അരുവിക്കരയിൽ വാവുബലി കാർഷിക- വ്യാവസായിക പ്രദർശനത്തിന് തുടക്കം

IMG-20220723-WA0026

 

അരുവിക്കര :കർക്കിടക വാവുബലിയോടനുബന്ധിച്ച് അരുവിക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കാർഷിക- വ്യാവസായിക പ്രദർശന മേള ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ബലി തർപ്പണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുള്ള വിപുലമായ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് ഉടനീളം നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഓണത്തെ വരവേൽക്കാനൊരുങ്ങുന്ന ജനങ്ങൾക്കൊപ്പം സർക്കാരും പങ്കാളിയാകുമെന്നും ഇതിനായി വിവിധ പദ്ധതികൾ ഒരുങ്ങുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അരുവിക്കര ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ ഗ്രാമശ്രീ അഗ്രി ബസാർ മന്ത്രി ഉദ്ഘാടനം ചെയ്തു.

 

 

ജൂലൈ 28 വരെ ഡാം സൈറ്റിലാണ് പ്രദർശന മേള സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സർക്കാർ- അർദ്ധസർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, നഴ്സറികൾ, കുടുംബശ്രീ ട്രേഡ് ഫെയർ സംരംഭങ്ങൾ എന്നിവരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വില്പനയും മേളയുടെ ഭാഗമായി ഉണ്ടാകും.66ഓളം സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. ആട്ടോമോട്ടീവ് എക്സിബിഷനും കുട്ടികൾക്കായുള്ള അമ്യൂസ്മെന്റ് പാർക്കും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്.

 

 

ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒന്നായ അരുവിക്കരയിൽ വിപുലമായ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. ബലി ദിവസം വെളുപ്പിന് 4 മണി മുതൽ ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കും. കഴിഞ്ഞ വർഷങ്ങളിൽ ബലി തർപ്പണണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ഇത്തവണ വലിയ തിരക്കുണ്ടാകാനുള്ള സാധ്യതയാണുള്ളത്. ഇത് കണക്കിലെടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഒരേ സമയം 500 പേർക്ക് വരെ ബലിയിടാൻ സാധിക്കുന്ന ക്രമീകരണങ്ങളാണ് നടത്തുന്നത്. ബലിമണ്ഡപം, ബലിക്കടവ് എന്നിവിടങ്ങളിലാണ് ചടങ്ങുകൾ നടക്കുക.അടിയന്തര സാഹചര്യം നേരിടാൻ പൊലീസ്, റവന്യൂ, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പുകളുടെ പ്രത്യേക കൺട്രോൾ റൂമുകളും പ്രവർത്തിക്കും.

വാവുബലി ബലിതർപ്പണ കൂപ്പൺ വിതരണവും ആരംഭിച്ചു. അരുവിക്കര ഡാം സൈറ്റിലെ സ്വാഗത സംഘം ആഫീസിൽ നിന്നും ബലിതർപ്പണ കൂപ്പണുകൾ 50 രൂപ നൽകി മുൻകൂറായി വാങ്ങാം.

 

അരുവിക്കര ഡാം ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജി സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരുന്നു. നെടുമങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. അമ്പിളി, അരുവിക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കളത്തറ മധു, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രതിനിധികൾ, സാമൂഹ്യ – രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!