ട് രൂപ കൊടുക്കുന്നത് വിദ്യാർത്ഥികൾക്ക് തന്നെ ഇപ്പോൾ മനഃപ്രയാസമുണ്ടാക്കുന്നുണ്ട്. വിദ്യാർത്ഥികളെ കയറ്റാത്ത ബസുകളുടെ പെർമിറ്റ് കട്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
