അരുവിക്കര : അരുവിക്കര ഡാമിൻ്റെ റിസർവോയറുകൾ കാടുകയറി നശിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടും വാട്ടർ അതോറിറ്റി റിസർവോയറുകൾ ശുചീകരിക്കുന്നില്ലെന്ന് ആക്ഷേപം. യഥാസമയം സംരക്ഷണം ലഭിക്കാത്തതുകാരണം റിസർവോയറുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും പായലും പാഴ്‌ചെടികളും ചെളിയും നിറഞ്ഞു. ഇതോടെ ജലസംഭരണശേഷിയും കുറഞ്ഞിട്ടുണ്ട്. അരുവിക്കരയിലെ മുള്ളിലവൻമൂട്, വാഴവിള, പൊട്ടച്ചിറ, കുന്നംപള്ളിനട, കാഞ്ചിക്കാവിള, കാളിയാമൂഴി, വട്ടക്കണ്ണമൂല, മൈലമൂട് തുടങ്ങിയ പ്രദേശങ്ങളിലെ റിസർവോയറുകളാണ് അധികൃതരുടെ അനാസ്ഥമൂലം നശിച്ചുകൊണ്ടിരിക്കുന്നത്.
