വിഴിഞ്ഞം: രേഖകൾ ഇല്ലാതെ മീൻപിടിത്തം നടത്തിയിരുന്ന ട്രോളർ ബോട്ടിനെ മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ പിടികൂടി. 15 തൊഴിലാളികളുമായി മീൻ പിടിക്കുകയായിരുന്ന കൊല്ലം സ്വദേശി ആന്റണിയുടെ റൊസാരിയോ ക്യൂൻ എന്ന ബോട്ടാണ് പിടിയിലായത്. തീരം ചേർന്ന് വലിയ ബോട്ടുകൾ വലയിടുന്നതായ വ്യാപക പരാതിയെ തുടർന്ന് മറൈൻ ആംബുലൻസിൽ ഇന്നലെ രാവിലെ പട്രോളിംഗിനിറങ്ങിയ ഉദ്യോഗസ്ഥരാണ് വലിയതുറ ഭാഗത്തെ ഉൾക്കടലിൽ നിന്ന് ബോട്ട് കസ്റ്റഡിയിലെടുത്തത്. 6 വർഷമായി ലൈസൻസ് ഇല്ലാതെയായിരുന്നു മത്സ്യബന്ധനം നടത്തിയിരുന്നത്. വിഴിഞ്ഞം തുറമുഖത്ത് കൊണ്ടുവന്ന ബോട്ടിനെതിരെ ഇന്ന് തുടർ നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
